/indian-express-malayalam/media/media_files/uploads/2017/12/cyc-759.jpeg)
തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിനിടെ ആശയവിനിമയം നഷ്ടമായ 20 മത്സ്യബന്ധന ബോട്ടുകളെ അറബിക്കടലിൽ കണ്ടെത്തി. കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും രക്ഷാ പ്രവർത്തന സംഘം ഈ ഭാഗത്തേക്ക് തിരിച്ചു.
കാറ്റിപ്പോൾ ലക്ഷദ്വീപിലാണ് വീശുന്നത്. കവരത്തി ദ്വീപിൽ കാറ്റിന് 50 നും 65 നും ഇടയിൽ വേഗതയുണ്ടെന്ന് ലക്ഷദ്വീപ് സ്വദേശി അബ്ദുൾ സലാം പറഞ്ഞു. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോയ പതിനഞ്ച് ബോട്ടുകളിൽ പത്ത് ബോട്ടുകൾ കടലിലാണെന്നാണ് വിവരം. ഈ ബോട്ടുകളുടെ സ്ഥിതിയെന്തെന്ന് ഇതുവരെയും അറിവായിട്ടില്ല.
ഇതിന് പുറമേ നിരവധി ബോട്ടുകൾ കൊല്ലം, പൂന്തുറ, വിഴിഞ്ഞം തുറമുഖങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയിട്ടുണ്ട്. വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയവരെ കുറിച്ചും വിവരങ്ങളില്ല.
ഏതാണ്ട് 200 ഓളം മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ഇനിയും വിവരം ലഭിക്കാനുണ്ട്. അതേസമയം ദുരന്തത്തെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയില്ലെന്ന് ദുരന്ത നിവാരണ സമിതി, കാലാവസ്ഥ നിരീക്ഷണ വകുപ്പ് എന്നിവയ്ക്ക് എതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
പൂന്തുറയിൽ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ ഉദ്യോഗസ്ഥ അനാസ്ഥയ്ക്ക് എതിരെ റോഡിൽ കുത്തിയിരുന്ന് ഉപരോധിക്കുകയാണ്. അതേസമയം ഊർജ്ജിതമായ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി എന്നിവർ പൂന്തുറയിലെത്തി മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദർശിച്ചു.
ഇന്നലെ രാവിലെയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇത് പിന്നീട് 11 മണിയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് പലയിടത്തും കടലിൽ ആനക്കാൽ പ്രതിഭാസം ഉണ്ടായതിനെയും ഓഖി ചുഴലിക്കാറ്റിനെയും ബന്ധിപ്പിച്ചാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയുണ്ടായതായി ആരോപണം ഉയർന്നിരിക്കുന്നത്.
ഇതുവരെ വിഴിഞ്ഞത്ത് നിന്ന് പോയ ആറ് മത്സ്യ ബന്ധന ബോട്ടുകളെ കുറിച്ചും നൂറോളം മത്സ്യബന്ധന വള്ളങ്ങളെ കുറിച്ചുമാണ് വിവരം ലഭിക്കാത്തത്. ബോട്ടുകളിലും വള്ളങ്ങളിലുമായി ഏതാണ്ട് 250 ലേറെ മത്സ്യത്തൊഴിലാളികൾ കടലിൽ പോയതായാണ് അനുമാനം. എന്നാൽ കാറ്റടിച്ച ശേഷം ഇവരെ പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററും ഡോണിയർ വിമാനവും മത്സ്യബന്ധന ബോട്ടുകൾക്കും വള്ളങ്ങൾക്കുമായി തിരച്ചിൽ നടത്തുന്നുണ്ട്. വ്യോമസേനയുടെ നാല് വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനിറങ്ങി. എന്നാൽ ശക്തമായി വീശുന്ന കാറ്റ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചിട്ടുണ്ട്.
ന്യൂനമർദ്ദം ശക്തമായപ്പോൾ ഇത് ശ്രീലങ്കൻ തീരത്തേക്ക് നീങ്ങുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനത്തെ തെറ്റിച്ച് കൊണ്ട് കാറ്റ് കേരള തീരത്തേക്ക് വീശി. കാറ്റ് കരയിലേക്ക് കടക്കാതിരുന്നത് കൂടുതൽ നാശനഷ്ടം ഉണ്ടാക്കിയില്ല എന്ന ആശ്വാസമാണ് ഉള്ളത്. എന്നാൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കുറിച്ച് വിവരം ലഭിക്കാതെ നാശനഷ്ടത്തിന്റെ തീവ്രത അറിയാനാവില്ല.
ഇന്നലെ രാവിലെ 70 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്. പതിയെ ശക്തി പ്രാപിച്ച കാറ്റ്, വൈകുന്നേരത്തോടെ 80 കിലോമീറ്ററിലേറെ ശക്തി പ്രാപിച്ചിരുന്നു. ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങിയ കാറ്റ് 100 മുതൽ 120 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നാണ് ലഭിക്കുന്ന വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us