/indian-express-malayalam/media/media_files/uploads/2021/05/Rain-Wyd.jpg)
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ ജില്ലകളില്‍ കടല്‍ക്ഷോഭത്തില്‍ നൂറിലേറെ വീടുകള്‍ തകര്‍ന്നു.
തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്.
മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയിലെ മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്. കമ്മിഷന്റെ കല്ലൂപ്പാറ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാല്‍ മണിമലയാറിലും തുമ്പമണ്‍ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാല്‍ അച്ചന്‍കോവിലാറിലും കമ്മിഷന്‍ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇരു നദികളുടെയും കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാനും ആവശ്യമെങ്കില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറാനും നിര്‍ദേശത്തില്‍ പറയുന്നു. വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായാല്‍ മണിക്കൂറുകള്‍ക്കകം അപകടകരമാവുന്ന നിലയില്‍ ജല നിരപ്പ് ഉയരും.
ഇടുക്കിയില്‍ മഴ ശക്തമാണ്. ഹൈറേഞ്ചില്‍ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം. മരംവീണ് വട്ടവടയില്‍ പത്തോളം വീടുകള്‍ തകര്‍ന്നു. മൂന്നാര്‍-വട്ടവട റോഡില്‍ ഗതാഗതം തടസപ്പെട്ടു. അടിമാലി-മൂന്നാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ഉടുമ്പന്‍ചോലയിലും തങ്കമണിയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കല്ലാര്‍ കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു.
നെടുങ്കണ്ടത്ത് ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ തുടരുകയാണ്. വിവിധ മേഖലകളില്‍ മണ്ണിടിച്ചിലും മരം വീഴ്ചയുമുണ്ടായി. വീടുകള്‍ക്കും കൃഷിക്കും നാശനഷ്ടം സംഭവിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടര്‍ന്ന് 14 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാറത്തോട്ടില്‍ വ്യാപകമായി മരം വീണ് നിരവധി ഏക്കല്‍ ഏലം കൃഷി നശിച്ചു. ഉടുമ്പന്‍ചോല, നെടുങ്കണ്ടം, തൂക്കുപ്പാലം ഇലക്ട്രിക് സെക്ഷനുകള്‍ക്കു കീഴില്‍ വ്യാപകമായി പോസ്റ്റുകള്‍ ഒടിഞ്ഞു.
പുളിയന്‍ മല - തൂക്കുപാലം -നെടുങ്കണ്ടം റൂട്ടില്‍ മൂന്നിടത്ത് മരം വീണു ഗതാഗതം തടസപ്പെട്ടു. കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഉടുമ്പന്‍ചോല ശാന്തരുവിയില്‍ വീടിനു കേടുപാടുകള്‍ സംഭവിച്ചു. ഉടുമ്പന്‍ചോല-ചെമ്മണ്ണാര്‍ റോഡില്‍ മണ്ണിടിച്ചിലുണ്ടായി.
ഇതുവരെ കാണാത്ത തരത്തിലുള്ള കാറ്റും മഴയുമാണ് വട്ടവടയിലുണ്ടായത്. നൂറോളം വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. 10 വീടുകള്‍ക്ക് മുകളില്‍ മരം വീണു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. അറുപതോളം വൈദ്യുതിത്തൂണുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചു. രാമക്കല്‍മേട്ടില്‍ കാറ്റാടിപ്പാടത്തിനു സമീപം കാറ്റില്‍ മരംവീണ് നാല് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. വീട്ടുകാര്‍ സമീപ വീടുകളിലേക്കു മാറി. നിരവധി വൈദ്യുതിത്തൂണുകളും ഒടിഞ്ഞു. തൊടുപുഴയില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. ഉടുമ്പന്‍ചോലയില്‍ നാലുപേരെ ക്യാമ്പിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.
ഇടുക്കി - 49.8 എംഎം, തൊടുപുഴ- 73.4 എംഎം, ദേവികുളം- 102.2 എംഎം, ഉടുമ്പന്‍ ചോല- 30.4 എംഎം, പീരുമേട് - 208 എംഎം എന്നിങ്ങനെയാണ് ഇടുക്കിയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്ത മഴയുടെ അളവ്.
കല്ലാര്‍, ഇരട്ടയാര്‍ ഡാമിലും കല്ലാര്‍ പുഴയിലും ജലനിരപ്പുയര്‍ന്നു.തൂവല്‍ ചപ്പാത്തില്‍ മുന്‍കരുതലെടുത്തതായി നാട്ടുകാര്‍. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടര്‍ തുറന്നു. മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കിവിടും. മഴ തുടരുന്ന സാഹചര്യത്തില്‍ കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നു. ഒരു ഷട്ടര്‍ രണ്ട് അടി ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കുകയാണ്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കടലാക്രമണം രൂക്ഷമാണ്. തിരുവനന്തപുരം പൊഴിയൂരിൽ 23 വീടുകൾ തകർന്നു. കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന തീരദേശ റോഡ് തകർന്നു.
എറണാകുളം ചെല്ലാനത്ത് കൂടുതല്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കോവിഡ് രൂക്ഷമായ ഇവിടെനിന്ന് ആന്റിജന്‍ പരിശോധന നടത്തിയാണ് ആളുകളെ ക്യാമ്പുകളിലേക്കു മാറ്റുന്നത്. കോവിഡ് സ്ഥിരീകരിക്കുന്നവരെ എഫ്എല്‍സിടി കളിലേക്കാണ് മാറ്റുന്നത്. ദേശീയ ദുരന്ത നിവാരണ സേനാ സംഘം ചെല്ലാനത്ത് എത്തിയിട്ടുണ്ട്. ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.
തൃശൂര്‍ ജില്ലയിലും ശക്തമായ മഴ തുടരുന്നു. തീരപ്രദേശങ്ങളില്‍ കടലാക്രമണം തുടരുകയാണ്. ജില്ലയിലെ പലയിടങ്ങളിലും വൈദ്യുതിബന്ധം തകരാറിലായി. പാലക്കാടും ഇന്നലെ രാത്രി മുതല്‍ മഴ ശക്തമാണ്. തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്ററില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ജല അതോററ്റി അറിയിച്ചു. തിരുമ്മിറ്റക്കോട് പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ കാറ്റിലും മഴയിലും മരം കടപുഴകിവീണ് വീടുകള്‍ക്കു നാശനഷ്ടമുണ്ടായി.
കണ്ണൂരില്‍ പയ്യന്നൂര്‍ താലൂക്കിലെ കോറോം വില്ലേജ് വടക്കെ പുരയില്‍ കാർത്യാനി വീടിനു മുകളിലേക്കു മരം പൊട്ടി വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. തലശേരി താലൂക്കില്‍ പ്രകൃതിക്ഷോഭത്തില്‍ വ്യാഴാഴ്ച അഞ്ച് വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. കുഞ്ഞിമംഗലം പുതിയ പുഴക്കര എം യശോദയുടെ വീടിനു മുകളില്‍ തെങ്ങു വീണു. ആളപായമില്ല. കടലോര ഗ്രാമമായ ന്യൂ മാഹിയില്‍ ആറ് കുടുബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. മാടായി ചൂട്ടട് പ്രദേശത്തു താമസിക്കുന്ന മജീദിനെയും കുടുംബത്തെയും ബന്ധു വീട്ടിലേക്കു മാറ്റി. മജീദും ഭാര്യയും ഉമ്മയും കോവിഡ് ബാധിതരാണ്.
കടമ്പൂര്‍ എടക്കാട് റെയില്‍വേ ഗേറ്റിനു പിറകിലുള്ള രണ്ടു വീടുകളില്‍ വെള്ളം കയറി. ഇരു കുടുംബങ്ങളെയും എടക്കാട് പെര്‍ഫെക്ട് സ്‌ക്കൂളിലേക്കു മാറ്റി. തലായിയില്‍നിന്ന് കടലില്‍ പോയ മൂന്ന് മീന്‍പിടുത്ത തൊഴിലാളികളെ കോസ്റ്റല്‍ പൊലീസ് ഇന്നലെ രാത്രി പത്തരയോടെ കണ്ടെത്തി കരയിലെത്തിച്ചു.
വയനാട് നെന്മേനി ചിറ്റൂര്‍ കുറുമ കോളനിയില്‍ മാങ്ങാ ുര വീട്ടില്‍ കൃഷ്ണന്റെ ഓടുമേഞ്ഞ വീട് ഇന്നു പുലര്‍ച്ചെ കാറ്റിലും മഴയിലും തകര്‍ന്നു. തലയ്ക്കു പരുക്കേറ്റ കൃഷ്ണനെ ആശുപത്രിയിലേക്കു മാറ്റി. തോമട്ടുചാല്‍ ചീനപ്പുല്‍ വട്ടിക്കുന്ന് അയൂബിന്റെ വീടിന്റെ മേല്‍ക്കൂര രാത്രിയില്‍ കാറ്റില്‍ തകര്‍ന്നു.
വയനാട്ടില്‍ ഇന്നലെ രാവിലെ 8.30 മുതല്‍ ഇന്നു രാവിലെ 8.30 വരെ ലഭിച്ച മഴ (മില്ലി മീറ്ററില്‍): കുപ്പാടി- 28.2, മാനന്തവാടി- 26.4, വൈത്തിരി- 80.0,
പടിഞ്ഞാറത്തറ ഡാം- 62.5, അമ്പലവയല്‍- 39, മാനന്തവാടി (എ.ആര്‍.ജി)- 33.5.
കടലാക്രമണത്തെത്തുടര്‍ന്ന് കോഴിക്കോട് കടലുണ്ടി വില്ലേജിലെ കപ്പലങ്ങാടി ഭാഗത്തുനിന്നു 17 കുടുംബങ്ങളെയും വാക്കടവ് ഭാഗത്തു നിന്നു രണ്ട് കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. കടലുണ്ടിക്കടവ് ഭാഗത്തുനിന്ന് ആറ് കുടുംബങ്ങളെയും ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. ജില്ലയില്‍ എന്‍ഡിആര്‍എഫ് സംഘം ഇന്നലെ വൈകീട്ട് എത്തി. 21 അംഗങ്ങളുളള സംഘം വേങ്ങേരി ഗസ്റ്റ് ഹൗസിലാണ് ക്വാമ്പ് ചെയ്യുന്നത്.
കാസര്‍ഗോഡ് ജില്ലയില്‍ കടല്‍ക്ഷോഭവും മഴയും ശക്തമായി തുടരുന്നു. വലിയ തോതില്‍ നാശനഷ്ടങ്ങളില്ല. ചേരങ്കൈയില്‍ നാലു വീടുകളില്‍ വെള്ളം കയറി. രണ്ടു വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മഞ്ചേശ്വരം ഉപ്പള മുസോഡി കടപ്പുറത്ത് രണ്ട് വീട് പൂര്‍ണമായി തകര്‍ന്നു. മറ്റൊരു വീട് അപകടാവസ്ഥയിലാണ്. വീട്ടുകാര്‍ വാടക വീട്ടിലേക്കു മാറി. വെള്ളരിക്കുണ്ട് താലൂക്കില്‍ ബളാല്‍ വില്ലേജില്‍ ശക്തമായ മഴയില്‍ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചിത്താരി വില്ലേജില്‍ രണ്ടു വീടുകളില്‍ വെള്ളം കയറി. കുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി. നീലേശ്വരം വില്ലേജില്‍ തെങ്ങുവീണ് ഒരു വീട് ഭാഗികമായി തകര്‍ന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.