scorecardresearch

യുവ ഡോക്ടറുടെ മരണം,പൊലീസിന്റെ അനാസ്ഥ; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

സംഭവത്തെ കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

vd satheeshan,kerala
vd satheeshan

കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വനിത ഡോക്ടര്‍ കൊല്ലപ്പെടാന്‍ കാരണം പൊലീസിന്റെ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പൊലീസ് പ്രതിയെ എത്തിച്ചത് സുരക്ഷ ഒരുക്കാതെയാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ആശുപത്രികള്‍ സുരക്ഷിത സ്ഥലങ്ങളല്ലെന്ന നില വരുന്നത് വളരെ അപകടകരമായ സ്ഥിതിയാണ്. ഇത് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ട അവസ്ഥയെ കുറിച്ച് ഡോക്ടര്‍മാര്‍ നിരന്തരം പരാതി പറയുന്നുണ്ട്. അക്കാര്യത്തില്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കാത്തതിന്റെ പരിണിത ഫലമാണ് യുവ ഡോക്ടറുടെ ദാരുണ മരണം.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരടേണ്ടി വന്നത് ആരോഗ്യ മന്ത്രിക്കാണെന്നും ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നും അദ്ദേഹം പരിഹസിച്ചു. ഡോക്ടര്‍മാരുടെ പരാതികള്‍ സര്‍ക്കാരിന്റെ പരിഗണിച്ചില്ല എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. സമാനരീതിയിലുള്ള നിരവധി വിഷയങ്ങള്‍ ആരോഗ്യ വകുപ്പില്‍ ഉണ്ടാകുകയാണ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും ഇത്തരത്തില്‍ നടക്കുന്നുണ്ട് സതീശന്‍ പറഞ്ഞു.

കൊട്ടാരക്കരയില്‍ യുവ ഡോക്ടറെ കുത്തിക്കൊന്നത് ദാരുണ സംഭവമെന്നാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചത്. ഏറെ വേദനിപ്പിക്കുന്ന സംഭവമാണ്. പൊലീസ് എയ്ഡ്‌പോസ്റ്റ് അടക്കം പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണ് സംഭവം നടന്നത്. ആക്രമണം നടക്കുമ്പോള്‍ ഡോക്ടറും മൂന്നു പൊലീസുകാരും മാത്രമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. പ്രതി പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നു. ഡോക്ടറുടെ പുറത്ത് കയറിയിരുന്ന് കുത്തുകയായിരുന്നു. ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയാന്‍ നിയമം നിലവിലുണ്ട്. നിയമം കൂടുതല്‍ ശക്തമായി ഓര്‍ഡിനന്‍സ് രൂപത്തില്‍ ഇറക്കുമെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി അനുശോചിച്ചു

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണ്. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും കുത്തേറ്റിട്ടുണ്ട്.

ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്‍റെ കുടുംബത്തിന്‍റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: D satheesan against health minister on doctors death