തൃശൂര്‍: ചാലക്കുടിയില്‍ വീണ്ടും ചുഴലിക്കാറ്റ് വീശി. നിരവധി വീടുകള്‍ക്ക് കേടുപാടു സംഭവിച്ചു. വീടുകളുടെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പറന്നു പോകുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ശക്തമായ കാറ്റ് വീശി.
ഇന്നു രാവിലെ ആറരയോടെയാണ് ചാലക്കുടിയില്‍ ചുഴലിക്കാറ്റ് വീശിയത്. വെട്ടുക്കടവില്‍ ചുഴലിക്കാറ്റ് രൂപപ്പെടുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ചുഴലിക്കാറ്റ് വീശുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.
വീടുകളുടെ മേല്‍ക്കൂരയുടെ ഷീറ്റുകള്‍ പറന്നുപോയി. എന്നാല്‍, ആര്‍ക്കും അപകടങ്ങളില്ല. പലയിടത്തും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
കൊടുങ്ങല്ലൂരില്‍ വീശിയ ശക്തമായ കാറ്റില്‍ രണ്ടു വീടുകളുടെ ഓടുകള്‍ പറന്നുപോയി. ശക്തമായ കാറ്റാണ് കൊടുങ്ങല്ലൂരില്‍ വീശിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. രാവിലെ മുതല്‍ ശക്തമായ മഴയും പെയ്യുന്നുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊള്ളുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. എട്ടുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതല്‍ ബുധനാഴ്ചവരെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മറ്റുജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും ബാധകമാണ്. ഇവിടങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.