എന്മകനാശു നടക്കുന്ന നേരവും കൽമഷം തീർന്നിരുന്നീടുന്ന നേരവും തന്മതികെട്ടുറങ്ങീടുന്ന നേരവും സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ
(സന്തോഷത്തിലും, സങ്കടത്തിലും, ഉണര്‍ന്നിരിക്കുമ്പോഴും, ഉറക്കത്തിലും എന്‍റെ മകനെ നിങ്ങള്‍ സന്തോഷത്തോടെ രക്ഷിച്ചീടണം- രാമായണം )
കൗസല്യ രാമന് വേണ്ടി പ്രാര്‍ത്ഥിച്ച ഇതേ വരികളാണ് ഡോ. ഡാനിയേല്‍ ബാബു പോളിന്‍റെ അമ്മ മേരി പോളും മകന് വേണ്ടി ദിവസവും ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നത്. 1941 ഏപ്രില്‍ 11ന് പെരുമ്പാവൂര്‍ കുറുപ്പുംപടിയിലായിരുന്നു ബാബു പോളിന്‍റെ ജനനം. വടക്കന്‍ തിരുവിതാംകൂറിലെ പേരുകേട്ട പ്രഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന പി.ഐ.പൗലോസ് കോര്‍ എപ്പിസ്കോപ്പയും അധ്യാപികയായിരുന്ന മേരി പോളുമാണ് മാതാപിതാക്കള്‍.
കുടുംബം
മാതാപിതാക്കളുടെ വിവാഹം കഴിഞ്ഞ് 12 വര്‍ഷം കഴിഞ്ഞാണ് ബാബു പോളിന്‍റെ ജനനം. അതു കൊണ്ട് അപ്പന്‍ അമ്മയെ ‘നീലക്കുറിഞ്ഞി’ എന്ന് വിളിക്കുമായിരുന്നുവെന്ന് ബാബു പോള്‍ എഴുത്തുകളിലും അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തന്‍റെ വ്യക്തിത്വം രൂപപ്പെടുത്തിയതിന് മാതാപിതാക്കളോടാണ് അദ്ദേഹം നന്ദി പറയാറുള്ളത്. ആധ്യാത്മിക ചൈതന്യവും, ബൗദ്ധിക കൗതുകവും, തികഞ്ഞ നര്‍മ ബോധവുമുള്ള പി ഐ പൗലോസ് കോര്‍ എപ്പിസ്കോപ്പ, അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. ആനയ്ക്ക് ട്യൂഷനെടുക്കാനുള്ള ഓര്‍മശക്തിയും ഈശ്വരവിശ്വാസവുമുളള ആളായിരുന്നുവെന്നാണ് അമ്മയെക്കുറിച്ച് ബാബു പോള്‍ പറയാറുള്ളത്. 1944 ഏപ്രില്‍ 9ന് അനിയന്‍ റോയ് പോള്‍ ജനിച്ചതാണ് താന്‍ ഓര്‍മയില്‍ സൂക്ഷിച്ച ആദ്യ തീയതിയെന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.
Read More: ഡോ. ഡി ബാബു പോള്‍ അന്തരിച്ചു
തന്‍റെ അമ്മ മക്കള്‍ക്ക് വേണ്ടി ചൊല്ലിയിരുന്ന രാമായണത്തിലെ ശ്ലോകം തന്‍റെ മക്കള്‍ക്കു വേണ്ടിയും ബാബു പോള്‍ മുടങ്ങാതെ ചൊല്ലുമായിരുന്നു. 24-ാമത്തെ വയസിലായിരുന്നു വിവാഹം. 35 വര്‍ഷത്തെ ദാമ്പത്യജീവിതം. കാന്‍സര്‍ വന്നായിരുന്നു ഭാര്യ അന്ന മരിച്ചത്. ഭാര്യ മരിച്ചപ്പോഴുണ്ടായ വിഷമവും അവരുടെ ഓര്‍മകളും ബാബു പോള്‍ കുറിച്ചിട്ടുണ്ട്. പിന്നീട് അതുമായി പൊരുത്തപ്പെട്ടു.
പൗർണമികള്‍ മാത്രമല്ല അമാവാസികളും കൂടിച്ചേര്‍ന്നതാണ് ജീവിതമെന്ന് അദ്ദേഹം പറയുമായിരുന്നു. സദ്യയിലെ ചേരുവകള്‍ പോലെ പലതരം അനുഭവങ്ങള്‍ ചേരുമ്പോഴാണ് ജീവിതവും പൂര്‍ണമാകുന്നതെന്നാണ് ബാബു പോളിന്‍റെ ലൈഫ് തിയറി. മകളും മകനുമായി രണ്ട് മക്കളാണ് ബാബു പോളിന്.
വിദ്യാഭ്യാസം
ബാബു പോളിന്‍റെ അനിയനെ പ്രസവിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അമ്മ തിരുവനന്തപുരത്ത് ട്രെയിനിങ് കോളേജില്‍ പഠിക്കാന്‍ പോയി. വീട്ടില്‍ തനിച്ചാകാതിരിക്കാന്‍ പിതാവിനോടൊപ്പം സ്കൂളില്‍ പോവുകയായിരുന്നു മുന്നിലുള്ള വഴി. അങ്ങനെ നാലാം ക്ലാസുകാര്‍ക്കൊപ്പമിരുന്ന് ഇംഗ്ലീഷ് പഠിച്ചാണ് (അന്ന് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് നാലാം ക്ലാസ് മുതലാണ്) ബാബു പോളിന്‍റെ പഠനം തുടങ്ങിയത്. പക്ഷേ, ഔദ്യോഗികമായി പഠനം തുടങ്ങിയത് അഞ്ചാം വയസില്‍ രണ്ടാം ക്ലാസില്‍ ചേര്‍ന്ന് കൊണ്ടാണ്. സ്കൂള്‍ പഠന കാലത്ത്, പഠനത്തില്‍ മിടുക്കരായിരുന്ന വിദ്യാര്‍ഥികള്‍ക്കുള്ള മഹാരാജാവിന്‍റെ സ്കോളര്‍ഷിപ്പ് കിട്ടി. എസ്എസ്എല്‍സിക്ക് മൂന്നാം റാങ്കോടെ പാസായപ്പോള്‍ തുടര്‍പഠനത്തിനുളള കേന്ദ്രസര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് ലഭിച്ചു. എന്‍ജിനീയറിങ് പാസാകുന്നത് വരെ ആ സ്കോളര്‍ഷിപ്പ് തുക കൊണ്ടായിരുന്നു പഠനം. ആലുവയിലായിരുന്നു പ്രീഡിഗ്രി പഠനം. എന്‍ജിനീയറിങ്ങിനും, മെഡിസിനും പോകാമായിരുന്നെങ്കിലും എന്‍ജിനീയറിങ്ങാണ് ബാബു പോള്‍ തിരഞ്ഞെടുത്തത്. സിവില്‍ സര്‍വീസിലേക്കെത്താന്‍ നിയോഗമായതും ആ തീരുമാനമാണെന്ന് അദ്ദേഹം പറയാറുണ്ട്.
എഴുത്ത്, പ്രസംഗം
വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ആദ്യപുസ്തകം പുറത്തിറങ്ങുന്നത്. ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റ്സ് കോൺഫറന്‍സില്‍ പങ്കെടുക്കാന്‍ പോയതിന്‍റെ ഓര്‍മകള്‍ കേരളഭൂഷണത്തിന്‍റെ വാരാന്ത്യപതിപ്പില്‍ എഴുതിയിരുന്നു. ഡിസി അത് പുസ്തകമാക്കി ഇറക്കുമ്പോള്‍ ബാബു പോളിന് 19 വയസ്. പിന്നീട് പല വിഷയങ്ങളിലായി 35 പുസ്തകങ്ങള്‍.
സഹപ്രവര്‍ത്തകരോട് വലിപ്പ ചെറുപ്പമില്ലാതെ പെരുമാറിയിരുന്ന ബാബു പോള്‍ തന്‍റെ സര്‍വീസ് സ്റ്റോറി സമര്‍പ്പിച്ചത് പ്യൂണ്‍ രാമന്‍ നായര്‍ക്കും മന്ത്രിയായിരുന്ന എന്‍.രാമകൃഷ്ണനുമാണ്. അദ്ദേഹത്തിന്‍റെ രചനകളില്‍ എടുത്ത് പറയേണ്ടത് ‘വേദശബ്ദരത്നാകര’മാണ്. ചെറുപ്പത്തില്‍ തുടങ്ങിയ ഗൗരവമായ ബൈബിള്‍ വായനയാണ് അങ്ങനെയൊരു പുസ്തകത്തിന് പിന്നില്‍. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തില്‍ പുലര്‍ച്ചെ മൂന്നേകാല്‍ മുതല്‍ അഞ്ചേ മുക്കാല്‍ വരെ, ഒന്‍പത് വര്‍ഷം മുടങ്ങാതെ എഴുതിയാണ് ‘വേദശബ്ദരത്നാകരം’ പൂര്‍ത്തിയാക്കിയത്.
Read More: വേദശബ്ദ പൊരുള്‍ തേടി

ശുഷ്ക്കമായ സദസിന് മുന്നില്‍ ബാബു പോളിന് പ്രസംഗിക്കേണ്ടി വന്നിട്ടില്ല. വായിച്ച പുസ്തകങ്ങളിലെ അറിവും ലോകപരിചയവും ചേര്‍ന്ന്, നര്‍മം ചാലിച്ച്, ഒഴുക്കുള്ള ഭാഷയിലുള്ള പ്രഭാഷണം കേള്‍ക്കാന്‍, ഒരിക്കല്‍ കേട്ടവര്‍ വീണ്ടുമെത്തും. 1946 ഒക്ടോബറില്‍, തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ പിറന്നാളിന് സ്കൂളിലെ വേദിയില്‍ ആദ്യപ്രസംഗം നടത്തുമ്പോള്‍ അഞ്ചര വയസായിരുന്നു പ്രായം. മിഡില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ മിക്കവാറും വേദികളില്‍ പിതാവ് എഴുതിക്കൊടുത്തിരുന്ന പ്രസംഗം മനഃപാഠമാക്കി പറയുമായിരുന്നു. കാര്യമായി വലിയ ഒരുക്കങ്ങള്‍ ഒന്നും നടത്താറില്ലെങ്കിലും ഓരോ പ്രസംഗത്തിന് മുന്‍പും രണ്ട് തവണ കുരിശ് വരയ്ക്കും. ഒന്ന് വേദിയില്‍ കയറുമ്പോള്‍ നെഞ്ചിലും രണ്ട് പ്രസംഗിക്കുന്നതിന് മുന്‍പ് നാവിലും. തന്‍റെ പ്രസംഗത്തിന് വേണ്ടി ഒരുക്കങ്ങള്‍ നടത്തുന്നത് ദൈവമാണെന്നാണ് ആ വാഗ്മിയുടെ കണ്ടുപിടിത്തം.
കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടാക്കി
ഇടുക്കി ജലവൈദ്യുതപദ്ധതിയും, വല്ലാര്‍പാടം കണ്ടെയ്നര്‍ പദ്ധതിയുമൊക്കെ ബാബു പോളിന്‍റെ കയ്യൊപ്പ് പതിഞ്ഞ ഇടങ്ങളാണ്. സാംസ്കാരിക വകുപ്പിനെയും ടൂറിസം വകുപ്പിനെയും പിന്നില്‍ നിന്ന് ഉന്തി തള്ളി മുന്നിലെത്തിച്ച പ്രതിഭയും ഡി.ബാബു പോള്‍ തന്നെ. ന്യൂസിലന്‍ഡുകാര്‍ നാടിന്‍റെ വിനോദസഞ്ചാരത്തിന്‍റെ പരസ്യത്തിനായി കണ്ട് പിടിച്ച സ്ലോഗനായിരുന്നു ‘ഗോഡ്സ് ഓണ്‍ കണ്‍ട്രി’. അവിടെ പരാജയപ്പെട്ട പരസ്യവാചകം ഇവിടെ ഹിറ്റാക്കിയതും ബാബു പോളിന്‍റെ തന്ത്രമാണ്. ഇന്ന് ലോകം മുഴുവന്‍ ദൈവത്തിന്‍റെ സ്വന്തം നാടായി കേരളം അറിയപ്പെട്ട് തുടങ്ങിയത് അങ്ങനെയാണ്.
മദര്‍ തെരേസയുമായുളള ഓര്‍മകള്‍
ബാബു പോളിന് വലിയ ആദരവും ബഹുമാനവുമുണ്ടായിരുന്ന മഹത് വ്യക്തിയാണ് മദര്‍ തെരേസ. കോട്ടയം കലക്ടറായിരിക്കുമ്പോള്‍ മദര്‍ തെരേസയുമായി വേദി പങ്കിടാന്‍ അവസരമുണ്ടായി. അന്ന് മദര്‍ അറിയാതെ സാരിത്തുമ്പില്‍ തൊട്ടു. പിന്നെ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനായിരുന്ന കാലത്ത് മദര്‍തെരേസ ബാബു പോളിന്‍റെ വീട്ടില്‍വന്നു. അന്ന് മദര്‍ ഇരുന്നിട്ട് പോയ കസേര സൂക്ഷിച്ചു വച്ചു. മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ശേഷം വീട്ടിൽ അള്‍ത്താരയാക്കി മാറ്റി. ആ കസേരയുടെ മുന്നിലിരുന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ് ബാബു പോളിന്‍റെ ദിവസം തുടങ്ങുന്നത്.
കിടന്ന് മരിക്കാതെ മരിച്ച് കിടക്കണം
കിടന്ന് മരിക്കാതെ മരിച്ച്, മരിച്ച് കിടക്കാനാണാഗ്രഹമെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. ദൈവത്തില്‍ നിന്ന് വലിയ കാര്യങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്, ദൈവത്തിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഫിലോസഫി. തികഞ്ഞ ക്രിസ്തുമത വിശ്വാസിയായിരുന്നെങ്കിലും ആധ്യാത്മികതയ്ക്ക് മതമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിര്‍വചനം.
തിരുവനന്തപുരം കവടിയാറില്‍ ബാബു പോളിന്‍റെ വീട്ടിലെത്തിയാല്‍ എഴുതി വച്ചിരിക്കുന്നത് കാണാം. “ഈ വീട്ടില്‍ ഞാനും ദൈവവും മാത്രമാണ് താമസം. മണി അടിച്ചാല്‍ വരാന്‍ ഞാന്‍ മാത്രമേ ഉള്ളൂ…” എന്നിങ്ങനെ തുടങ്ങി അദ്ദേഹത്തെ കാണാനായില്ലെങ്കില്‍ വന്നയാളുടെ പേരും ഫോണ്‍ നമ്പറും കുറിച്ചിടണമെന്നഭ്യര്‍ത്ഥിച്ച് ഒരു ബുക്കും പേനയും വച്ചിട്ടുണ്ട്. അങ്ങനെ ഒരുമിച്ച് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദൈവം, ദൈവത്തിന്‍റെ ഭവനത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി കൂട്ടുകാരനെ…