തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായ 104 മൽസ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ലക്ഷദ്വീപ് കൽപ്പേനിക്കു സമീപത്തുനിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവർ ഇപ്പോൾ കൽപ്പേനിയിലാണുളളത്. മൽസ്യത്തൊഴിലാളികളെ കണ്ടത്തിയ വിവരം ദക്ഷിണ നിവകസേന കമാൻഡർ ആർ.ജെ.നക്കാണി സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ഭാഗത്തുനിന്ന് കാണാതായ 170 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. നാവികസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകളും കപ്പലുകളും ഇവർക്കായുളള തിരച്ചിൽ തുടരുകയാണ്. തമിഴ്‌നാട്ടില്‍നിന്നുള്ള ദുരന്തനിവാരണസേനയും തിരച്ചിലില്‍ ഒപ്പമുണ്ട്.

ഇതുവരെ 300 മത്സ്യത്തൊഴിലാളികളെ കരയിലെത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നു പോയ 102 പേര്‍ തിരിച്ചെത്താനുണ്ടെന്ന് ജില്ലാ കളക്ടര്‍ വാസുകി അറിയിച്ചു. തിരുവനന്തപുരത്തെ വിഴിഞ്ഞം, പെരുമാതുറ എന്നിവിടങ്ങളില്‍നിന്ന് നൂറിലധികം ആളുകളെയാണ് കാണാതായത്. കാണാതായവരുടെ കണക്ക് ശേഖരിക്കാൻ വില്ലേജ് ഓഫീസർമാർക്ക് കലക്ടർമാർ നിർദ്ദേശം നൽകി.

തിരുവനന്തപുരം പൂന്തുറയിൽനിന്നും കടലിൽ മൽസ്യബന്ധനത്തിനുപോയ നൂറിലേറെ തൊഴിലാളികൾ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്നാണ് വിവരം. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന പതിമൂന്ന് പേര്‍ രാത്രിയോടെ മടങ്ങിയെത്തിയെങ്കിലും നൂറിലധികം പേര്‍ ഇനിയും എത്താനുണ്ട്. 29 വള്ളങ്ങളിലായി നൂറ്റമ്പതോളം പേര്‍ കടലില്‍ പോയെന്നാണ് കണ്‍ട്രോള്‍ റൂമിലെ കണക്ക്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ