Kerala Weather : തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മലബാര്‍ മേഖലയിലാണ് മഴയുടെ തീവ്രത കൂടുതല്‍. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ഇതുവരെ 12 ഡാമുകളാണ് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ അഞ്ച് ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.

പത്തനംതിട്ടയില്‍ മണിയാര്‍, ഇടുക്കിയില്‍ കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര, കല്ലാര്‍, ഇരട്ടയാര്‍, എറണാകുളത്ത് മലങ്കര, ഭൂതത്താന്‍കെട്ട്, തൃശൂര്‍ ജില്ലയില്‍ പെരിങ്ങല്‍ക്കുത്ത്, പാലക്കാട് മംഗലം, കാഞ്ഞിരംപുഴ, കോഴിക്കോട് കക്കയം എന്നീ ഡാമുകളാണ് ഇതുവരെ തുറന്നിരിക്കുന്നത്. പ്രദേശ വാസികള്‍ ജാഗ്രത പുലര്‍ത്തുക. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. വീടുകളില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടാല്‍ അനുസരിക്കണമെന്ന് ഭരണകൂടം നിര്‍ദേശം നല്‍കുന്നു.

അണക്കെട്ടുകളുടെ നില സദാ നിരീക്ഷിച്ചുവരികയാണ്. തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റർ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, എന്‍.ഡി.ആര്‍.എഫ് എന്നിങ്ങനെ വിവിധ സേനകളുടെ പ്രതിനിധികള്‍ സെന്ററിൽ തയ്യാറാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

ഇന്നു രാത്രിയും കനത്ത മഴ തുടരുകയാണെങ്കിൽ, നാളെ (9/8/2019) രാവിലെ 7 മണിക്ക് മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 20 cm വീതം ഉയർത്തി 35 ക്യുമെക്സ് വെള്ളം തുറന്നു വിട്ടേക്കും.റിസർവോയർ ലവൽ 192.60 ( FRL) ന് മുകളിൽ പോകാതെ നിയന്ത്രിക്കേണ്ടതുണ്ട്. അതിനാൽ ആങ്ങമുഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ 60 cm വരെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന ജലം 4 മണിക്കൂർ കൊണ്ട് ആങ്ങമൂഴിയിൽ എത്തും. കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Read Also: വയനാട് മേപ്പാടിയില്‍ വന്‍ ഉരുള്‍പ്പൊട്ടല്‍; നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്

കേരളത്തില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് ഒന്‍പത്-വെള്ളി) അവധി. പന്ത്രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇതുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട്, കാസർകോഡ് എന്നീ ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കണ്ണൂര്‍, കാലിക്കറ്റ് സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എംജി സർവകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. നാളെ നടത്താനിരുന്ന പിഎസ്​സി പരീക്ഷകള്‍ 30-ലേക്കു മാറ്റി.

നാളെ (വെള്ളിയാഴ്ച) നാല് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം,തൃശൂര്‍,പാലക്കാട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.