തിരുവനന്തപുരം: ഓഖി ദുരന്തത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ നഷ്ടം നേരിട്ട് മനസിലാക്കുന്നതിന് കേന്ദ്രസംഘം എത്തി. രാവിലെ തിരുവനന്തപുരത്തെ ദുരന്ത ബാധിത മേഖലകൾ സംഘം സന്ദർശിച്ചു.

കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസി. കമ്മീഷണര്‍ ഡോ. സഞ്ജയ് പാണ്‌ഡേ എന്നിവരാണ് സംഘത്തിലുളളത്.

തിരുവനന്തപുരത്തെ ദുരന്തബാധിത മേഖലകൾ സന്ദർശനത്തിന് ശേഷം  സെക്രട്ടേറിയറ്റിലെത്തി  മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച  നടത്തി.

മൽസ്യബന്ധന മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ദീര്‍ഘകാല പദ്ധതികളെ സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്ന് ബിപിന്‍ മല്ലിക് അറിയിച്ചു. തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് യുവ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവച്ചു. മൽസ്യത്തൊഴിലാളികളുടെ സമ്പൂര്‍ണ വികസനത്തിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സംഘത്തോട് പറഞ്ഞു.

മൽസ്യത്തൊഴിലാളികള്‍ക്ക് ആധുനിക യാനങ്ങള്‍ ലഭ്യമാക്കുന്നതിനും 600 ചതുരശ്ര അടിയുള്ള മികച്ച ഭവനങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നതായി പറഞ്ഞു. വിവിധ ജില്ലകളിലെ സന്ദർശനത്തിന് ശേഷം 29ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന സംഘം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ദുരിതം നേരിട്ട ജില്ലയിലെ തീരമേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകസംഘം നാളെ (ഡിസംബര്‍ 27) കൊച്ചിയിൽ സന്ദര്‍ശനം നടത്തും. നാളെ രാവിലെ ചെല്ലാനവും ഉച്ചയ്ക്കു ശേഷം മുനമ്പവും വൈപ്പിനുമാണ് സംഘം സന്ദര്‍ശിക്കുക. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനിലെ ബീച്ച് ഇറോഷന്‍ ഡയറക്ടറേറ്റ് വിഭാഗം ഡയറക്ടര്‍ ആര്‍.തങ്കമണിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് കൊച്ചിയും 28ന് ആലപ്പുഴയും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നൽകുക. കുടിവെള്ള ശുചീകരണ വിഭാഗത്തിലെ അസി.അഡൈ്വസര്‍ സുമിത് പ്രിയദര്‍ശിയും സംഘത്തിലുണ്ടാവും. ആള്‍നാശം, മൽസ്യബന്ധനയാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ നഷ്ടം, കൃഷിനാശം, വൈദ്യുതി, ജലസേചന സംവിധാനങ്ങള്‍ക്കുണ്ടായ നാശം തുടങ്ങിയവ സംഘം വിലയിരുത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ