മലപ്പുറം: ഫാഷിസത്തിനെതിരെ പോരാടാൻ മുസ്‌ലിങ്ങൾക്കൊപ്പം ദലിതർ കൈകോർക്കുകയും നേതൃത്വം നൽകുകയും ചെയ്യണമെന്ന് അഡ്വ പ്രകാശ് അംബേദ്ക്കർ . പ്ലാറ്റ്ഫോം ഫോർ ഇന്നവേറ്റീവ് തോട് സ് ആൻഡ് സോഷ്യൽ ആക്ഷൻ (പിറ്റ്സ ) സംഘടിപ്പിച്ച” ദലിത് മുസ്‌ലിം സാഹോദര്യം അതിജീവനം സംസ്കാരം രാഷ്ട്രീയം” എന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാരിപ്പ ബഹുജൻ മഹാസംഘ് ദേശീയ പ്രസിഡൻറും ഡോ. ബി.ആർ അംബേദ്ക്കറിന്റെ പേരക്കുട്ടിയുമാണ് പ്രകാശ് അംബേദ്കർ.
ഹിന്ദു മതത്തിന്റെ മറവിൽ ഹിന്ദുത്വത്തിൽ ജനങ്ങളെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ പുതിയ കാലത്ത് നടക്കുന്നു. പഴയ ജാതിയത തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുകയാണ്. ജനാധിപത്യത്തിലൂടെ തന്നെ അധികാരത്തിലെത്തി ഭരണഘടന തങ്ങൾ കരുതുന്ന ഇന്ത്യൻ സംസ്കാരത്തിലേക്ക് മാറ്റനാണ് അവർ ശ്രമിക്കുന്നത്. ഇപ്പോഴത്തേത് പാശ്ചാത്യ ഭരണഘടനയാണെന്നാണ് അവരുടെ പക്ഷം. ദലിതരും മുസ്‌ലിങ്ങളും പോരാടേണ്ടത് ഇന്ത്യൻ സംസ്കാരമെന്ന പേരിൽ അവർ അവതരിപ്പിക്കുന്ന ബ്രാഹ്മണ്യ സത്തിനെതിരെയാണ്, ബ്രാഹ്മണർക്കെതിരെയല്ലെന്നും പ്രകാശ് അംബേദ്ക്കർ വ്യക്തമാക്കി.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പരിപാടിയില്‍ അധ്യക്ഷനായിരുന്നു. ചെറു സ്കോളർഷിപ്പുകളല്ലാതെ പിന്നാക്ക ന്യൂനപക്ഷ മുന്നേറ്റത്തിനായുള്ള കമീഷൻ റീപ്പോർട്ടുകളൊന്നും നടപ്പാക്കപ്പെട്ടിട്ടില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എം പി പറഞ്ഞു. പിറ്റ്സ പുറത്തിറക്കിയ അതിജീവനം ആദിവാസി ദലിത് ബഹുജന സമൂഹ പാഠങ്ങൾ പുസ്തകം പ്രഫ. അഞ്ജലി മെയ് ദേയോ പ്രകാശനം ചെയ്തു. ഡോ. സുബൈർ ഹുദവി ഏറ്റുവാങ്ങി. കെ.കെ കൊച്ച്, കെ.കുട്ടി അഹമ്മദ് കുട്ടി, ശ്രീരാഗ് പൊയ്ക്കാട്, ആശിഖ് റസൂൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചു.
ഭൂമി വിഭവം അതിജീവനം സെഷനിൽ എക്സസ് മേഖല സംവരണ പ്രക്ഷോഭ സമിതി കൺവീനർ ഒ.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ സജീവൻ, എം ആർ സുദേഷ്, ഡോ.ടി മുഹമ്മദലി , മായ പ്രമോദ് ഷാഹിന മോർ എ.കെ ,ഷഹദ് ബിൻ അലി എന്നിവർ സംസാരിച്ചു.