കൊച്ചി: പട്ടിക ജാതി- പട്ടിക വർഗ (പീഡന നിരോധന) നിയമം ദുർബലപ്പെടുത്തിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത കേരള ഹർത്താല്‍ തെക്കന്‍ ജില്ലകളില്‍ പൂര്‍ണം. പല ജില്ലകളിലും കെഎസ്ആർടിസി സർവ്വീസുകള്‍ മുടങ്ങി. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. ആദിവാസി ഗോത്ര മഹാസഭാ നേതാവ് ഗീതാനന്ദന് ഉള്‍പ്പടെ അറുപതോളം ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു.
എറണാകുളത്തും തൃശൂരിലും ഹര്‍ത്താല്‍ ഭാഗികമായി തുടരുമ്പോള്‍ വടക്കന്‍ ജില്ലകളില്‍ ഹര്‍ത്താലിന് സമ്മിശ്രപ്രതികരണമാണ്. ഇന്ന് നടക്കാനിരുന്ന സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എറണാകുളം നഗരത്തിൽ ചില സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ പെരുമ്പാവൂർ അടക്കമുളള കിഴക്കൻ പ്രദേശങ്ങളിൽ ഹർത്താൽ അനുകൂല പ്രതീതിയാണ് നിലനിൽക്കുന്നത്.
പട്ടിക ജാതി- പട്ടിക വർഗ (പീഡന നിരോധന) നിയമം പുനഃസ്ഥാപിക്കുക എന്നതാണ് ദലിത് ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ പ്രധാന ആവശ്യം. ദേശീയ തലത്തിൽ ഇതേ വിഷയത്തിൽ നടന്ന ഭാരത് ബന്ദ് ആക്രമാസക്തമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി നടന്ന പൊലീസ് വെടിവയ്പുകളിലായി പത്ത് ദലിതർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഭാരത് ബന്ദിനിടെ നടന്ന അതിക്രമങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ദലിത് ഐക്യവേദി ആവശ്യപ്പെടുന്നു. രാവിലെ ആറ് മണിക്കാണ് ഹർത്താൽ ആരംഭിച്ചത്.

ഹർത്താലിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വാഹനങ്ങൾ തടയാനുളള ശ്രമം ഉണ്ടായി. കൊച്ചിയിൽ വാഹനം തടയാൻ ശ്രമിച്ചെന്ന് ആരോപിച്ച് സമര നേതാക്കളായ എം.ഗീതാനന്ദന്, സി.എസ്.മുരളി, പി.ജെ.മാനുവല്‍, വി.സി.ജെന്നി, ജോയ് പാവേല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം തടഞ്ഞില്ലെന്നും പൊലീസ് അകാരണമായി തങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദൻ ആരോപിച്ചു. അതേസമയം പൊലീസ് അറസ്റ്റ് ചെയ്ത വി.സി.ജെന്നിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും പൊലീസ് ചികിത്സ നിഷേധിക്കുന്നതായി ഹര്‍ത്താല്‍ അനുകൂലികള്‍ ആരോപിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് നെഞ്ച് വേദന അനുഭവപ്പെട്ട ജെന്നിക്ക് ചികിത്സ ലഭ്യമാക്കിയത്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ ചെന്നവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടയത്ത് വിവിധ ദലിത് സംഘടനകളുടെ മാര്‍ച്ച്
ആലപ്പുഴയിൽ വാഹനം തടഞ്ഞ 11 പേരെ അറസ്റ്റ് ചെയ്തു. കൊല്ലത്ത് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസിന് നേർക്ക് പ്രതിഷേധക്കാർ കല്ലെറിഞ്ഞു. കാസർകോട് വാഹനം തടഞ്ഞ 10 പേരും കോഴിക്കോട് നാല് പേരും കസ്റ്റഡിയിലാണ്. ഇതിന് പുറമേ കണ്ണൂരിൽ പുതിയെ തെരുവിലായിരുന്നു രാവിലെ പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞത്. പിന്നീട് ഈ പ്രതിഷേധം പിന്നീട് കണ്ണൂരിലേക്ക് മാറ്റി. കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സിനടിയില്‍ കിടന്നായിരുന്നു ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധം. എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറുണ്ടായി.

തൃശൂരിൽ വലപ്പാട് വച്ച് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസിന് നേർക്ക് കല്ലേറുണ്ടായി. ഇതിൽ ഡ്രൈവർക്ക് പരുക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവ്വീസ് പൂർണമായും തടസപ്പെട്ടു.

ഭൂഅധികാര സംരക്ഷണ സമിതി, കെ.പി.എം.എസ്സ്, ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആർ.എം, സി.എസ്.ഡി.എസ്, കേരള ദലിത് മഹാസഭ, ദലിത്-ആദിവാസി മുന്നേറ്റ സമിതി, ഡി.സി.യു.എഫ്, ബി.എസ്.പി, ആർ.എം.പി, എൻ.ഡി.എൽ.എഫ്, എ.കെ.സി.എച്ച്് എം.എസ്, എൻ.എ.ഡി.ഒ, കെ.ഡി.എഫ്, കെ.എ.ഡി.എഫ്, ആദിജനമഹാസഭ, എെ.ഡി.എഫ്, കൊടുങ്ങൂർ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലൻമഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പഭൂസമരസമിതി, സിറ്റിസൺസ് ഫോറം, സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ, എസ്സ്.സി/എസ്സ്.ടി കോ-ഒാർഡിനേഷൻ കമ്മിറ്റി – പാലക്കാട്, എസ്.സ്സി/എസ്സ്.ടി കോ-ഒാർഡിനേഷൻ കമ്മിറ്റി-കാസർഗോഡ്, മലവേട്ടുവ സമുദായ സംഘം-കാസർഗോഡ്, ഡി.എസ്സ്.എസ്സ്, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, കേരള ചേരമർ സംഘം, എൻ.സി.എച്ച്.ആർ.ഒ, പൊമ്പിളൈ ഒരുമൈ, സോഷ്യൽ ലിബറേഷൻ ഫ്രണ്ട്, പെണ്‍കൂട്ട്, അന്വേഷി, സാംബവർ മഹാസഭ തുടങ്ങിയ സംഘടനകളാണ് നിലവില്‍ ഹര്‍ത്താല്‍ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. യൂത്ത് ലീഗും, യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി എന്നിവര്‍ ഇന്നലെ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കോട്ടയത്ത് നടന്ന പ്രതിഷേധം
ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച കേരളാ ബന്ദിനിടയില്‍ ദലിത് സമരനേതാക്കളെ അറസ്റ്റ് ചെയ്ത നടപടി തരംതാണതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെയടക്കമുള്ളവരെ വിട്ടയക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃശൂരില്‍ നടന്ന പ്രതിഷേധമാര്‍ച്ച്
ദലിത് സംഘടനകളുടെ ആവശ്യത്തോട് ഐക്യപ്പെട്ടുകൊണ്ട് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന നിരാഹാരസമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി.
Joined @INCIndia leader AK Antony as he commences a day-long fast in solidarity w/ the Dalit cause with a rousing speech at KPCC headquarters. Party leaders in full strength despite today’s hartal. pic.twitter.com/HABpnRjyW4
— Shashi Tharoor (@ShashiTharoor) April 9, 2018
നേരത്തെ തന്നെ ഇന്ന് നടക്കാനിരുന്ന കൊച്ചിന് സര്‍വ്വകലാശാല, എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ദലിത് സംഘടനകളുടെ ഹർത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന് ബസ് ഉടമകളും ഒരു വിഭാഗം വ്യാപാരികളും തീരുമാനിച്ചിരുന്നുവെങ്കിലും ബസുകൾ നിരത്തിലിറക്കിയാൽ കത്തിക്കുമെന്ന ഗീതാനന്ദന്റെ പ്രഖ്യാപനത്തോടെ സംസ്ഥാന ആഭ്യന്തര വകുപ്പ് കനത്ത ജാഗ്രതയിലാണ്. പല സ്ഥലത്തും പൊലീസ് ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്തു നീക്കി.

അതേസമയം ഹർത്താൽ നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ദലിത് പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു. ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് പരക്കെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് കാനം രാജേന്ദ്രന്റെ പ്രതികരണം.
അതിനിടയില്‍ ഗീതാനന്ദന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ വൈകീട്ട് അഞ്ച് മണിക്ക് എറണാകുളം നോര്‍ത്ത് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ചു.