/indian-express-malayalam/media/media_files/uploads/2019/01/Metro-Collector-1.jpg)
കൊച്ചി: കലൂരിൽ കൊച്ചി മെട്രോയുടെ പില്ലറിന് സമീപത്തായി റോഡിൽ രൂപപ്പെട്ട വിളളൽ പരിഹരിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊതുമരാമത്ത് വകുപ്പിനോടാണ് പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുളള നിർദ്ദേശം നൽകിയത്. മാസങ്ങൾക്ക് മുൻപ് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണപ്പോൾ വിളളൽ രൂപപ്പെട്ട അതേയിടത്താണ് വീണ്ടും വിളളൽ രൂപപ്പെട്ടത്.
റോഡിലെ മണ്ണ് താഴ്ന്നു പോയി ടൈലുകൾ ഇളകിയ നിലയിലാണ് ഇപ്പോള്‍. മണപ്പാട്ടിപ്പറമ്പ് സിഗ്നലിൽ നിന്നും കലൂരിലേക്കുളള പാതയിൽ മെട്രോ പില്ലർ 599 നും 600 നും ഇടയിലുളള ഭാഗത്തെ റോഡിൽ രൂപപ്പെട്ട വിളളലിലേക്ക് ടൈലുകൾ വീണുപോയ നിലയിലാണ്. ഇവിടെ മെട്രോയുടെ പില്ലറുകളുടെ തറ ഭാഗം ഉയർന്നും ഇതിനോട് ചേർന്ന് കിടക്കുന്ന ഭൂപ്രതലം താഴ്ന്നുമാണ് ഇരിക്കുന്നത്. ഇതുവഴിയുളള വാഹന ഗതാഗതത്തിന് ഏറെ വെല്ലുവിളി ഉയർത്തുന്നതാണ് ഇത്.
റോഡിലെ വിളളലുകൾ ശ്രദ്ധയിൽപെട്ടിട്ടും അധികൃതർ നിസംഗത കാട്ടുന്നതായി ചൂണ്ടിക്കാട്ടി ജനുവരി ആറിന് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടർ വിഷയത്തിൽ ഇടപെട്ടത്. "വാർത്ത ശ്രദ്ധയിൽപെട്ട ഉടൻ ഇക്കാര്യം പരിശോധിക്കാൻ നിർദ്ദേശം നൽകിയിരുന്നു. വിളളൽ രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇത് എത്രയും വേഗം പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്," കളക്ടർ മുഹമ്മദ് വൈ സഫീറുളള ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
കൊച്ചിയിൽ ഏറ്റവും തിരക്കേറിയ വാഹന ഗതാഗതം നടക്കുന്ന റോഡുകളിലൊന്നാണിത്. പകൽ സമയത്ത് മിനിറ്റുകൾക്കിടയിൽ നൂറ് കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. അതിൽ തന്നെ ഇരുചക്ര വാഹനങ്ങൾ മുതൽ ടൂറിസ്റ്റ് ബസുകൾ വരെയുണ്ട്. ഈ ഭാഗത്താണ് വലിയ വിളളലുകൾ കാണപ്പെട്ടിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.