Latest News

‘ജീവിക്കുന്നതിന് വേണ്ടിയുള്ള സമരമാണ്, ജീവനൊടുങ്ങുവോളം കാത്ത് നിര്‍ത്തരുത്’, പ്രതിസന്ധി തീരാതെ തപാൽ ജീവനക്കാര്‍

തപാല്‍ മേഖല മൊത്തം സ്തംഭിച്ച് നില്‍ക്കുമ്പോഴും പരിഹാരം കാണാതിരിക്കുകയാണ് കേന്ദ്രം

തപാൽ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കിനെക്കുറിച്ച് ബോബിൻ വി.കെ തയ്യാറാക്കിയ റിപ്പോർട്ട്

തിരുവനന്തപുരം: മെയ്‌ 22ന് തപാല്‍ വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയ അനിശ്ചിതകാല പണിമുടക്ക് ശക്തമായി തുടരുകയാണ്. തപാല്‍ മേഖല മൊത്തം സ്തംഭിച്ച് നില്‍ക്കുമ്പോഴും പരിഹാരം കാണാതിരിക്കുകയാണ് കേന്ദ്രം.  ഇത് സംബന്ധിച്ച്  ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കാണാതെ പിരിയുകയായിരുന്നു. നാളെ മുതല്‍ സമരവുമായി ബന്ധപ്പെട്ട്  അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കാനാണ് ജീവനക്കാരുടെ നീക്കം.

”ഗതികെട്ടാണ് തങ്ങൾ പണിമുടക്കിലേയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത്. ജീവിക്കാൻവേണ്ടിയുളള അവസാന ശ്രമമാണിത്”, തപാൽ ജീവനക്കാർ പറയുന്നു.  ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡാക്ക് സേവക് (ജിഡിഎസ്) ജീവനക്കാരാണ് തങ്ങളുടെ പരിതാപകരമായ അവസ്ഥയിൽ നിന്നും രക്ഷതേടി  സേവന വേതന പരിഷ്കരണം ആവശ്യപ്പെട്ട് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.

തപാല്‍ വകുപ്പിലെ നാലര ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ 2.63 ലക്ഷം തൊഴിലാളികളും ജിഡിഎസുകാരുമാണ്. കേരളത്തില്‍ ഏകദേശം 15,000ത്തോളം ജിഡിഎസ് ജീവനക്കാരുണ്ടാകും. എന്നാല്‍ തുടക്കക്കാരായി എത്തുന്ന ജിഡിഎസ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന അടിസ്ഥാന വേതനം വെറും 4,500 രൂപയാണ്. മൊത്തം ശമ്പളം 10,000 രൂപയോളം വരുമ്പോള്‍, പ്രതിവര്‍ഷ ശമ്പള വര്‍ധന 60 രൂപ.   ഒരു കുടുംബം മൊത്തം മുന്നോട്ട് നയിച്ച്‌ കൊണ്ട് പോകാന്‍ നിലവിലെ ശമ്പളം കൊണ്ട് ഒരു ജിഡിഎസ് തൊഴിലാളിക്ക് സാധിക്കില്ല. വികസ്വര രാജ്യമായ ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്രയും കുറഞ്ഞ ശമ്പളം എന്ന് പറയുന്നത് അംഗീകരിക്കാന്‍ സാധിക്കാത്ത വസ്തുതയാണ്. അതുകൊണ്ട് തന്നെ വളരെ അടിസ്ഥാനമായ ഈ ആവശ്യത്തിന് വേണ്ടിയാണ് അവരുടെ ഈ സമരം.

ഗ്രാമീണ മേഖലയിലെ തപാല്‍ ജീവനക്കാരുടെ തൊഴിലവസ്ഥയെപ്പറ്റി 2016 നവംബര്‍ 16നാണ് കമലേഷ് ചന്ദ്രാ കമ്മിറ്റി കേന്ദ്രത്തിന് റിപ്പോര്‍ട്ട്  സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ പറയുന്ന നിരവധി ശുപാർശകളില്‍ ഏറ്റവും പ്രധാനമായത് ഇവയാണ്;

* പഴയ വേതന സംവിധാനം മാറ്റി പുതിയ ശമ്പള സംവിധാനം അവതരിപ്പിക്കുക.
* ജിഡിഎസ് തൊഴിലാളികള്‍ക്ക് പ്രതിമാസം ഏറ്റവും കുറഞ്ഞ വേതനം 10,000 രൂപയും ഏറ്റവും കൂടുതല്‍ വേതനം 35,480 ആക്കുക.
* ജിഡിഎസ് പോസ്റ്റ്‌ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികൾക്ക് അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റര്‍ (എബിപിഎം) എന്നും ഡിപ്പാർട്മെന്റ് പോസ്റ്റ്‌ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികൾക്ക് ഡാക്ക് സേവക് (ഡിഎസ്) എന്ന പേര് നല്‍കുക.
* പ്രതിവര്‍ഷ ശമ്പള വര്‍ധനവ് 3 ശതമാനം ആക്കി വര്‍ധിപ്പിക്കുക.
* തൊഴിലാളികളുടെ കുട്ടികള്‍ക്ക് പ്രതിവര്‍ഷം വിദ്യാഭ്യാസ അലവൻസായി 6,000 രൂപ, അപകട അലവന്‍സായി പ്രതിമാസം 100 രൂപ ലഭ്യമാക്കുക.
* ഡാക്ക് സേവക് ജീവനക്കാര്‍ക്ക് 50 രൂപ യാത്രാക്കൂലി നല്‍കുക. എന്നിവയടക്കം 50 ഓളം ശുപര്‍ശകളായിരുന്നു കമലേഷ് ചന്ദ്രാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉടനെ എല്ലാ വാഗ്‌ദാനങ്ങളും നടപ്പിലാക്കും എന്ന് ധനമന്ത്രി വാക്കും നല്‍കിയതാണ്. എന്നാല്‍ 18 മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളയിനത്തിൽ യാതൊരു വിധ മാറ്റങ്ങളും ജിഡിഎസ് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ കൊണ്ട് വന്നില്ല. ഇതിനെത്തുടര്‍ന്ന് സമരം തുടങ്ങാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ഏകദേശം 1,29,500 പോസ്റ്റ്‌ ഓഫീസുകള്‍ സമരത്തെത്തുടര്‍ന്ന് പൂട്ടി കിടക്കുകയാണ്. സ്‌പീഡ് പോസ്റ്റ് സേവനം നിലച്ചതോടെ പാസ്‌പോര്‍ട്ട്‌ വിതരണവും അവതാളത്തിലാണ്. കൂടാതെ പിഎസ്‌സിയുടെ നിയമന ഉത്തരവുകളും, തപാല്‍ വകുപ്പിന്‍റെ സേവിങ്സ് ബാങ്ക് സേവനവും നിലച്ചിരിക്കുന്ന അവസ്ഥയാണ്. പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ സമരത്തോടുള്ള നിലപാടില്‍ അയവ് വരുത്തിയിട്ടില്ല. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവം ബാധിക്കുന്നത് നിരവധി ജീവിതങ്ങളെയാണ്‌.

“തപാല്‍ ജീവനക്കാരുടെ തൊഴില്‍ രീതി പഴയത് പോലെയല്ല. നിരവധി പുതിയ സമ്പ്രദായങ്ങള്‍ തപാല്‍ മേഖലയുമായി ബന്ധപ്പെട്ട് ആരംഭിച്ചിട്ടുണ്ട്. പോസ്റ്റല്‍ സേവിങ്സ് ബാങ്കില്‍ 36 കോടി അക്കൗണ്ടുകളാണുള്ളത്. അതില്‍ ആറര കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതിന്‍റെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നത് ജിഡിഎസ് ജീവനക്കാരാണ്. കൂടാതെ നാലര കോടി രൂപയുടെ നിക്ഷേപമുള്ള പേഴ്സണല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി തുടങ്ങിയ ഗ്രാമീണ-വിവര-ആശയവിനിമയ സാങ്കേതികവിദ്യ (ആര്‍ഐസിറ്റി) എന്നിവയുടെ ഏജന്റുമാരും ഇവര്‍ തന്നെയാണ്. ഇതിനൊപ്പം തന്നെ തപാല്‍ വകുപ്പ് ഇന്ത്യ പോസ്റ്റ്‌ പേയ്മെന്‍റ് ബാങ്കും ആരംഭിക്കാന്‍ തുടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ചെറിയ വേതനത്തില്‍ ജീവനക്കാര്‍ക്ക് എങ്ങനെ ജോലി ചെയ്യാന്‍ സാധിക്കും,” നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് കണ്‍വീനറായ പി.കെ.മുരളീധരന്‍ പറഞ്ഞു. അടിസ്ഥാന വേതനം 10,000 രൂപയാക്കുക, സ്ത്രീ ജീവനക്കാര്‍ക്ക് പ്രസവാവധി അനുവദിക്കുക, ഒരു വര്‍ഷം പരമാവധി 30 ദിവസം അവധി നല്‍കുക, ഗ്രാറ്റിവിറ്റി ആക്ട് പ്രകാരം ഗ്രാറ്റിവിറ്റി നല്‍കുക എന്നിവയാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

“വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച നടന്നെങ്കിലും സര്‍ക്കാര്‍ പരിഹരിക്കും എന്ന അപ്പീല്‍ മാത്രമാണ് അദ്ദേഹം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ കൃത്യമായ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല,” അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് സമരത്തിനോട് തീര്‍ത്തും നിഷേധാത്മക നിലപാടാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൊഴിലാളി വിഭാഗത്തിന്‍റെ ഏറ്റവും അടിസ്ഥാന ആവശ്യം എന്താണെന്ന് മനസിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ല. എത്ര നാള്‍ ഇങ്ങനെ പൊതു ജനങ്ങളുടെ ആവശ്യങ്ങള്‍ തള്ളി കളഞ്ഞ്, ജനങ്ങളുടെ മുന്നില്‍ ഒളിച്ച് നടക്കും. ഒമ്പത് ദിവസം പിന്നിട്ടിട്ടും തീര്‍ത്തും അലസമായ നിലപാട് തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ മറന്നു പോകുന്ന ഒരു കാര്യമുണ്ട്. സമരം നടത്തുന്ന ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാരും, മന്ത്രിക്കസേരയിൽ ഇരിക്കുന്ന തങ്ങളും പൊതുജനത്തിന്‍റെ തൊഴിലാളികളാണ് എന്നുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dak sevak indefinite strike still continuing

The moderation of comments is automated and not cleared manually by malayalam.indianexpress.com