കൊല്ലം: കേരളത്തിന്റെ തീരമേഖലയിലാകെ നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ് വീശിയടിക്കുമ്പോഴൊൾ അവിടെയൊന്നും കണ്ടില്ലെന്നാരോപിച്ച് മുകേഷ് എംഎൽഎക്കെതിരെ പ്രതിഷേധം. വ്യാഴാഴ്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോള്‍ സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു.

എന്നാല്‍ സ്ഥലം എംഎല്‍എ മുകേഷ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് തീരദേശത്തെത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. അസഭ്യ വാക്കുകളാണ് നാട്ടുകാരും മത്സ്യ തൊഴിലാളികളും എംഎല്‍എയ്ക്ക് നേരേ പ്രയോഗിച്ചത്.

ചോദ്യം ചെയ്ത നാട്ടുകാരോട് അസ്ഥാനത്ത് തമാശ പറഞ്ഞതും എംഎൽക്കെതിരായ പ്രതിഷേധത്തിന്റെ മൂർച്ച കൂട്ടി. ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജനൊപ്പം വന്ന മുകേഷ് ലേല ഹാളിലെ കസേരയിൽ ഇരുന്നു. എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? മൽസ്യതൊഴിലാളിയായ സ്ത്രീ ചോദിച്ചു.

തമാശ രൂപത്തിലായിരുന്നു മുകേഷിന്റെ മറുപടി. ”നമ്മൾ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ” എന്നായിരുന്നു മറുപടി. ഇതോടെ മൽസ്യതൊഴിലാളികളുടെ നിയന്ത്രണം വിട്ടു. പിന്നെ അവിടെ കേട്ട വാക്കുകളെല്ലാം പുറത്തുപറയാന്‍ കൊള്ളാത്തവയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പച്ചതെറിയുടെ ശക്തി കൂടിയതോടെ കെ.വരദരാജനും മറ്റ് നേതാക്കളും കൂടി എംഎൽഎയെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.


കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ