കേരള സർവകലാശാല വിസിക്ക് രണ്ടു വരി പോലും തെറ്റില്ലാതെ എഴുതാനറിയില്ലെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ വിമർശനത്തിന് മറുപടിയുമായി വിസി വി പി മഹാദേവൻ പിള്ള. പ്രസ്താവനയിലൂടെയാണ് കേരള വിസി മഹാദേവൻ പിള്ള തന്റെ മറുപടി അറിയിച്ചത്. ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിങും തെറ്റാതിരിക്കാൻ താൻ പരമാവധി ജാഗരൂകനാണെന്ന് വിസി പ്രസ്താവനയിൽ പറഞ്ഞു.
“ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിംഗും തെറ്റാതിരിക്കാൻ ഞാൻ പരമാവധി ജാഗരൂകനാണ്. മനസ്സ് പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി ഞാൻ കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരണത്തിനില്ല,”എന്നാണ് വിസിയുടെ പ്രസ്താവന.
ഡി-ലിറ്റ് വിവാദം വിശദീകരിക്കുന്നതിനിടയിലാണ് ഗവർണർ വിസിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നത്. വിസി തനിക്കു നൽകിയ മറുപടി കത്ത് കണ്ട് ഞെട്ടിയെന്നും അതിൽ നിന്നും മുക്തനാവാൻ പത്തു മിനിറ്റ് വേണ്ടിവന്നെന്നും ഗവർണർ പറഞ്ഞിരുന്നു.
Also Read: വിസിക്ക് രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയില്ല, മറുപടി കണ്ട് ഞെട്ടി; ചാൻസലറെ ധിക്കരിച്ചു: ഗവർണർ