തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ കടലിൽ കുടുങ്ങിപ്പോയ 90 മീൻപിടിത്ത തൊഴിലാളികളെ ജപ്പാനിൽ നിന്നുള്ള കപ്പൽ രക്ഷപ്പെടുത്തിയെന്നത് വ്യാജവാർത്ത. ഇതേ തുടർന്ന് രക്ഷാപ്രവർത്തനം എട്ട് മണിക്കൂർ നിശ്ചലമായി. കടലിൽ തിരച്ചിൽ നടത്തി തീരസംരക്ഷണ സേനയും വിഴിഞ്ഞം പുതിയവാർപ്പ് ഹാർബറിൽ 18 ആംബുലൻസുകളും ഒൻപതു ഡോക്ടർമാരും ഉൾപ്പടെ വൻ സന്നാഹം കാത്തിരുന്നെങ്കിലും ആരെയും കണ്ടെത്താനായില്ല.

ഇതേ തുടർന്നു കാണാതായവരുടെ ബന്ധുക്കളും നാട്ടുകാരും രോഷാകുലരായി. തീരസംരക്ഷണ സേനയുടെ ബോട്ടിനുനേരെ കല്ലേറുണ്ടായി. മാധ്യമപ്രവർത്തകരെയും ആരോഗ്യവകുപ്പ് അധികൃതരെയും അടക്കം തുറമുഖത്തു പൂട്ടിയിട്ടു.

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ഇന്നലെ ഉച്ചയോടെ വിവരം പുറത്തുവിട്ടത്. കടലിൽ കുടുങ്ങിയ 90 മത്സ്യബന്ധന തൊഴിലാളികളെ നാല് ബോട്ടുകളിൽ നിന്ന്, ജപ്പാൻ കപ്പൽ ജീവനക്കാർ രക്ഷിച്ചെന്നായിരുന്നു വാർത്ത. തീരസംരക്ഷണ സേന ഉൾപ്പെടെയുള്ള സംഘം ഉടൻതന്നെ ഇവരെ കരയിലെത്തിക്കുമെന്നായിരുന്നു അറിയിപ്പ്. ഉടൻ കോസ്റ്റ് ഗാർഡിന്റെ രണ്ടു ബോട്ടുകളിൽ സംഘം പുറപ്പെട്ടു. വിവിധ ആശുപത്രികളിൽ നിന്ന് ആംബുലൻസുകളും കരയിൽ കാത്തുനിന്നു.

വിഴിഞ്ഞത്തെ തീരസംരക്ഷണ സേന ഹാർബറിലേക്കു ഇവരെ എത്തിക്കുമെന്നായിരുന്നു വിവരം. ആദ്യം നാൽപ്പത് പേരെയും ബാക്കിയുള്ളവരെ പിന്നീടും എത്തിക്കുമെന്നായിരുന്നു വിവരം. എന്നാൽ രാത്രി വൈകിയാണ് ഇത്തരത്തിലൊരു കപ്പൽ തന്നെ കാണാൻ സാധിച്ചില്ലെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചത്.

തിരച്ചിലിനു പോയ ബോട്ടുകളിൽ ഒന്ന് രാത്രി ഏഴോടെ തിരിച്ചെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. നടുക്കത്തിനും നിരാശയ്ക്കും ഒടുവിൽ കുപിതരായ മത്സ്യത്തൊഴിലാളികളും കടലിൽ അകപ്പെട്ടുപോയവരുടെ കുടുംബാംഗങ്ങളും മാധ്യമപ്രവർത്തകരെയും ആരോഗ്യവകുപ്പ് അധികൃതരെയും അകത്തു നിർത്തി ഹാർബറിന്റെ ഗേറ്റ് നാട്ടുകാർ അടച്ചു. പിന്നീടു പൊലീസ് ഇടപെട്ടാണു സ്ഥിതി ശാന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ