തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുമെന്നുള്ള മുന്നറിയിപ്പ് ലഭിക്കാൻ വൈകിയെന്ന സർക്കാർ വാദത്തെ പിന്തുണച്ച കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വെട്ടിലായി. സർക്കാരിന് മുന്നറിയിപ്പ് നൽകാൻ വൈകിയെന്ന് ആദ്യം പറഞ്ഞ കണ്ണന്താനം പിന്നീട് കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയെന്ന് മാറ്റിപ്പറഞ്ഞാണ് തടിയൂരിയത്.

നവംബര്‍ 30ന് 12 മണിക്ക് മാത്രമാണ് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചതെന്നായിരുന്നു മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിനുശേഷം കണ്ണന്താനം പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും ഈ സമയത്ത് കണ്ണന്താനത്തിന്റെ സമീപത്ത് ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാന ബിജെപി നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കണ്ണന്താനത്തിനെ നേരിട്ടുവിളിച്ച് കുമ്മനം രാജശേഖരൻ കടുത്ത പ്രതിഷേധം അറിയിച്ചു.

ഒരു മണിക്കൂർ കഴിഞ്ഞ് വിഴിഞ്ഞത്ത് മാധ്യമങ്ങളെ കണ്ട കണ്ണന്താനം തന്റെ നിലപാട് മാറ്റി. മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നുവെന്നും ന്യൂനമര്‍ദമുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നും 29ന് അറിയിച്ചിരുന്നുവെന്നും പറഞ്ഞു. മല്‍സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന് കേന്ദ്രം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ