കൊച്ചി: ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും അടുത്ത 24 മണിക്കൂറിന് ശേഷം ന്യൂനമർദ്ദം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കു-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
മത്സ്യ തൊഴിലാളികൾ നവംബർ 9 ന് ആൻഡമാൻ കടലിൽ മത്സ്യബന്ധനത്തിന് പോകരുത്. നവംബർ 10 ന് ആൻഡമാനിലും ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ-മധ്യകിഴക്കൻ ഭാഗങ്ങളിലും മത്സ്യബന്ധനത്തിന് പോകരുത്. നവംബർ 11 ന് ആൻഡമാൻ കടലിന്റെ വടക്കൻ ഭാഗത്തും, ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും മത്സ്യബന്ധനം നടത്തരുത്. നവംബർ 12 ന് ബംഗാൾ ഉൾക്കടലിന്റെ മധ്യകിഴക്കൻ, തെക്കുകിഴക്കൻ, മധ്യപടിഞ്ഞാറൻ ഭാഗങ്ങളിൽ മത്സ്യബന്ധനം നടത്തുന്നത് ജീവൻ നഷ്ടപ്പെടാൻ വരെ കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
തെക്കൻ ചൈനയുടെയും ഗൾഫ് ഓഫ് തായ്ലൻഡിന്റെയും മുകളിലായി രൂപം കൊണ്ട സൈക്ലോണിക് സർക്കുലേഷന്റെ ഫലമായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഗൾഫ് ഓഫ് തായ്ലൻഡിന്റെയും മലായ് പെനിൻസുലയുടെയും മുകളിലാണ് ന്യുനമർദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിൽ ഈ ന്യൂനമർദ്ദം ആൻഡമാൻ കടലിലേക്ക് നീങ്ങും. പിന്നീടുള്ള 24 മണിക്കൂറുകളിൽ ഈ ന്യൂനമർദ്ദം പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിലേക്കാവും നീങ്ങുക. ഇത് കൊടുങ്കാറ്റായി മാറാനും സാധ്യതയുണ്ട്.
ആൻഡമാൻ കടലിൽ ഇതിന്റെ ഫലമായി നാളെ കാറ്റിന്റെ വേഗത മണിക്കൂറിൽ 30 – 40 കിമീ വരെയാകും. ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിമീ വരെയുമാകും. കടൽ പ്രക്ഷുബ്ദ്ധമോ അതി പ്രക്ഷുബ്ദ്ധമോ ആകാൻ സാധ്യതയുണ്ട്.
ആൻഡമാൻ കടലിലും, ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ-മധ്യകിഴക്കൻ ഭാഗങ്ങളിലും നവംബർ 10 ന് കാറ്റിന്റെ വേഗത 50 കി.മീ ആകും. ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി.മീ ആകാനും സാധ്യതയുണ്ട്. നവംബർ 11 ന് വടക്ക് ആൻഡമാൻ കടലിലും, തെക്കുകിഴക്കൻ, മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 50 -60 കിമീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കി.മി വരെയും ആകാൻ സാധ്യതയുണ്ട്.
നവംബർ 12 ന് ബംഗാൾ ഉൾക്കടലിലെ മധ്യകിഴക്കൻ-തെക്കുകിഴക്കൻ ഭാഗങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 -70 കി.മി വരെയാകും. ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കി.മി വരെയും കാറ്റിന് വേഗമുണ്ടാകും.