ന്യഡൽഹി: ഓഖി ചുഴലിക്കൊടുങ്കാറ്റിൽ കൊച്ചിയിലെ പുറംകടലിൽ നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തി. മറൈൻ എൻഫോഴ്‌സ്മെന്റാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാത്രിയോടെ മൃതദേഹങ്ങൾ തീരത്തേക്ക് എത്തിക്കാനാണ് ശ്രമം.

അതേസമയം കേരളത്തിലും തമിഴ്നാട്ടിലുമായി ഇതുവരെ 39 പേർ മരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കടലിൽ മത്സ്യബന്ധനത്തിന് പോയ 167 പേരെ ഇനിയും കണ്ടുകിട്ടിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

അതേസമയം കാണാതായവരിൽ തമിഴ്നാട്, ലക്ഷദ്വീപ്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികളും ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്ന് ഇനിയും 92 പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. അതേസമയം, 108 പേരെ കണ്ടുകിട്ടാനുണ്ടെന്ന് ലത്തീൻ കത്തോലിക്ക ആർച്ച് ബിഷപ് സൂസെപാക്യം പറഞ്ഞിരുന്നു.

സൂറത്ത് തീരത്ത് നിന്നും 480 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് ഇപ്പോൾ കാറ്റുള്ളത്. കാറ്റിന് വേഗത കുറവാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

നാല് മത്സ്യത്തൊഴിലാളികളുമായി മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് നിന്ന് പോയ ബോട്ട് ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

ലക്ഷദ്വീപ് തീരത്ത് രണ്ട് ചരക്കു കപ്പലുകളിലെ 16 പേരെ രക്ഷിച്ചതായും മന്ത്രാലയം അറിയിച്ചു. ഇതിന് പുറമേ 33 വിനോദസഞ്ചാരികളെയും ലക്ഷദ്വീപിൽ രക്ഷിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ