എറണാകുളം: അംബേദ്‌കര്‍ ദിനത്തില്‍ ജാതിമതിൽ പൊളിച്ച് ദളിത്‌  സംഘടനകളുടെ പ്രതിരോധം. ഇന്നലെ രാത്രിയോടെയാണ് കുന്നത്തുനാട് താലൂക്കിലെ ഐക്കരനാട് പഞ്ചായത്തില്‍ എന്‍ എസ് എസ് കയ്യേറിയെന്ന് ആരോപിക്കപ്പെട്ട പൊതുഭൂമിക്കു ചുറ്റും വളച്ചുകെട്ടിയ മതില്‍ പൊളിച്ചുമാറ്റിക്കൊണ്ട് ദളിത്‌ സംഘടനകള്‍ പ്രതിഷേധിച്ചത്.

1969ല്‍ രൂപീകരിച്ച മൂന്നു ദളിത്‌ കോളനികള്‍ ആണ് പ്രദേശത്തുള്ളത്. ഇപ്പോള്‍ വിവാദമായ ഒരു ഏക്കര്‍  ഭൂമി ഈ മൂന്നു കോളനികളും കാലങ്ങളായി പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്ന സ്ഥലമാണ്. എന്നാല്‍ ഈയടുത്ത്, ഭൂമിക്കു ചുറ്റും മതില്‍ ഉയര്‍ന്നു തുടങ്ങിയപ്പോഴാണ് ഇതില്‍ 95 സെന്‍റ ഭൂമിക്ക് എന്‍ എസ് എസ് കരയോഗം പട്ടയം കൈപറ്റുകയും കരം അടച്ചുകൊണ്ടിരിക്കുകയുമാണ് എന്ന് കോളനിവാസികള്‍ അറിയുന്നത്.

“1981ല്‍ ഉപാധികളോടെയാണ് എന്‍ എസ് എസ് ഈ ഭൂമിയുടെ പട്ടയം നേടിയെടുക്കുന്നത്. പ്രദേശം കോര്‍ട്ട് യാര്‍ഡായി നിലനിര്‍ത്തണം എന്നും സമീപവാസികളുടെ സൗകര്യങ്ങളെ ഒരു വിധേനയും ഹനിക്കാന്‍ പാടില്ല എന്നും ഈ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താന്‍ പാടില്ല എന്നുമുള്ള ഉപാധികളോടെയാണ് എന്‍ എസ് എസ്സിനു ഭൂമി ലഭിക്കുന്നത് ” സമരത്തിനു നേതൃത്വം കൊടുത്ത ദളിത്‌ ഭൂവവകാശ സമരസമിതിയിലെ ഐ ശശിധരന്‍ പറയുന്നു.

“മുപ്പത്തിയെട്ടു ദിവസം മുന്നേയാണ്‌ പൊതുഭൂമിക്കുചുറ്റും അവര്‍ മതില്‍ പണിഞ്ഞു തുടങ്ങുന്നത്. ഈ ഭൂമിയില്‍ മതില്‍കെട്ടുന്നത് നിയമവിരുദ്ധമാണ് എന്നുപറഞ്ഞു പ്രതിഷേധിച്ചത്തിനു സ്ത്രീകള്‍ അടക്കം പതിനാറു പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും നാലു മണിക്കൂറിന് ശേഷം മാത്രമാണ് അവരെ  ജാമ്യത്തില്‍ വിട്ടയച്ചതെന്നും ” ശശിധരന്‍ പറഞ്ഞു.

പ്രദേശത്തെ നായര്‍ സമുദായത്തിന്‍റെ ഇടയില്‍ നിന്നും ജാതിവിളിച്ച് ആക്ഷേപവും അയിത്തവും കാലങ്ങളായി തുടരുന്നുണ്ട് എന്നാണ് കോളനി വാസികള്‍ പറയുന്നു. ഇപ്പോള്‍ വിവാദമായിരിക്കുന്ന ഭൂമിയോടു ചേര്‍ന്നുതന്നെയാണ് എന്‍ എസ് എസിന്‍റെ ഭരണത്തിലുള്ള കോലഞ്ചേരി ഭജനമഠവും. മഠത്തിനു പരിസരത്തുകൂടെ “കാളനും കൂളനും കയറിയറങ്ങിയാല്‍ ദേവിക്ക് തീണ്ടാലാവും” എന്ന രീതിയില്‍ ജാതി ആക്ഷേപങ്ങള്‍ മഠത്തില്‍ നിന്നും പതിവാണ്. കോളനിവാസികള്‍ ശബരിമലയ്ക്കു മാലയിടുന്ന സമയത്ത് ദേവീ ക്ഷേത്രത്തില്‍ അയ്യപ്പന്മാരെ അനുവദിക്കാന്‍ പറ്റില്ല എന്നു പറഞ്ഞുകൊണ്ടും മഠം ക്ഷേത്രദർശാനാനുമതി നിഷേധിക്കുന്നത്  പതിവാണ് എന്നും കോളനി നിവാസികള്‍ ആരോപിക്കുന്നു.

മൂന്ന് ദളിത്‌ കോളനികളിലായി താമസിക്കുന്ന നൂറ്റിഎണ്‍പതോളം കുടുംബങ്ങള്‍ കാലങ്ങളായി തങ്ങളുടെ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഈ ഭൂമിയാണ്‌. തങ്ങളുടെ ആഘോഷങ്ങളും വിവാഹവും പൊതുപരിപാടികളുമൊക്കെ നടക്കുന്നത് ഈ ഭൂമിയില്‍ ആണെന്ന് കോളനി നിവാസികള്‍ പറയുന്നു. മുപ്പത്തിയെട്ടു ദിവസം മുന്നേ എന്‍ എസ് എസ് അവകാശവാദവുമായി വരികയും ചുറ്റു മതില്‍ കെട്ടുകയും ചെയ്തു തുടങ്ങിയപ്പോള്‍ മാത്രമാണ് തങ്ങളുടെ ഭൂമി കൈവിട്ടു പോയതായി കോളനിവാസികള്‍ അറിയുന്നത്. എന്‍ എസ് എസിന്‍റെ നേതൃത്വത്തില്‍ ചുറ്റുമതിലുകെട്ടാന്‍ ആരംഭിച്ച മുതല്‍ ‘ദളിത്‌ ഭൂവവകാശ സമരമുന്നണി’ക്കു രൂപം നല്‍കി സമരം നയിക്കുകയായിരുന്നു കോളനി നിവാസികള്‍.

സ്ഥലം എം എല്‍ എ യുമായും പഞ്ചായത്തുമായോക്കെ വിഷയത്തിൽ ഇടപെട്ടു ചർച്ച നടത്തിയെങ്കിലും  അതില്‍ കാര്യമായൊരു തീരുമാനത്തിലും എത്താന്‍ സാധിച്ചില്ല എന്നാണ് സമരസമിതിയുടെ പക്ഷം. “ഒരു തവണ സ്ഥലം സന്ദര്‍ശിച്ച മൂവാറ്റുപുഴ ആര്‍ഡിഒ രാമചന്ദ്രന്‍ നായര്‍, പന്ത്രണ്ടു മീറ്റര്‍ പടിഞ്ഞാറോട്ടും ഒന്നര മീറ്റര്‍ തെക്കോട്ടും 1.7 മീറ്റര്‍ ഉയരത്തിലും താത്കാലിക മതില്‍ കെട്ടാനുള്ള അനുമതി നല്‍കുകയാണ് ചെയ്തത്. ഈ താത്കാലികാനുമതി ചൂണ്ടിക്കാണിച്ചുകൊണ്ട് എന്‍ എസ് എസ് ഹൈകോടതിയില്‍ ചെല്ലുകയും അവിടെ നിന്നും അനുവാദം നേടിയെടുക്കുകയുമാണ് ചെയ്തത്.” ഐ ശശിധരന്‍ പറയുന്നു.

ഇന്നലെ, ‘ജാതിമതിലിനാല്‍ പുറത്താക്കപ്പെട്ട ജനത ജാതി ഉന്മൂലനത്തിനായി പൊരുതിയ ബി ആര്‍ അംബേദ്‌കറെ സ്മരിക്കുന്നു’ എന്നപേരില്‍ അംബേദ്‌കര്‍ അനുസ്മരണം നടത്തുമ്പോള്‍ ആരും തന്നെ മതില്‍ പൊളിച്ചുകളയണം എന്ന് കരുതിയിരുന്നില്ല. ഒന്നും തന്നെ ആസൂത്രണം ചെയ്തിരുന്നതല്ല. ജാതിമതില്‍ പൊളിച്ചുമാറ്റിക്കൊണ്ടു തന്നെയാണ് അംബേദ്‌കര്‍ സ്മരിക്കപ്പെടെണ്ടത് എന്ന തീരുമാനം പരിപാടിക്കിടയില്‍ തന്നെ രൂപപ്പെടുകയായിരുന്നു. “ഈ ജാതിമതില്‍ ഇവിടെ വേണോ?” എന്ന ചോദ്യത്തിനു പതിനഞ്ചുമിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ജനങ്ങള്‍ എല്ലാവരും ചേര്‍ന്ന് ജാതിമതില്‍ പൊളിച്ചു നീക്കുകയായിരുന്നു.

“ഈ കോളനിയില്‍ സ്വന്തമായിട്ട് ഭൂമിയില്ലാത്തവര്‍ ആണ് പലരും. ഇവിടെ എല്ലാവർക്കും സ്വന്തമായി ഭൂമി പതിച്ചുകൊടുക്കണം എന്ന് ഞങ്ങള്‍ പറയുന്നില്ല. നൂറ്റി എണ്‍പതോളം കോളനിവാസികള്‍ പൊതു ആവശ്യത്തിനുപയോഗിക്കുന്ന ഭൂമി എല്ലാ കണ്ടീഷന്‍സും ലംഘിച്ചാണ് കൊണ്ടാണ് എന്‍ എസ് എസ് സ്വന്തമാക്കുന്നത്. ഇതിന്റെ പട്ടയം റദ്ദാക്കി പൊതുഭൂമിയായി പ്രഖ്യാപിക്കുന്നതുവരെ സമിതി സമരം തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. “ദളിത്‌ ഭൂവകാശസമരസമിതിയുടെ തീരുമാനമെന്ന്  ശശിധരന്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ