കൊച്ചി: ഓഖി ദുരന്തത്തിൽ പെട്ടവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ലത്തീൻ കത്തോലിക്കാ സഭ ഹൈക്കോടതിയെ സമീപിക്കുന്നു. ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കാണാതായി എന്ന് ലത്തീൻ കത്തോലിക്ക സഭ നൽകിയ കണക്കു പ്രകാരമുളളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് സഭ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സഭയുടെ കണക്കും സർക്കാരിന്രെ കണക്കും തമ്മിൽ വ്യത്യാസമുണ്ട്. സഭ ഹൈക്കോടതിയിൽ​ഹേബിയസ് കോർപ്പസ് ഹർജി നൽകുമെന്ന സഭയുടെ വികാരി ജനറൽ ഫാ.യൂജിൻ പെരേര പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഓഖി ദുരന്തത്തിൽ കാണാതായ മൽസ്യത്തൊഴിലാളികളുടെ കണക്കിൽ സർക്കാരും സഭയും രണ്ടു തട്ടിലാണ്. തിരുവനന്തപുരം ജില്ലയിൽനിന്നും കടലിൽ പോയ 177 പേരെ കണ്ടെത്താനുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. എന്നാൽ തിരുവനന്തപുരത്തുനിന്നും പോയ 242 പേർ മടങ്ങിയെത്തിയിട്ടില്ലെന്നാണ് സഭ പറയുന്നത്. കൊച്ചിയിൽനിന്നും 119 പേരെയും കാണാതായിട്ടുണ്ടെന്ന് വീടുകൾ തോറും സന്ദർശിച്ച് സഭ തയ്യാറാക്കിയ പട്ടികയിൽ പറയുന്നു. പേരുകൾ ഉൾപ്പെടെ സർക്കാരിന് വിവരം കൈമാറിയിട്ടും കണക്കുകളുടെ കാര്യത്തിൽ പോലും വ്യക്തത ഉണ്ടാക്കുന്നില്ലെന്നാണ് സഭയുടെ ആരോപണം.

ഓഖി ചുഴലിക്കാറ്റിൽ കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീൻ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കു മാർച്ച് നടത്തിയിരുന്നു. ആയിരക്കണക്കിനു പേരാണ് മാർച്ചിൽ പങ്കെടുത്തത്. ആർച്ച് ബിഷപ്പ് ഡോ.എം.സൂസെപാക്യം ഉദ്ഘാടനം ചെയ്തു. ചുഴലിക്കാറ്റ് വീശി ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതായ 100 ലധികം മൽസ്യത്തൊഴിലാളികളെ കണ്ടെത്താൻ സാധിക്കാത്തതാണ് സഭയെ പ്രതിഷേധ സമരത്തിലേക്ക് നയിച്ചത്.

ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കേരളത്തിലും തമിഴ്നാട്ടിലുമായി 600 മൽസ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുളളത്. ഇവരിൽ 186 പേർ കേരളത്തിൽനിന്നും 433 പേർ തമിഴ്നാട്ടിൽനിന്നുമുള്ളവരാണ്. കാണാതായവരുടെ യഥാർഥ കണക്ക് ഇനിയും ഇരു സംസ്ഥാനങ്ങളും നൽകിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. നിലവിലുള്ള കണക്കു പ്രകാരം ദുരന്തത്തിൽ മരിച്ച മൽസ്യത്തൊഴിലാളികളുടെ എണ്ണം കേരളത്തിൽനിന്ന് 68, തമിഴ്നാട്ടിൽനിന്ന് 14 എന്നിങ്ങനെയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.