പാലക്കാട്: ദലിത് സമുദായംഗമായ പൂജാരിക്ക് നേരെ വധശ്രമം. ശ്രീകൃഷ്ണപുരം മംഗലാംകുന്ന് സ്വദേശിയും മാതൃകുല ധര്‍മ രക്ഷാ ശ്രമത്തിലെ ആചാര്യനുമായ ബിജു നാരായണനെയാണ് കുത്തിക്കൊല്ലാന്‍ ശ്രമം നടന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ബിജു നാരായണന് നേരെ വധശ്രമം ഉണ്ടായത്. ഇയാളെ മാങ്കോട് കേരള മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരുക്കുകൾ ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇന്നു പുലര്‍ച്ചെയാണ് സംഭവം. ശബ്ദം കേട്ടുണര്‍ന്ന ബിജുവിന്റെ തോളിലും കൈയ്ക്കുമാണ് കുത്തേറ്റത്. ഡിസംബറില്‍ ദലിത് താന്ത്രികരുടെ കാര്‍മികത്വത്തില്‍ ഒരു മഹായാഗം സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ബിജു നാരായണൻ. എന്നാൽ ബിജുവിനെതിരെ വധഭീഷണി ഉണ്ടായിരുന്നു. ഇതിനെതിരെ ഫെയ്സ്ബുക്കിലൂടെയും ഫോണ്‍ വഴിയും ഭീഷണിയുണ്ടായിരുന്നു. ആര്‍എസ്എസ് ബന്ധമുള്ളവരാണെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ബിജുവിനെതിരെ ആസിഡ് ആക്രമണമുണ്ടായിരുന്നു. ദലിതുകള്‍ക്കായി വേദപഠന ക്ലാസുകള്‍ നടത്തിയതിനായിരുന്നു ആക്രമണം. നേരത്തെ നടന്ന ആസിഡ് ആക്രമണത്തിലെ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ