scorecardresearch
Latest News

വടയമ്പാടിയിൽ ആത്മാഭിമാന കൺവെൻഷന് എത്തിയവരെ അറസ്റ്റ് ചെയ്തു, മാധ്യമപ്രവർത്തകർക്ക് നേരെ സമരവിരുദ്ധരുടെ അക്രമം

ജാതിമതിലിനെതിരെ സമരം ചെയ്യാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി, ഇവർക്കെതിരെ ആക്രമണോത്സുകരായി എത്തിയവരെ പൊലീസ് സംരക്ഷിച്ചുവെന്നും പരാതി. മാധ്യമപ്രവർത്തകരെ ആക്രമിച്ച സമരവിരുദ്ധരെ പൊലീസ് സംരക്ഷിക്കുകായിരുന്നു

വടയമ്പാടി(എറണാകുളം): വടയമ്പാടി ഭജനമഠത്തെ പൊതുസ്ഥലം മതിൽ കെട്ടി അടച്ചതിനെതിരെ ദലിത് സംഘടനകൾ നടത്തിയ ആത്മാഭിമാന കൺവെൻഷന് എത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സമരക്കാർക്കെതിരെ രംഗത്ത് സംഘടിച്ചെത്തിയ സംഘപരിവാർ പ്രവർത്തകരെ സംരക്ഷിച്ചുകൊണ്ടാണ് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇരുവിഭാഗത്തിനും പൊലീസിന്റെ അനുമതിയില്ലായിരുന്നുവെങ്കിലും നേരത്തെ കൺവെൻഷൻ പ്രഖ്യാപിച്ചവരെ അറസ്റ്റ് ചെയ്തു നീക്കുകയും അതിനെതിരെ രംഗത്തെത്തിയവരെ സംരക്ഷിക്കുകയും ചെയ്യുകയാണ് പൊലീസ് ഉണ്ടായത്.

വടയമ്പാടിയിൽ ആത്മാഭിമാന കൺവെൻഷനിൽ പങ്കെടുക്കാനെത്തിയവർക്കെതിരെ സംഘപരിവാറുകാർ കൂട്ടം കൂടി പ്രകോപനപരമായ  മുദ്രാവാക്യം വിളിക്കുകയും അധിക്ഷേപം ചൊരിയുകയും ചെയ്തു. സംഘപരിവാറിന്രെ അധിക്ഷേപകരവും ആക്രമണോത്സുകവുമായ മുദ്രാവാക്യത്തെ പ്രതിരോധിച്ചാണ് ദലിത് പ്രവർത്തകർ കവിതയും പാട്ടും മുദ്രാവാക്യവും ആരംഭിച്ചത്. ഇതോടെ പൊലീസ് ദലിത് പ്രവർത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. എന്നാൽ അധിക്ഷേപകരവും പ്രകോപനപരവുമായ മുദ്രാവാക്യം വിളിച്ച സംഘപരിവാർ സംഘടനക്കാരെ പൊലീസ് സംരക്ഷിക്കുകയും ചെയ്തു.  ഏതാനും ദിവസം മുമ്പ് ദലിത് സമരത്തെ മാവോയിസ്റ്റ് സമരമാണെന്ന് മുദ്രകുത്തി ഹിന്ദു ഐക്യവേദിയുടെ പേരിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. നേരത്തെ രണ്ട് മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തപ്പോൾ പൊലീസ് ഇതേ മാവോയിസ്റ്റ് മുദ്രയാണ് കുത്തിയത്. അന്ന് അഭിലാഷ്, അനന്തു എന്നീ മാധ്യമ പ്രവർത്തകർക്കെതിരെ  നിരവധി ആരോപണങ്ങൾ പൊലീസ് മാധ്യമ പ്രവർത്തകരോട് ഉന്നയിക്കുകയും ചെയ്തിരുന്നു.

വടയമ്പാടയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് സമരക്കാർ ഐഇ മലയാളത്തോട് പറഞ്ഞു. ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും പൊലീസും ഹിന്ദുത്വ വർഗിയ വാദികൾക്കൊപ്പം നിന്ന് ദലിത് ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും അടിച്ചമർത്തുകയും ചെയ്യുന്നതിന്രെ തെളിവാണ് വടയമ്പാടിയിൽ നടന്നതെന്ന് അവർ കുറ്റപ്പെടുത്തി. നിരോധനാജ്ഞ ലംഘിച്ചതാണെങ്കിൽ അക്രമിക്കാനെത്തിയ ഹിന്ദുത്വ വർഗീയ വാദികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്നും അവർ ചോദിക്കുന്നു. ഏകപക്ഷീയമായി വർഗീയ വാദികളെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി പൊതുസ്ഥലം കൈയേറി ജാതിമതിൽ കെട്ടിയവരെയും സംരക്ഷിക്കുയാണ് സർക്കാരും പൊലീസുമെന്ന് അവർ പറഞ്ഞു.

ദലിത് ചിന്തകരായ കെ. കെ. കൊച്ച്, കെ. എം സലിംകുമാർ, സി എസ് മുരളി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്രെ പ്രവർത്തകനായ തുഷാർ നിർമ്മൽ സാരഥി, സുജാ ഭാരതി,അയ്യപ്പൻ കുട്ടി, പി.ജെ. മാനുവൽ, വി. സി.ജെന്നി, പ്രശാന്ത് എ ബി, ലിൻഡ, ഷൺമുഖൻ ഇടിയത്തേരിൽ, ശ്രീ ശ്രീകാന്ത്, സ്വപ്നേഷ് ബാബു, മൃദുല ദേവി,ധന്യ മാധവ്,
എന്നിവരുൾപ്പടെയുളളവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൂൾ ന്യൂസ്, സൗത്ത് ലൈവ് എന്നീ ഓൺ ലൈൻ മാധ്യമങ്ങളുടെ റിപ്പോർട്ടർമാരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.  വനിതാ മാധ്യമ പ്രവർത്തകരടക്കമുളളവരെയാണ് പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒരുമണിയോടെ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ കസറ്റഡിയിലെടുത്തവരെ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ രാമമംഗലം, മുളന്തുരുത്തി പൊലീസ് സ്റ്റേഷനുകളിൽ കൊണ്ടോപോയവരുടെ കാര്യത്തിൽ ഇതുവരെ  തീരുമാനമായിട്ടില്ല. പൊലീസ് സ്റ്റേഷന് മുന്നിൽ  കവിതകൾ ആലപിച്ചും പാട്ടുപാടിയും സമരക്കാർ പ്രതിഷേധിക്കുന്നു.

പൊലീസ് ഭൂ സംരക്ഷണ സമിതി പ്രവർത്തകർ ഉൾപ്പടെയുളളവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം സമരത്തിനെതിരെ രംഗത്തെത്തിയവർ മാധ്യമപ്രവർത്തകരെ പൊലീസിന്റെ മുന്നിൽ വച്ച് ആക്രമിച്ചു. ഇന്ത്യൻ എക്സ്‌പ്രസ്സ്  മലയാളത്തിന്റെ ജീവൻ റാം, മീഡിയാ വണ്ണിലെ ശ്രീജിത്ത്, സൗത്ത് ലൈവിലെ അലക്സ്, തേജസ്സിലെ ഫൊട്ടോഗ്രാഫർ ഷിയാമി എന്നിവരെ കൈയ്യേറ്റം ചെയ്യുകയും ക്യാമറയും ഫോണും നശിപ്പിക്കാനും ശ്രമിച്ചു. പൊലീസ് അക്രമികളെ പിന്തുണച്ച് നിസ്സംഗത പാലിക്കകുയായിരുന്നു എന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞു. പൊലീസിനോട് മാധ്യമ പ്രവർത്തകരാണ് എന്ന് പറഞ്ഞുവെങ്കിലും പൊലീസ് അക്രമികളെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

സ്റ്റേഷനുളളിലും പ്രതിഷേധം പുത്തൻകുരിശ് സ്റ്റേഷനിൽ ദലിത് ആത്മാഭിമാന കൺവെൻഷന് എത്തിയവർ പ്രതിഷേധിക്കുന്നു. സമരത്തിനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്ത പൊതുപ്രവർത്തകനായ ഡോ. പിജി ഹരിയെ പൊലീസ് വലിച്ചിഴച്ച്  മാറ്റി. അറസ്റ്റ് ചെയ്തതിൽ ഒരുവിഭാഗത്തെ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ നിന്നും മറ്റൊരു പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. പുത്തൻകുരിശ് പൊലീസ് സി ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് സ്ത്രീകൾക്കും മറ്റുളളവർക്കും നേരെ ലിംഗപരവും ജാതിപരവുമായ അധിക്ഷേപം നടത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്

വടയമ്പാടി ഭജനമഠത്തോട് ചേര്‍ന്ന് മതിലോ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളോ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഇന്നലെ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാമുദായിക നേതാക്കളുമായി വി.പി.സജീന്ദ്രന്‍ എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം ഇന്നലെയാണ് ഇക്കാര്യം അറിയിച്ചത്.

ഭജനമഠത്തിനു സമീപം സ്ഥാപിച്ച ബോര്‍ഡും സമരപ്പന്തലും ഒഴിപ്പിക്കും. ചരിത്രപരമായി പൊതുജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങളൊക്കെ നിലനിര്‍ത്തും. വഴി നടക്കാനും മൈതാനത്ത് കളിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടായിരിക്കും. മൈതാനത്തില്‍ നടക്കുന്ന ആഘോഷങ്ങളും പൊതു ചടങ്ങുകള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിരിക്കണം.

പട്ടയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കുമ്പോള്‍ നടപ്പാക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഇവിടെ പൊതുവായി ഉപയോഗിച്ചിരുന്ന മൈതാനം എൻഎസ്എസ്സും ഭജനമഠവും ചേർന്ന് അടച്ചുകെട്ടി ജാതി മതിൽ സൃഷ്ടിച്ചുവെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് സമരം ആരംഭിച്ചത്. നേരത്തെ ഇവിടുത്തെ സമര പന്തൽ പൊലീസ് പൊളിച്ച് മാറ്റുകയും സമരക്കാരെയും അത് റിപ്പോർട്ട് ചെയ്യാനെത്തിയ രണ്ട് മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് വിവാദമായിരുന്നു. ഇതേ തുടർന്ന് ഈ ജാതി മതിൽ വിഷയം കേരളത്തിനകത്തും പുറത്തും ചർച്ചയായിരുന്നു.

ഇന്നെലെ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത സാമുദായിക സംഘടനകളോ രാഷ്ട്രീയകക്ഷികളോ പ്രതിഷേധപ്രകടനങ്ങള്‍ നടത്തില്ലെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു. വടയമ്പാടിയിലെ ക്രമസമാധാനപ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കും. എല്ലാവരും ഒരുപോലെ പരിഗണിക്കപ്പെടും. പ്രത്യേകപരിഗണന ആരോടും ഉണ്ടാവില്ലെന്ന് കലക്ടർ ഇന്നലെ യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

സ്ഥലത്തെ സമുദായങ്ങള്‍ തമ്മിലുള്ള മൈത്രി ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. തര്‍ക്കം മുതലെടുക്കാനുള്ള തത്പരബാഹ്യകക്ഷികളുടെ ഇടപെടല്‍ അനുവദിക്കില്ല എന്ന് ഇന്നലെ കലക്ടർ വ്യക്തമാക്കിയെങ്കിലും അതിനെതിരായിരുന്നു ഇന്ന് നടന്ന നടപടികൾ എന്ന ആരോപണം ഉയർന്നു കഴിഞ്ഞു. സമരക്കാർക്കെതിരെ എത്തിയവരെ പൊലീസ് സംരക്ഷിക്കുകയും കലക്ടറും എംഎൽഎയും ഉൾപ്പെടയുളളവർ എടുത്തു തീരുമാനത്തിനെതിരാണിതെന്നും അവർ ആരോപിക്കുന്നു.

എല്ലാവരും ഒരുപോലെ പരിഗണിക്കപ്പെടുമെന്നും പ്രത്യേക പരിഗണന നൽകില്ലെന്നും കലക്ടറുടെ വാക്കുകൾ വീൺവാക്കാക്കി പൊലീസ് മാറ്റിയെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Dalit convention journalist people attacked