തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. കേരള തീരത്തുനിന്ന് 70 കിലോമീറ്റർ അകലെയായാണ് കാറ്റ് നീങ്ങുന്നത്. അതിനിടെ ലക്ഷദ്വീപിനെ ലക്ഷ്യമിട്ടാണ് കാറ്റ് ഇപ്പോൾ നീങ്ങുന്നതെന്നാണ് വിവരം. ലക്ഷദ്വീപ്, ഗുജറാത്ത്, ഒമാൻ തീരങ്ങളെ ലക്ഷ്യമിട്ട് വടക്കു പടിഞ്ഞാറോട്ടാണ് ഇപ്പോൾ ചുഴലിക്കാറ്റ് നീങ്ങുന്നത്. നാളെ ഉച്ചയോടെ മാത്രമേ ചുഴലിക്കാറ്റിന്റെ ശരിയായ ദിശ മനസ്സിലാക്കാൻ സാധിക്കുകയുളളൂവെന്നാണ് വിവരം. ചുഴലിക്കാറ്റ് കേരളത്തെക്കാൾ കൂടുതൽ ബാധിക്കുക ലക്ഷദ്വീപിനെയെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇന്നലെ രാത്രിയോടെ കന്യാകുമാരി തീരത്തിന് 250 കിലോമീറ്റർ അകലെയായി കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദമാണ് ഇന്ന് ചുഴലിക്കാറ്റായി മാറിയത്. ഉടൻ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് ഇപ്പോൾ വീശുന്നത്. 75 കിലോമീറ്റർ മുതൽ 95 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കുമെന്നാണ് ഇപ്പോൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കന്യാകുമാരിയിൽ കടൽത്തിരകൾ ഉയർന്നുപൊങ്ങുന്നുണ്ട്.

അതേസമയം, കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ തീരത്ത് സുനാമി ഉണ്ടാകാൻ നിലവിൽ ഒരു സാധ്യതയുമില്ലെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ തീരദേശത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുനാമി ഉണ്ടായേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.

Read More: ‘ഓഖി’ ചുഴലിക്കൊടുങ്കാറ്റ്; പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുളള 6 ജില്ലകളിലെ കലക്ടർമാക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജാഗ്രതാ നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനത്തിന് വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. രക്ഷാപ്രവർത്തനത്തിന് ആവശ്യമെങ്കിൽ സേനയെ വിളിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ കേരളത്തിന്റെ തെക്കൻ ജില്ലകളിൽ മഴ കനക്കുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും മരം വീണ് രണ്ടുപേർ മരിച്ചു. കൊല്ലം കുളത്തൂപ്പുഴയിൽ ഓട്ടോയുടെ മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ശ്രീകണ്ടേശ്വരം ക്ഷേത്രത്തിന് സമീപം മരം കടപുഴകി വാഹനങ്ങൾ തകർന്നു. വിഴിഞ്ഞത്ത് മരം കടപുഴകി വീണ് സ്ത്രീക്ക് പരുക്കേറ്റു.

തിരുവനന്തപുരത്തെ മലയോരമേഖലകളിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് അമ്പൂരിയിലും പത്തനംതിട്ട അച്ചന്‍കോവില്‍ മുതലത്തോട് മേഖലയിലും ഉരുള്‍പൊട്ടലുണ്ടായി. പൂന്തുറയിൽനിന്ന് പോയ 40 വെളളങ്ങൾ കടലിൽ കുടുങ്ങി. 150 ഓളം മൽസ്യത്തൊഴിലാളികളാണ് വളളത്തിലുളളത്. തിരച്ചിലിനായി നാവിക സേന വിമാനങ്ങൾ പോയിട്ടുണ്ട്. കനത്ത മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇടുക്കിയിലും കനത്ത മഴ വ്യാപകനാശം വിതച്ചിട്ടുണ്ട്. നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ തകര്‍ന്നു. അടിമാലിയില്‍ കെഎസ്ആർടിസി ബസിനും പുളിയന്മലയില്‍ ജീപ്പിനും മുകളില്‍ പോസ്റ്റ് വീണു. ആമയാറില്‍ പോസ്റ്റ് വീണ് ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഉടുമ്പന്‍ചോലയില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും 27 വീടുകള്‍ ഭാഗികമായും തകർന്നിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ