കൊല്ലം: ഓഖി ചുഴലിക്കാറ്റിൽ ദുരിതത്തിലായ മൽസ്യത്തൊഴിലാളികളെ സന്ദർശിക്കാൻ വൈകിയെത്തിയ മുകേഷ് എംഎൽഎ ജനരോഷം നേരിട്ടറിഞ്ഞത് വലിയ വാർത്തയായിരുന്നു. സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ആശ്വാസവാക്കുമായി എത്തിയിട്ടും സ്ഥലം എംഎൽഎയായ മുകേഷ് എത്താതിരുന്നതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.

എംഎൽഎയ്ക്കുനേരെ അസഭ്യ വാക്കുകളും തീരദേശവാസികൾ നടത്തി. ഇപ്പോഴിതാ വിമർശിച്ചവർക്കും നന്ദി പറഞ്ഞ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ് മുകേഷ്. കുറിപ്പിനൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

”നന്ദി….
മുഖ്യമന്ത്രിക്കും കോസ്റ്റ്ഗാർഡിനും നേവിക്കും…. സഹായിച്ചവർക്കും അനാവശ്യ വിവാദം ഉണ്ടാക്കി വിമർശിച്ചവർക്കും എല്ലാം നന്ദി….. എന്റെ മണ്ഡലത്തിലെ മുഴുവൻ മത്സ്യത്തൊഴിലാളി സഹോദരങ്ങളും തിരികെയെത്തി…
ഇന്നലെ ഉച്ച മുതൽ ഉള്ള കാത്തിരിപ്പായിരുന്നു…”- ഇതായിരുന്നു എംഎൽഎയുടെ കുറിപ്പ്.

വെളളിയാഴ്ച വൈകിട്ടാണ് ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജനൊപ്പം മുകേഷ് എത്തിയത്. ലേല ഹാളിലെ കസേരയിൽ ഇരുന്ന മുകേഷിനോട് എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? മൽസ്യതൊഴിലാളിയായ സ്ത്രീ ചോദിച്ചു.

Read More: ‘ഇത് ബഡായി ബംഗ്ലാവ് അല്ല എംഎൽഎ’; ദുരന്തമുഖത്ത് അസ്ഥാനത്ത് കോമഡി പറഞ്ഞ മുകേഷിന് നാട്ടുകാരുടെ അസഭ്യവർഷം

തമാശ രൂപത്തിലായിരുന്നു മുകേഷിന്റെ മറുപടി. ”നമ്മൾ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ” എന്നായിരുന്നു മറുപടി. ഇതോടെ മൽസ്യതൊഴിലാളികളുടെ നിയന്ത്രണം വിട്ടു. പിന്നെ അവിടെ കേട്ട വാക്കുകളെല്ലാം പുറത്തുപറയാന്‍ കൊള്ളാത്തവയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പച്ചതെറിയുടെ ശക്തി കൂടിയതോടെ കെ.വരദരാജനും മറ്റ് നേതാക്കളും കൂടി എംഎൽഎയെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ