തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽപ്പെട്ട് കാണാതായവരുടെ പുതിയ കണക്കുമായി ലത്തീൻ സഭ. ആകെ 324 പേരെ കാണാനില്ലെന്നാണ് സഭ പുറത്തു വിട്ട പുതിയ കണക്ക് പറയുന്നത്. കൂടുതൽ പേരെ കാണാതായത് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്നാണ്. 136 പേരെയാണ് ഇവിടെ നിന്നും കാണാതായിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ നിന്നും 111പേരാണ് ഓഖി ദുരന്തത്തിൽപ്പെട്ട് കാണാതായവരെന്ന് സഭയുടെ പുതിയ കണക്ക് പറയുന്നു. തൂത്തുക്കുടി ഒഴികെയുളള തമിഴ്‌നാടിന്രെ വിവിധ ഭാഗങ്ങളിൽ നിന്നായി 57 പേരെയും കാണാതായിട്ടുണ്ട്. നേരത്തെ ഓഖി ദുരന്തത്തിൽ കാണാതായവരുടെ എണ്ണം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ലത്തീൻസഭയുടെ കണക്കുകൾ തമ്മിലുളള വ്യത്യാസം അഭിപ്രായവ്യത്യാസത്തിന് ഇടയുണ്ടാക്കിയിരുന്നു.
കഴിഞ്ഞ വർഷം നവംബർ അവസാനമായിരുന്നു ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി എന്നിവിടങ്ങളിലാണ് കേരളത്തിൽ ഓഖി ഏറെ ദുരന്തം വിതച്ചത്.
ഓഖി ദുരന്തത്തിൽ 70 ലേറെ പേർ മരിച്ചു. ഓഖി ദുരന്തത്തിൽപ്പെട്ടവർ ഇപ്പോഴും തങ്ങൾ നേരിട്ട അവസ്ഥയിൽ നിന്നും മോചിതരായിട്ടില്ല. പലർക്കും തിരികെ കടലിലെ ജോലിക്ക് പോകാൻ കഴിയാത്ത മാനസികാവസ്ഥയിലാണ്.
ഓഖി ദുരന്തം വിട്ടൊഴിയാതെ കടൽത്തീരങ്ങളിൽ ഇന്നും ഭീതിയുടെ തിരമാലകളാണ് ഉയരുന്നത്. ക്രിസ്മസ് കാലത്ത് എല്ലാവരും തിരികെയെത്തുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായത്.