കവരത്തി: ലക്ഷദ്വീപിൽ വീശിയടിച്ച ഓഖി ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം. ദ്വീപ് ഒറ്റപ്പെട്ടു. മണിക്കൂറിൽ 145 കിലോമീറ്റർ ആയിരുന്നു കാറ്റിന്റെ വേഗം. ലക്ഷദ്വീപിലെ വാർത്താവിനിമയ ബന്ധം പൂർണമായും തകരാറിലായി. ലക്ഷദ്വീപിലേക്കുളള കപ്പൽ സർവീസുകൾ നിർത്തിവച്ചു.

മിനിക്കോയിലും കൽപ്പേനിയിലുമാണ് കാറ്റ് വ്യാപക നാശനഷ്ടങ്ങൾ വിതച്ചത്. കൽപ്പേനിയിൽ ഹെലിപ്പാഡ് വെളളത്തിൽ മുങ്ങി. വൈദ്യുതി ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടു. തെങ്ങുകൾ കടപുഴകി വീണു. വീടുകൾക്ക് കനത്ത നാശനഷ്ടം. കൽപ്പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു. ദുരിതമേഖലകളിലെ ജനങ്ങളെ സ്കൂളുകളിലേക്ക് മാറ്റി. മിനിക്കോയ്, കല്‍പ്പേനി, കവറത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്‍ട്ടന്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളിൽ മഴ തുടരുകയാണ്.

കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വലിയ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ