Cyclone Kyarr, Weather forecast Today : ന്യൂഡല്‍ഹി: ക്യാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ പടിഞ്ഞാറന്‍ തീരത്ത് ഇന്ത്യന്‍ തീരസംരക്ഷണ സേന തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ഊര്‍ജിതമാക്കി.

കടലില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യബന്ധന ബോട്ടുകള്‍ കണ്ടെത്താന്‍ ഡോണിയര്‍ വിമാനം ഇടയ്ക്കിടെ നിരീക്ഷണപ്പറക്കല്‍ നടത്തുണ്ട്. കണ്ടെത്തുന്ന ബോട്ടുകളുടെ സ്ഥാനം കോസ്റ്റ് ഗാര്‍ഡ് കപ്പലുകളില്‍ എത്തിക്കുന്നുണ്ടെന്നും സേന വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും ചിലയിടങ്ങളിൽ അതിന്റെ സ്വാധീനം മൂലം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ കാസർകോടിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഒക്ടോബര്‍ 30 വരെ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനിടയുണ്ട്. 26, 27 തീയതികളില്‍ കേരള തീരത്ത് ശക്തമായ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങാന്‍ സാധ്യതയുണ്ട്.

ക്യാര്‍ ചുഴലിക്കാറ്റ് അറബിക്കടലില്‍ ചുറ്റിത്തിരിയുന്നതിനാല്‍ തെക്കന്‍ ഗുജറാത്തിലെയും സൗരാഷ്ട്രയിലെയും പ്രദേശങ്ങളില്‍ അടുത്ത നാല് ദിവസങ്ങളില്‍ ചെറിയതോതില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒഡിഷ, അസം, മേഘാലയ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read Also: Kerala Weather: കേരളത്തിൽ വരുംദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ

അടുത്ത 24 മണിക്കൂറിനുള്ളില്‍, ഞായറാഴ്ച ഉച്ചവരെ തെക്ക് ഗുജറാത്ത് തീരത്തും പുറത്തും കടല്‍ പ്രക്ഷുബ്ധമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സമയത്ത് തെക്കന്‍ ഗുജറാത്ത് തീരത്തേക്കു കടക്കരുതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മത്സ്യത്തൊഴിലാളികളോട് നിര്‍ദേശിച്ചു.

ക്യാര്‍ ശക്തമായ ചുഴലിക്കൊടുങ്കാറ്റായി മാറി മഹാരാഷ്ട്രയിലെ രത്നഗിരിയുടെ 270 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ്, മുംബൈയില്‍നിന്ന് 360 കിലോമീറ്റര്‍ തെക്ക്-തെക്ക് പടിഞ്ഞാറ്, ഒമാനിലെ സലാലയില്‍നിന്ന് 1,780 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്ക് മേഖലയിലായി കിഴക്കന്‍-മധ്യ അറേബ്യക്കടലില്‍ ഇന്നു രാവിലെ രാവിലെ 5:30നു കേന്ദ്രീകരിച്ചിരുന്നു.

Read Also: അറബിക്കടലിൽ ‘ക്യാർ’ ചുഴലിക്കാറ്റ് രൂപം കൊണ്ടു; കാസർഗോഡ് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

അതിതീവ്ര ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ഗോവയിലെത്തിയ വിനോദസഞ്ചാരികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും കാറ്റിന്റെ സ്വാധീനം കാരണം ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.  ചുഴലിക്കാറ്റ് അടുത്ത 6 മണിക്കൂറിനുളളിൽ മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറേക്കു നീങ്ങും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.