തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ഓഖി ദുരന്ത ബാധിതരെ സന്ദർശിക്കുന്നതിനും ദുരന്തം വിലയിരുത്താനുമാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും അദ്ദേഹം കേരളത്തിലെത്തുക. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. കേരളത്തിനുപുറമേ കന്യാകുമാരിയും ലക്ഷദ്വീപും മോദി സന്ദശിക്കുമെന്നും സൂചനയുണ്ട്.

ഓഖി ദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് ആക്ഷേമുയർന്നിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചെങ്കിലും കേരള മുഖ്യമന്ത്രിയെ മോദി ഫോണിൽ വിളിച്ച് കാര്യങ്ങൾ ആരാഞ്ഞില്ലെന്നും ആക്ഷേപമുണ്ടായിരുന്നു. പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ സഭാനേതൃത്വം അടക്കമുള്ളവരും ആവശ്യം ഉയർത്തി. ഇതിനുപിന്നാലെയാണ് മോദി കേരളം സന്ദർശിക്കാനെത്തുന്നത്.

നേരത്തെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഓഖി ദുരിതബാധിതരെ സന്ദർശിച്ചിരുന്നു. ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായവരെ കണ്ടെത്താൻ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ ചെയ്യുമെന്ന് നിർമലാ സീതാരാമൻ മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഉറപ്പും നൽകിയിരുന്നു.

അതേസമയം, ഓഖി ദുരന്തത്തിൽ പെട്ടവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ലത്തീൻ കത്തോലിക്കാ സഭ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കാണാതായി എന്ന് ലത്തീൻ കത്തോലിക്ക സഭ നൽകിയ കണക്കു പ്രകാരമുളളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് സഭ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സഭയുടെ കണക്കും സർക്കാരിന്രെ കണക്കും തമ്മിൽ വ്യത്യാസമുണ്ട്. സഭ ഹൈക്കോടതിയിൽ​ഹേബിയസ് കോർപ്പസ് ഹർജി നൽകുമെന്ന സഭയുടെ വികാരി ജനറൽ ഫാ.യൂജിൻ പെരേര പറഞ്ഞു.

ഓഖി ദുരന്തത്തിൽ കാണാതായ മൽസ്യത്തൊഴിലാളികളുടെ കണക്കിൽ സർക്കാരും സഭയും രണ്ടു തട്ടിലാണ്. തിരുവനന്തപുരം ജില്ലയിൽനിന്നും കടലിൽ പോയ 177 പേരെ കണ്ടെത്താനുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. എന്നാൽ തിരുവനന്തപുരത്തുനിന്നും പോയ 242 പേർ മടങ്ങിയെത്തിയിട്ടില്ലെന്നാണ് സഭ പറയുന്നത്. കൊച്ചിയിൽനിന്നും 119 പേരെയും കാണാതായിട്ടുണ്ടെന്ന് വീടുകൾ തോറും സന്ദർശിച്ച് സഭ തയ്യാറാക്കിയ പട്ടികയിൽ പറയുന്നു. പേരുകൾ ഉൾപ്പെടെ സർക്കാരിന് വിവരം കൈമാറിയിട്ടും കണക്കുകളുടെ കാര്യത്തിൽ പോലും വ്യക്തത ഉണ്ടാക്കുന്നില്ലെന്നാണ് സഭയുടെ ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.