തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപം വീശിയടിക്കുന്ന ഓഖി ചുഴലിക്കൊടുങ്കാറ്റ് കടലിൽ കൂടുതൽ ശക്തിപ്രാപിച്ചതായി റിപ്പോർട്ട്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിലാണ് കാറ്റിപ്പോൾ വീശിയടിക്കുന്നത്. കേരള തീരത്ത് നിന്ന് ഏറെ ദൂരെയാണെങ്കിലും കൂറ്റൻ തിരമാലകൾ തീരത്ത് എത്താൻ സാധ്യതയുണ്ടെന്നാണ് വിവരം.
കേരളത്തിൽ ഇന്നും ശക്തമായി മഴ പെയ്യും. ഇതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കടൽത്തീരത്ത് നിന്നും മാറി നിൽക്കാനാണ് ഇപ്പോൾ തീരപ്രദേശത്ത് താമസിക്കുന്നവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ലക്ഷദ്വീപിൽ ഇന്നലെ വലിയ നാശനഷ്ടങ്ങളാണ് ഓഖി വരുത്തി വച്ചത്. മിനിക്കോയ് ദ്വീപിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ദ്വീപിലാകെ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപെട്ടു. ചില മരങ്ങൾ വീടുകൾക്ക് മുകളിൽ വീണ് വീടുകളും തകർന്നിട്ടുണ്ട്. കോൺഗ്രീറ്റ് അല്ലാത്ത മിക്ക മേൽക്കൂരകളും ശക്തമായ കാറ്റിൽ പറന്നു പോവുകയും ചെയ്തു.
130 വർഷം പഴക്കമുള്ള മിനിക്കോയ് ലൈറ്റ് ഹൗസിന്റെ ജനാലകളും ഗ്ലാസുകളും അടർന്നു പോയി. ആളപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രൂക്ഷമായ മഴയും കാറ്റും മിക്ക ദ്വീപുകളിലും തുടരുകയാണ്. കൽപ്പേനി ദ്വീപിൽ ഹെലിപ്പാഡും ബ്രെക്ക് വാട്ടർ വാർഫും ഭാഗികമായി കടലെടുത്തു. കടലോരങ്ങളിലുള്ള ബോട്ടുകൾ മിക്കവയും വെള്ളത്തിനടിയിലായി.
കവരത്തിയുടെ അടുത്തായി അൽ നൂർ എന്ന നാടൻ ഉരു കപ്പൽ ചരക്കുകളോടെ കരയ്ക്കടുക്കാൻ സാധിക്കാതെ വെള്ളത്തിനടിയിലായി. പവൻ ഹാൻസ് ഹെലികോപ്റ്റർ മുഖേന ഉരുവിലുള്ളവരെ രക്ഷപ്പെടുത്തി. ചെന്നൈ റജിസ്ട്രേഷനുള്ള ലൈബൽ എന്ന മത്സ്യ ബന്ധന ബോട്ട് അന്ത്രോത്ത് ദ്വിപിലേക്കടുത്ത് രക്ഷനേടി. 8 തമിഴ് സ്വദേശികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
ഓഖി ചുഴലിക്കാറ്റ് അമിനിയുടെ 240 കിമീ അകലെ തെക്ക് കിഴക്ക് ഭാഗത്തേക്ക് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ കൂടുതൽ ശക്തി പ്രാപിച്ചതായാണ് റിപ്പോർട്ട്. ഇത് ഏറ്റവും ഭീതിജനമായ അവസ്ഥയിലേക്കാണ് നയിക്കുക. കാരണം ലക്ഷദ്വീപിന്റെ 10 ദ്വീപുകളുടെയും മദ്ധ്യത്തിലായാണ് അമിനി ദ്വീപ് സ്ഥിതി ചെയ്യുന്നത്.
നാളെ രാവിലെ വരെ ലക്ഷദ്വീപിന്റെ സ്ഥിതി വളരെ ഗുരുതരമായി തുടരും. കൽപേനിയിൽ തയാറാക്കിയ ഹെലിപ്പാഡും കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാൻ ഒരുക്കിയ സംവിധാനങ്ങളും കനത്ത തിരയിൽ തകർന്നു. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസുകൾ നിർത്തിവച്ചു. മിനിക്കോയിയിലും കൽപേനിയിലും അഞ്ചു വീതം മത്സ്യബന്ധന ബോട്ടുകൾ മുങ്ങിപ്പോയി. മിനിക്കോയ്, കൽപേനി, കവരത്തി, ആൻഡ്രോത്ത്, അഗതി, അമിനി, കടമത്, കിൽട്ടൻ, ബിത്ര, ചെത്ലത്ത് എന്നിവിടങ്ങളിൽ 7.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.