കോട്ടയം: കോട്ടയം എസ് പി ഓഫീസില്‍ പരാതി കൊടുക്കാനെത്തിയ ദലിത് ഗവേഷക വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തു. എം ജി സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി ദീപ എം മോഹനെയാണ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് പൊലീസ് ദിപയെ അറസ്റ്റ് ചെയ്തത്. യൂണിവേഴ്‌സിറ്റി ലാബില്‍ അധ്യാപകന്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് ആരോപിച്ച് ദീപ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അധ്യാപകന്‍ നന്ദകുമാറിനെതിരെയുള്ള പരാതി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പരാതിയുമായി ദീപ വീണ്ടും പോലീസ് സ്‌റ്റേഷനിലെത്തിയത്. കേസ് പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് അട്ടിമറിച്ചു എന്നാരോപിച്ചാണ് ദീപ എസ്‌ പിയെ കണ്ട് പരാതി നൽകാൻ എത്തിയത്. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് പൊലീസ് അട്ടിമറിച്ചതെന്നും ആരോപണം ഉയർത്തിയിരുന്നു. മഹാത്മാ ഗാന്ധി സർവകലാശാലയിൽ രസതന്ത്രത്തിലാണ് ദീപ ഗവേഷണം നടത്തുന്നത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ തെറ്റായ വിവരം നല്‍കിയതാണ് കേസ് തള്ളുവാന്‍ കാരണമെന്നാണ് ദീപയുടെ ആരോപണം. അതിനാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും, ഡി.ജി.പി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ജില്ലാ പോലീസ് മേധാവിയെ കാണാന്‍ ദീപയെത്തിയത്. എന്നാല്‍ ഇതിനുള്ള അവസരം പോലിസ് നിഷേധിച്ചു .പ്ലക്കാര്‍ഡുമായി പുറത്ത് കാത്തുനിന്ന ദീപയെ വനിതാ പൊലീസുകാര്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ദീപ തന്നെ ഫെയ്‌സ്ബുക്ക് ലൈവ് വഴി പുറത്തുവിട്ടിരുന്നു. ദീപ മര്‍ദ്ദിച്ചെന്നാരോപിച്ച് വനിതാ പോലിസ് ഉദ്യോഗസ്ഥ കോട്ടയം ജില്ലാ ആശുപത്രയില്‍ ചികില്‍സ തേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ