തിരുവനന്തപുരം: രാജ്യത്തെ ഏഴാമത്തെ  ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം കേരളത്തിൽ ആരംഭിച്ചു. ചുഴലിക്കാറ്റും കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന ദുരന്തങ്ങളും കേരള, കർണാടക തീരത്ത് അടിക്കടിയുണ്ടായതിനെ തുടർന്നാണ് തിരുവനന്തപുരം ആസ്ഥാനമാക്കി ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം തുടങ്ങാൻ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം തീരുമാനിച്ചത്.

കേരളത്തിലെ പ്രളയത്തിന് ശേഷം ഓഗസ്റ്റ് 28 നാണ് കേന്ദ്രം ഈ തീരുമാനം പ്രഖ്യാപിച്ചത്. നിലവിൽ ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വർ, കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങളുള്ളത്.

കാലാവസ്ഥ സംബന്ധമായ മുന്നറിയിപ്പ്, തീരദേശ ബുളളറ്റിനുകൾ (മത്സ്യതൊഴിലാളികൾക്കുളള മുന്നറിയിപ്പ് ഉൾപ്പെടെയുളളവ) തുടങ്ങി കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ കേരള, കർണാടക സർക്കാരുകൾക്ക് ഇതുവഴി ലഭിക്കും. കേരളത്തിൽ നിലവിലുളള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത് കൂടുതൽ ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്.

കേരളത്തിന്റെ വടക്ക് ഭാഗത്തെ കേന്ദ്രീകരിക്കുന്നതിനായി 2019 അവസാനത്തോടെ മംഗളൂരുവിൽ സി ബാന്റ് ഡോപ്‌ലർ വെതർ റഡാർ സ്ഥാപിക്കുന്നതിനും മന്ത്രാലയം ആലോചിക്കുന്നു. തിരുവനന്തപുരത്ത് സി ബാന്റ് ഡോപ്‌ലർ വെതർ റഡാറുകളുണ്ട്. മൂന്നാമത്തെ റഡാറും കൂടി സ്ഥാപിക്കുന്നതോടെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കേരളത്തിൽ ​നേരത്തെ  ലഭ്യമാക്കാനാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ