തിരുവനന്തപുരം: പട്ടിക ജാതി- പട്ടിക വർഗ (പീഡന നിരോധന) നിയമം ദുർബലപ്പെടുത്തിയ സുപ്രീം കോടതി വിധിയിലും ദലിതര്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് വിവിധ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത കേരള ഹർത്താല്‍ പൂര്‍ണം. മുഖ്യധാരയില്‍ പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ദലിത് ഐക്യവേദിയെന്ന പേരില്‍ വിവിധ ദലിത് – ബഹുജന്‍ സംഘടനകളും ജനാധിപത്യ- മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. ഇന്നലെ വൈകിട്ടോടെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും സമരത്തിന് പിന്തുണ അറിയിക്കുകയുണ്ടായി. ഇന്ന് ഹര്‍ത്താല്‍ ആരംഭിച്ചതോടെ കോണ്‍ഗ്രസും മുസ്‌ലിം ലീഗും പിന്തുണ അറിയിച്ചുകൊണ്ട് മുന്നോട്ടുവന്നു.

തെക്കന്‍ ജില്ലകളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. തലസ്ഥാനത്തടക്കം കെഎസ്ആര്‍ടിസി ബസ് സേവനങ്ങള്‍ മുടങ്ങി. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ആറ്റിങ്ങല്‍, ശ്രീകാര്യം എന്നിവിടങ്ങളില്‍ ചെറിയ സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇന്നലെവരെ ഹര്‍ത്താലിന് പിന്തുണ നല്‍കാതിരുന്ന കോണ്‍ഗ്രസ് ദലിത് സംഘടനകളുടെ ആവശ്യത്തോട് ഐക്യപ്പെട്ടുകൊണ്ട് ഇന്ന് കെപിസിസി ആസ്ഥാനത്ത് നിരാഹാരസമരം സംഘടിപ്പിക്കുകയുണ്ടായി.

കോട്ടയത്ത് നടന്ന ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും ബസ് ഓടിക്കുമെന്ന് ബസ് ഓണര്‍മാരുടെ സംഘടനകളും നേരത്തെ അറിയിച്ചിരുന്നു എങ്കിലും കോട്ടയത്ത് ബസുകള്‍ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വിവിധ ദലിത്- ബഹുജന്‍ സംഘടനകളും ജനാധിപത്യ- മനുഷ്യാവകാശ പ്രവര്‍ത്തകരും സംയുക്തമായി കോട്ടയം നഗരത്തില്‍ പ്രകടനം നടത്തി. ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.

ആലപ്പുഴയില്‍ രാവിലെ ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും പത്ത് മണിയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിച്ചെത്തുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. മാവേലിക്കരയില്‍ ദലിത് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

എറണാകുളത്ത് നഗര പ്രദേശത്തെ ഹര്‍ത്താല്‍ സാരമായി ബാധിച്ചില്ല. ഹൈക്കോടതി ജംങ്ഷനില്‍ വച്ച് വാഹനം തടയാൻ ശ്രമിച്ചെന്ന് ആരോപിച്ച് സമര നേതാക്കളായ എം.ഗീതാനന്ദന്‍, സി.എസ്.മുരളി, പി.ജെ.മാനുവല്‍, വി.സി.ജെന്നി, ജോയ് പാവേല്‍, അഭിലാഷ് പടച്ചേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം തടഞ്ഞിട്ടില്ലെന്നും പൊലീസ് അകാരണമായി തങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദൻ ആരോപിച്ചു. അറസ്റ്റ് വരിച്ച വി.സി.ജെന്നിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും പൊലീസ് ചികിത്സ നിഷേധിക്കുന്നതായി നേതാക്കള്‍ ആരോപിച്ചു. നെഞ്ച് വേദന അനുഭവപ്പെട്ട ജെന്നിക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് ചികിത്സ ലഭിച്ചത് എന്ന് ആരോപണമുണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ട പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ ചെന്നവരേയും പൊലീസ് കസ്റ്റഡിയിലെടുത്തതായി ഹര്‍ത്താല്‍ അനുകൂലികള്‍ ആരോപിച്ചു.

എറണാകുളം ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. വൈപ്പിന്‍, പനങ്ങാട്, വല്ലാര്‍പ്പാടം, ചെറായി, പുതുവൈപ്പ്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകള്‍ ഒന്നും ഓടിയില്ല. കെഎസ്ആര്‍ടിസി ബസുകള്‍ പത്തുമണി വരെ സര്‍വീസ് നടത്തിയെങ്കിലും പിന്നീട് ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തടഞ്ഞു.

പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണമായിരുന്നു. ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. തിരുവല്ലയില്‍ വച്ച് ബിജെപി എംപി സുരേഷ് ഗോപിയുടെ വാഹനവും തടഞ്ഞു.

തൃശൂര്‍ നാട്ടികയില്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഉദ്ഘാടനം ചെയ്യാന്‍ ചെന്ന ഗീതാ ഗോപി എംഎല്‍എയെ സമരക്കാര്‍ തടഞ്ഞു. ദലിത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് ഗീതാ ഗോപിയെ തടഞ്ഞത്.

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി ഊര് മൂപ്പന്മാരുടെ നേതൃത്വത്തിലാണ് ബന്ദ് പുരോഗമിച്ചത്. ഹര്‍ത്താല്‍ പൂര്‍ണമായിരുന്ന ജില്ലയില്‍ കെഎസ്ആര്‍ടിസിയോ സ്വകാര്യ ബസുകളോ സര്‍വീസ് നടത്തിയില്ല. മലപ്പുറത്ത് പൊന്നാനിയിലും കൊണ്ടോട്ടിയിലും യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കടകള്‍ അടപ്പിച്ചു.

ഹര്‍ത്താല്‍ പൂര്‍ണമായ തൃശൂരില്‍ വിവിധ ദലിത്- ബഹുജന്‍ സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. സമര പ്രവര്‍ത്തകര്‍ ബസുകള്‍ തടയുകയും കടയടപ്പിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയുടെ നഗര പ്രദേശത്ത് ബസുകള്‍ ഓടിയപ്പോള്‍ ഗ്രാമ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.സിപിഎം.സിപിഐ, ആർഎംപി പാർട്ടികള്‍ക്ക് സ്വാധീനമുള്ള വടകര മേഖലയിലും ഹർത്താല്‍ ശക്മായിരുന്നു. എന്‍ബി കുഞ്ഞിക്കണ്ണന്‍, സ്റ്റാലിന്‍, ശ്രേയസ് കുമാർ, ബാബു തുടങ്ങിയ, വിവിധ സംഘടനകളുടെ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരുമായ 26ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്തും കണ്ണൂരിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ച ദലിത് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതിന് പിന്നാലെ മുസ്‌ലിം ലീഗ്, മുസ്‌ലിം യൂത്ത് ലീഗ് എന്നീ സംഘടനകള്‍ കടകള്‍ അടപ്പിച്ചു.

ആലപ്പുഴയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കാല്‍നടയാത്രക്കാര്‍ക്ക് നാരങ്ങവെള്ളം നല്‍കുന്നു

വിവിധ ദലിത്- ബഹുജന- സാംസ്കാരിക സംഘടനകള്‍ ഹര്‍ത്താലിനോടൊപ്പം നിന്ന കാസര്‍ഗോഡ്‌ ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണമായിരുന്നു. ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍, കേരള ദലിത് മഹാസഭ പ്രസിഡന്റ് സി.എസ്.മുരളി, സിപിഐഎംഎല്‍ റെഡ് സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം.ദാസന്‍ എന്നിവരടക്കം നൂറോളംപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭൂഅധികാര സംരക്ഷണ സമിതി, കെപിഎംഎസ്, ആദിവാസി ഗോത്രമഹാസഭ, ഡിഎച്ച്ആർഎം, സിഎസ്ഡിഎസ്, കേരള ദലിത് മഹാസഭ, ദലിത്-ആദിവാസി മുന്നേറ്റ സമിതി, ഡിസിയുഎഫ്, ബിഎസ്‌പി, ആർഎംപി, എൻഡിഎൽഎഫ്, എകെസിഎച്ച്എംഎസ്, എൻഎഡിഒ, കെഡിഎഫ്, കെഎഡിഎഫ്, ആദിജനമഹാസഭ, കൊടുങ്ങൂർ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലൻമഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പഭൂസമരസമിതി, സിറ്റിസൺസ് ഫോറം, സിപിഐ (എംഎൽ) റെഡ് സ്റ്റാർ, എസ്‌സി/എസ്ടി കോ-ഓർഡിനേഷൻ കമ്മിറ്റി – പാലക്കാട്, എസ്‌സി/എസ്ടി കോ-ഓർഡിനേഷൻ കമ്മിറ്റി-കാസർഗോഡ്, മലവേട്ടുവ സമുദായ സംഘം-കാസർഗോഡ്, ഡിഎസ്എസ്, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, കേരള ചേരമർ സംഘം, എൻസിഎച്ച്ആർഒ, പൊമ്പിളൈ ഒരുമൈ, സോഷ്യൽ ലിബറേഷൻ ഫ്രണ്ട്, പെണ്‍കൂട്ട്, അന്വേഷി, സാംബവർ മഹാസഭ എന്നീ സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

യൂത്ത് ലീഗും, യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി എന്നിവര്‍ ഇന്നലെ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഭരണകക്ഷികള്‍ ആരും തന്നെ ഹര്‍ത്താലിന് ഔദ്യോഗികമായി പിന്തുണ നകിയില്ല. എന്നാല്‍ ഹർത്താൽ നടത്താൻ എല്ലാവർക്കും അവകാശമുണ്ട് എന്നായിരുന്നു​ സിപിഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പിന്നീട് പ്രതികരിച്ചത്. ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് പരക്കെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് കാനം രാജേന്ദ്രന്റെ പ്രതികരണം. ദലിത്​ പ്രശ്​നങ്ങൾ കണ്ടില്ലെന്ന്​ നടിക്കാനാകില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരായ മുദ്രാവാക്യമാണ്‌ ഹര്‍ത്താലിനോടനുബന്ധിച്ചുള്ള പ്രതിഷേധങ്ങളില്‍ കൂടുതല്‍ മുഴച്ചുനിന്നത്. എന്നാല്‍ തങ്ങള്‍ ഹര്‍ത്താലിനോട്‌ ഐക്യദാര്‍ഢ്യപ്പെടുന്നു എന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.