തൊടുപുഴ: ശക്തമായ കാറ്റും മഴയും ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളില്‍ കനത്ത നാശം വിതച്ചപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ഒരു ദിവസംകൊണ്ടു കൂടിയത് ഏഴടിയോളം വെള്ളം.

വ്യാഴാഴ്ച രാവിലെ 121.80 അടിയായിരുന്ന ജലനിരപ്പ് വെള്ളിയാഴ്ച ഉച്ചയായപ്പോഴേക്കും 128.8 അടിയായാണ് ഉയര്‍ന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്തു പെയ്ത കനത്തമഴയാണ് ജലനിരപ്പുയരാന്‍ കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു. കാലങ്ങള്‍ക്കു ശേഷമാണ് ഒരു ദിവസത്തിനുള്ളില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഏഴടി വര്‍ധിക്കുന്നത്. അപ്രതീക്ഷിതമായി ഡാമിലെ ജലനിരപ്പ് ഏഴടിയോളം കൂടിയ സാഹചര്യത്തില്‍ ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള മുല്ലപ്പെരിയാര്‍ ഉപസമിതി നാളെ മുല്ലപ്പെരിയാര്‍ ഡാമില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.

rain in thekkady

മഴയുടെ ശക്തി കുറഞ്ഞപ്പോഴും തേക്കടിയിൽ നിൽക്കുന്ന വെളളം

കനമത്ത മഴയും മോശം കാലാവസ്ഥയും മൂലം വെള്ളിയാഴ്ച തേക്കടിയില്‍ ബോട്ടിങും മറ്റ് ഇക്കോ ടൂറിസം പരിപാടികളുമെല്ലാം റദ്ദാക്കിയിരുന്നു. കാറ്റും മഴയും മൂലം വൃക്ഷങ്ങള്‍ വന്‍തോതില്‍ ഒടിഞ്ഞു വീഴുന്നതിനാല്‍ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് ബോട്ടിങ് ഉള്‍പ്പടെയുള്ളവ റദ്ദാക്കിയത്. അപ്രതീക്ഷിതമായി പെയ്ത മഴയെത്തുടര്‍ന്നു ബോട്ടിങ് റദ്ദാക്കിയത് വിദേശികള്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാരികളെ നിരാശരാക്കി.
വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ വണ്ടിപ്പെരിയാറിനു സമീപം റോഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഏതാനും മണിക്കൂര്‍ ഗതാഗത തടസമുണ്ടായി. വെളളം കയറിയ റോഡില്‍ വാഹനം ഇറക്കിയ ശബരിമല തീര്‍ഥാടകരുടെയടക്കം നിരവധി വാഹനങ്ങള്‍ വെള്ളം കയറി തകരാറിലായി. വെള്ളിയാഴ്ച പകല്‍ റോഡില്‍ കയറിയ വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ടെങ്കിലും റോഡില്‍ നിന്നു വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല.

കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ ഒടിഞ്ഞുവീണു ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ തകരാറിലായ വൈദ്യുതി ബന്ധം ഇതുവരെ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കനത്ത മഴയില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും 49 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഇരുന്നൂറിലധികം ഹെക്ടര്‍ പ്രദേശത്തെ കൃഷിയും കനത്ത മഴയില്‍ നശിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ ഇടുക്കി ഡാമിലെ ജലനിരപ്പും വര്‍ധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 2373.88 അടിയാണ് ഇടുക്കി ഡാമില്‍ രേഖപ്പെടുത്തിയ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത് 2344.64 അടിയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ശരാശരി 43.18 മില്ലി മീറ്റര്‍ മഴയാണ് ജില്ലയിലെ ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട്, ഇടുക്കി, തൊടുപുഴ എന്നീ താലൂക്കുകളിലായി പെയ്തിറങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.