തൊടുപുഴ: ഇടമുറിയാതെ പെയ്യുന്ന കനത്തമഴയില്‍ പ്രധാനപ്പെട്ട ഡാമുകളുടെയെല്ലാം ജലശേഖരത്തില്‍ വന്‍ വര്‍ധന. കാല്‍നൂറ്റാണ്ടിനു ശേഷം വീണ്ടും ഇടുക്കി ഡാം തുറക്കേണ്ടി വരുമോയെന്ന ആശങ്കയിലാണിപ്പോള്‍ വൈദ്യുതി ബോര്‍ഡും സര്‍ക്കാരും. അതേ സമയം ഇത്രയും വെളളം ലഭിച്ചത് വൈദ്യുതോൽപ്പാദനത്തിന് സഹായകമാകുമെന്ന ആശ്വാസവും അവർക്കുണ്ട്.

സാധാരണയായി കാലവര്‍ഷം ശക്തമാകുന്ന ജൂണ്‍ -ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ ഇടുക്കി ഉള്‍പ്പടെയുള്ള ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതി ഉല്‍പ്പാദനം പരമാവധി കുറച്ച് ജലം കരുതല്‍ നിക്ഷേപമായി സൂക്ഷിക്കുകയായിരുന്നു പതിവെങ്കില്‍ ഇത്തവണ ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിച്ച് ഡാം തുറക്കേണ്ടി വരുന്ന സാഹചര്യം ഏതു വിധേനയും ഒഴിവാക്കാനാണ് വൈദ്യുതി വകുപ്പിന്റെ നീക്കം.

ശനിയാഴ്ച വൈകുന്നേരത്തെ കണക്കു പ്രകാരം ഇടുക്കി ഡാമില്‍ 2383.64 അടി വെള്ളമാണുള്ളത്. മൊത്തം സംഭരണ ശേഷിയുടെ 77.827 ശതമാനമാണിത്. 2403 അടിയാണ് ഡാമിന്റെ മൊത്തം സംഭരണ ശേഷി. കഴിഞ്ഞ വര്‍ഷം ഇതേസമയം 21.64 ശതമാനം മാത്രം വെള്ളമായിരുന്നു ഡാമിലുണ്ടായിരുന്നത്. ഇടുക്കി ഡാം കമ്മീഷന്‍ ചെയ്തതിനു ശേഷം ഇതിനു മുമ്പ് 1981-ലും 1992 ലും മാത്രമാണ് ഡാം തുറക്കേണ്ടി വന്നത്. 2013-ല്‍ കനത്തമഴയെത്തുടര്‍ന്ന് ഡാമില്‍ ജലനിരപ്പ് 2400.8 അടിവരെ ഉയര്‍ന്നെങ്കിലും വൈദ്യുതോല്‍പ്പാദനം പരമാവധി വര്‍ധിപ്പിച്ച് ഡാം തുറക്കുന്നത് ഒഴിവാക്കുകയായിരുന്നു വൈദ്യുതി വകുപ്പ് ചെയ്തത്. ഇത്തവണയും ഇതേ മാര്‍ഗമാണ് വൈദ്യുതി വകുപ്പ് ശ്രമിക്കുന്നത്.

ശനിയാഴ്ച മാത്രം ഇടുക്കിഡാം ഉള്‍പ്പെടുന്ന പദ്ധതി പ്രദേശത്ത് 4.26 സെമീ മഴ രേഖപ്പെടുത്തിയപ്പോള്‍ 44.307 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ വെള്ളം ലഭിച്ചു. 1671.728 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ശനിയാഴ്ചത്തെ കണക്കുപ്രകാരം ഡാമില്‍ മൊത്തം സംഭരിച്ചിട്ടുള്ളത്. ശനിയാഴ്ച മാത്രം മൂലമറ്റം വൈദ്യുതി നിലയത്തില്‍ ഉല്‍പ്പാദിപ്പിച്ചത് 10.046 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു. വെള്ളിയാഴ്ചയാകട്ടെ ഇത് എട്ടു മില്യണ്‍ യൂണിറ്റായിരുന്നു.

idukki dam

ഇടുക്കി ഡാം

ഇതിനിടെ ഡാമിലെ ജലശേഖരവും വേണ്ടി വന്നാല്‍ ഡാം തുറക്കുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഡാം സുരക്ഷാ അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. നിലവില്‍ അടിയന്തിരമായി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ വിലയിരുത്തിയത്. അതേസമയം ഡാം സേഫ്റ്റി അതോറിറ്റി വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. അതിനിടെ സംസ്ഥാനത്തെ മറ്റു 16 ഹൈഡല്‍ ഡാമുകളിലും ഇത്തവണ ജലശേഖരം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

മണ്‍സൂണ്‍ തുടങ്ങുന്നതിനു മുമ്പ് 23 ശതമാനമായിരുന്ന ജലശേഖരത്തിന്റെ അളവിലാണ് ഇപ്പോള്‍ വന്‍തോതിലുള്ള വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്. പമ്പ, കക്കി സംഭരണികളിലെ ജലശേഖരം 79 ശതമാനത്തിലെത്തിയപ്പോള്‍, ഷോളയാര്‍-89, ഇടമലയാര്‍-89, കുണ്ടള-47, മാട്ടുപ്പെട്ടി-75, കുറ്റ്യാടി-100, തരിയോട്-100, ആനയിറങ്കല്‍-26, പൊന്മുടി-97, നേര്യമംഗലം-97, ലോവര്‍പെരിയാര്‍-100 ശതമാനം എന്നിങ്ങനെയാണ് നിലവില്‍ പ്രധാനപ്പെട്ട ഹൈഡല്‍ ഡാമുകളിലെ ജലനിരപ്പ്. കനത്തമഴയില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞും ട്രാന്‍സ്‌ഫോര്‍മറുകളും വിതരണ ലൈനുകളും തകര്‍ന്നു വന്‍തോതില്‍ നഷ്ടമുണ്ടായെങ്കിലും ജലവൈദ്യുത പദ്ധതികളിലെ വന്‍തോതിലുള്ള കരുതല്‍ ജലശേഖരം വൈദ്യുതി ബോര്‍ഡിനു തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്.

Read More: മഴക്കെടുതിയിൽ വൈദ്യുതി ബോർഡിന് 25 കോടിയുടെ നഷ്ടം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.