കല്‍പ്പറ്റ: ഒരിടവേളയ്ക്കുശേഷം വയനാട് വീണ്ടും ഭൂസമരകേന്ദ്രമാവുന്നു. സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസി ഗോത്രമഹാസഭ കുടില്‍ കെട്ടി സമരമാരംഭിച്ചു.

നേരത്തെ ഗീതാനന്ദനുൾപ്പെട്ട ഭൂ അധികാര സംരക്ഷണ സമതി ഭൂ സമര പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ബി ജെ പി ഭൂ സമരം പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ജാനുവും ഭൂ സമരം പ്രഖ്യാപിച്ചു. ഭൂ അധികാര സംരക്ഷണ സമിതിയുടെ സമര പ്രഖ്യാപനം ചെങ്ങറയിൽ ഉന സമര നായകൻ ജിഗ്നേഷ് മേവാനി ഉദ്ഘാടനം ചെയ്തു. അതിന് ശേഷമാണ് ജാനു സമരപ്രഖ്യാപനവുമായി മുന്നോട്ട് വന്നത്. ബി ജെ പി യുടെ സമരത്തെ കുറിച്ച് അറിയില്ലെന്നും ഇത് തങ്ങളുടെ സമരമാണെന്നുമായിരുന്നു ജാനു പറഞ്ഞത്. ബി ജെ പി സമരം ഹൈജാക്ക് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ഗീതാനന്ദൻ അന്ന് തന്നെ അഭിപ്രായപ്പെട്ടു. കേരളത്തിൽ സമരത്തിലെത്തുന്ന ബി ജെപി, അവർ ഭരിക്കുന്നയിടങ്ങളിൽ ഭൂ പരിഷ്ക്കരണം നടത്തി കാണിക്കട്ടെയെന്നും ഇത് കേരളത്തിലെ ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ സമരത്തെ അട്ടിമറിക്കാനും ഹൈജാക്ക് ചെയ്യാനുമുളള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു.

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 285 കുടുംബങ്ങള്‍ക്കു ഭൂമി നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണു ജാനുവിന്റെ നേതൃത്വത്തിലുള്ള സമരം. എന്നാല്‍ മുഴുവന്‍ ആദിവാസി-ദളിത്-തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക, മുത്തങ്ങ ഇരകളുടെ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുക, ഹാരിസണ്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗീതാനന്ദന്റെ നേതൃത്വത്തിലുള്ള സമരം. അനിശ്ചിതാല നില്‍പ്പ്‌സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭവുമായാണ് ഗീതാനന്ദന്റെ വരവ്.

ആദിവാസികള്‍ക്കായി നിശ്ചയിച്ചിട്ടും പതിച്ചുനല്‍കാത്ത ഭൂമിയില്‍ കയറി കുടില്‍കെട്ടിയാണു ജാനുവിന്റെ സമരം. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്, വൈത്തിരി വില്ലേജിലെ വെള്ളരിമല, പുല്‍പ്പള്ളി ചെതലയത്തെ ചെറുപ്പുളശേരി കോളനി എന്നിവിടങ്ങളിലാണു ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസി ഗോത്രമഹാസഭ സമരമാരംഭിച്ചത്. നേരത്തെ മുത്തങ്ങ ദിനമായ ഫെബ്രുവരി 19 ന് സമരപ്രഖ്യാപനം നടത്തുമെന്നാണ് ജാനു പറഞ്ഞിരുന്നതെങ്കിലും കഴിഞ്ഞ ദിവസം പെട്ടെന്ന് സമരം ആരംഭിക്കുകയായിരുന്നു. മുത്തങ്ങ സമരത്തെത്തുടര്‍ന്ന് 285 കുടുംബങ്ങള്‍ക്കു ഭൂമി നല്‍കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 16 കുടുംബങ്ങള്‍ക്ക് 2016 ജനുവരി 22ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈവശരേഖ നല്‍കി. ഇവര്‍ക്ക് ഒരേക്കര്‍ വീതം ഭൂമിയും വീട് വയ്ക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും വെള്ളം, വൈദ്യുതി, വഴി എന്നിവ ഉള്‍പ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുമായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. ഇതുപ്രകാരം ഈ കുടുംബങ്ങള്‍ക്കായി വാളാട്ടെ ഭൂമി സര്‍ക്കാര്‍ അളന്നുതിരിച്ച് കല്ലിട്ടുവെങ്കിലും പതിച്ചുനല്‍കുകയോ പട്ടയം അടക്കമുള്ള മറ്റു രേഖകള്‍ നല്‍കുകയോ ചെയ്തിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണു സമരമെന്നു ജാനു ഐഇ മലയാളത്തോട് പറഞ്ഞു.

ജാനു സമരഭൂമിയിൽ മറ്റുളളവർക്കൊപ്പം

നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.കെ. ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയസഭ (ജെ.ആര്‍. എസ്) ബി.ജെ.പി. സഖ്യത്തിലാണു ജനവിധി തേടിയത്. തെരഞ്ഞെടുപ്പില്‍ കാര്യമായി നേട്ടം ലഭിക്കാതിരുന്ന ജാനു അടുത്തിടെ എന്‍.ഡി.എയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നു തുറന്നടിച്ചിരുന്നു. ആദിവാസികള്‍ക്കിടയിലെ സ്വാധീനം നഷ്ടപ്പെട്ടുപോകാതിരിക്കാനുള്ള നീക്കമായാണു ജാനുവിന്റെ പ്രസ്താവന വിലയിരുത്തപ്പെട്ടത്. ഇതിനു പിന്നാലെയാണു ഭൂസമരവുമായി ജാനു രംഗത്തെത്തിയത്. സമരവുമായി സ്വതന്ത്രമായി മുന്നോട്ടുപോകുമെന്നും സഖ്യകക്ഷിയായ ബി.ജെ.പിയോട് സമരത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ജാനു പറഞ്ഞു.

ഇന്നലെ വാളാട്ട് ഭൂമിപൂജയ്ക്കുശേഷം നടന്ന സമരം സി.കെ. ജാനു ഉദ്ഘാടനം ചെയ്തു. ബാബു കോട്ടിയൂര്‍, രാമചന്ദ്രന്‍ രണ്ടാംഗേറ്റ്, ബാലന്‍ കാരമാട്, റീന പാര്‍സിക്കുന്ന്, ദേവി ചക്കിണി, അജിത കുറുക്കന്മൂല, പെരുമാള്‍ ചേകാടി, രാജു ചുണ്ടപ്പാടി എന്നിവര്‍ ഉള്‍പ്പെട്ട എട്ട് കുടുംബങ്ങളാണ് വാളാട്ട് കുടില്‍ കെട്ടിയത്. 45 കുടുംബങ്ങള്‍ക്കായി 45 ഏക്കറാണ് ഇവിടെ നൽകാൻ തീരുമാനിച്ചത്.

വൈത്തിരി വെള്ളരിമലയില്‍ ഗോപാലന്‍ കാര്യാമ്പാടി, ചന്ദ്രന്‍ കാര്യമ്പാടി, ചന്ദ്രന്‍ കോയാലപുര, നാരായണന്‍ ഈരംകൊല്ലി, കാവലന്‍ പുലിതൂക്കി, രവി തിരുവണ്ണൂര്‍, നാരായണന്‍ ചുണ്ടപ്പാടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 124 ഏക്കറില്‍ കുടില്‍കെട്ടി. പുല്‍പ്പള്ളി ചെതലയത്തെ ചെറുപ്പുളശേരി കോളനിയിലെ 45 ഏക്കറില്‍ തിരുവണ്ണൂര്‍ കോളനിയിലെ താമസക്കാരായ രവി, മണികണ്ഠന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുടില്‍ കെട്ടി. സമര ഭൂമിയിലാകെ പതിനഞ്ച് കുടുംബങ്ങൾ മാത്രമാണ് ജാനുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിലുളളത്. വരും ദിവസങ്ങളിൽ അവരുടെ എണ്ണം വർധിപ്പിക്കാനാണ് ജാനുവും കൂട്ടരും ശ്രമിക്കുന്നത്.

വാളാട്, വെള്ളരിമല, തേറ്റമല ഭാഗങ്ങളില്‍ ആദിവാസികള്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയിരുന്നു. ഇവിടെ കാട് വെട്ടിത്തെളിക്കാന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞാണു ഭൂമി അളന്നു തിരിച്ചുനല്‍കാന്‍ താമസിപ്പിച്ചത്. പിന്നീട് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ കാട് വെട്ടിത്തെളിച്ചു. ഇതിന്റെ കൂലി നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും വാഗ്‌ദ്ധാന ത്തിലൊതുങ്ങിയതായാണ് സഭയുടെ ആരോപണം.

ഗീതാനന്ദൻ

അതേസമയം, ആദിവാസിക്കുള്ള ഭൂമി വിതരണംവൈകുന്നതില്‍ സി.കെ. ജാനുവാണു തടസമെന്നാണ് ഗോത്രമഹാസഭാ കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്റെ ആരോപണം. ആദിവാസികള്‍ക്ക് അനുവദിച്ച ഭൂമി കൈയേറുന്നതു ശരിയല്ലെന്നും ഗീതാനന്ദന്‍ ഐഇ മലയാളത്തോട് പറഞ്ഞു.

ആദിവാസി നേതാവില്‍നിന്ന് കാരാറുകാരിയിലേക്ക് ജാനു മാറിയതാണ് ആദിവാസികള്‍ക്ക് തിരിച്ചടിയായത്. മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത 285 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുമെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ 16 കുടുംബങ്ങള്‍ക്ക് കൈവശ രേഖമാത്രമാണ് നല്‍കിയത്. ഇവര്‍ക്കായി മാറ്റിവച്ച ഭൂമിയിലെ കാട് വെട്ടുകയാണ്. ഇത് പൂര്‍ത്തിയായശേഷമാണ് ഭൂമി നല്‍കുക. കാടുവെട്ടല്‍ അതത് കുടുംബങ്ങളെ ഏല്‍പ്പിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മൊത്തം ജാനു കരാര്‍ പ്രകാരം ഏറ്റെടുക്കുകയായിരുന്നു. ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയസഭ (ജെ.ആര്‍.എസ്.) യുടെ നേതാക്കളാണ് പലയിടങ്ങളിലും റവന്യുവകുപ്പുമായി കരാര്‍ ഉണ്ടാക്കിയത്. ഇതു പ്രകാരം കാടുവെട്ടല്‍ തുടങ്ങിയെങ്കിലും പാതി വഴിയില്‍ നിലച്ച അവസ്ഥയിലാണ്. ജോലി ചെയ്ത ആദിവാസികള്‍ക്ക് കൂലി നല്‍കാത്തതാണ് കാരണം. ഭൂമി വിതരണം നീണ്ടുപോകുകയും ചെയ്തു. ഇത് മറച്ചുവച്ച് കുടില്‍കെട്ടല്‍ സമരം നടത്തുന്നത് സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമാണെന്നും ഗീതാനന്ദന്‍ പറഞ്ഞു.

ഗോത്രമഹാസഭയുടെ നടത്തുന്ന മുത്തങ്ങ ദിനാചരണത്തിന്റെ ഭാഗമായി 18നു കല്‍പ്പറ്റയില്‍ ഭൂസമരറാലി നടത്തും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരംപേര്‍ റാലിയില്‍ പങ്കെടുക്കുമെന്നു ഗീതാനന്ദന്‍ പറഞ്ഞു. തുടര്‍ന്ന് വയനാട് കലക്ടറേറ്റിനു മുന്നില്‍ നില്‍പ്പ് സമരം നടത്തും. മാര്‍ച്ച് ആദ്യവാരം അനിശ്ചിതകാല നില്‍പ്പ് സമരം നടത്തും. മുത്തങ്ങസമര രക്തസാക്ഷി ജോഗിയുടെ കുടുംബത്തിന് ലഭിച്ച കാഞ്ഞിരങ്ങാട് വില്ലേജിലെ തേറ്റമല എസ്‌റ്റേറ്റിലെ സ്ഥലത്ത് 19ന് ഭൂമിപൂജ നടത്തി കുടിയിരുത്തല്‍ നടപടി ആരംഭിക്കുമെന്നും ഗീതാന്ദന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ