കൊച്ചി: ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ വീശിയടിച്ചിട്ട് ആഴ്ചയൊന്നായി. മുൻപ് വെളളപ്പൊക്കത്തിൽ ചെന്നൈ നഗരം മുങ്ങിയപ്പോൾ കൈയ്യും മെയ്യും മറന്ന് ആ നാടിനെ സാധാരണ നിലയിലേക്ക് പിടിച്ചുയർത്താൻ മുന്നിൽ മലയാളികളും ഉണ്ടായിരുന്നു. എന്നാൽ ഇക്കുറി ഗജ വീശിയടിച്ചപ്പോൾ ആ ആവേശം മലയാളികളുടെ ഭാഗത്ത് നിന്നുണ്ടായില്ല.

നവംബർ 16 ന് തമിഴ്‌നാട് തീരത്തെത്തിയ ഗജ ചുഴലിക്കാറ്റ് 63 ജീവനുകളാണ് കവർന്നത്. നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, പുതുക്കോട്ട തുടങ്ങിയ ജില്ലകളിലായി വിതച്ചത് 20000 കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ്. വീടും സ്വത്തും നഷ്ടപ്പെട്ട് പെരുവഴിയിലായത് ആയിരങ്ങളാണ്.

ചെന്നൈയെ തളർത്തിയ വെളളപ്പൊക്ക കാലത്തെ സഹായം തമിഴർ മറന്നില്ല. അന്ന് ചെന്നൈയെ സഹായിക്കാൻ വേണ്ടി രൂപംകൊടുത്ത കൂട്ടായ്മയാണ് അൻപോട് കൊച്ചി. ആ ഹൃദയവിശാലത തമിഴർ മറന്നില്ല. കേരളം പ്രളയക്കെടുതിയിൽ പെട്ടപ്പോൾ ആ നാടും സഹായഹസ്തവുമായെത്തി.

പ്രളയ കാലത്ത് കടവന്ത്ര റീജണൽ സ്പോർട്‌സ് സെന്ററിൽ അൻപോട് കൊച്ചി തുറന്ന ദുരിതാശ്വാസ സഹായ സംഭരണ കേന്ദ്രത്തിന്റെ കാഴ്ച

എന്നാൽ ഇന്നതല്ല സ്ഥിതി. ഗജ ചുഴലിക്കാറ്റ് നാശം വിതച്ച നാട്ടിൽ മലയാളികളുടെ കൈസഹായം കുറവാണ്. അൻപോട് കൊച്ചിയും എറണാകുളം ജില്ല ദുരന്ത നിവാരണ വകുപ്പും സംയുക്തമായി ഗജ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. എന്നാൽ വ്യക്തികൾ സഹായവുമായി എത്തുന്നത് തീർത്തും കുറവാണ്.

“ഇതുവരെ മൂന്ന് ലോഡ് സാധനങ്ങൾ തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ട്,” എന്ന് ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുളള പറയുന്നു. പക്ഷെ, പോയ സാധനങ്ങൾ ഇവയാണ്. 3000 ടാർപോളിൻ, 1500 പാക്കറ്റ് പാചക എണ്ണ, ബിസ്കറ്റ്, കൊതുകുവല, മെഴുകുതിരി… ഇത്രയും ചുരുക്കമാണ് സഹായമായി കിട്ടിയ സാധനങ്ങളുടെ എണ്ണം. ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനും എന്ത് ചെയ്യുമെന്നറിയാതെ നൂറ് കണക്കിന് പേർ ആശങ്കയോടെ കഴിയുമ്പോഴാണ് ദുരിതാശ്വാസ സഹായ സ്വീകരണ കേന്ദ്രങ്ങൾ ആളും അനക്കവുമില്ലാതെ കിടക്കുന്നത്.

കേരളത്തിൽ നിന്ന് ഇക്കുറി ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും പുതപ്പുകളും ഒന്നും പോയിട്ടില്ല. അതിന് കാരണങ്ങളായി അധികൃതർ പറയുന്നത് കേരളത്തിലെ സമീപകാലത്തുണ്ടായ സംഭവങ്ങൾ തന്നെയാണ്.

“ഗജ ചുഴലിക്കാറ്റ് തമിഴ് നാട്ടിൽ സൃഷ്ടിച്ച ആഘാതം എത്രയെന്ന് മലയാളികൾക്ക് മനസിലായിട്ടില്ല. മാധ്യമങ്ങളെല്ലാം ശബരിമലയ്ക്ക് പിന്നാലെ പോയപ്പോൾ ദുരിതത്തിന്റെ ആഘാതം ജനങ്ങൾക്ക് അറിയാൻ സാധിക്കാതെ പോയി. പിന്നെ പ്രളയത്തിന്റെ സമയത്ത് കേരളത്തിന് വേണ്ടി നടത്തിയ പരിശ്രമങ്ങൾ ചെറുതല്ലല്ലോ. ജനങ്ങൾ അതിൽ നിന്നൊക്കെ കരകയറുന്നതല്ലേ ഉളളൂ,” കളക്ടർ പറഞ്ഞു.

വെളളി, ശനി ദിവസങ്ങളിലാണ് എറണാകുളം കടവന്ത്രയിലെ റീജണൽ സ്പോർട്സ് സെന്ററിൽ ദുരിതാശ്വാസത്തിന് വേണ്ടി സാധനങ്ങൾ സ്വീകരിക്കാൻ കളക്ഷൻ പോയിന്റുകൾ തുറന്നത്.

“ഞങ്ങൾ വോളന്റിയർ സപ്പോർട്ടാണ് ഇതിൽ നൽകുന്നത്. അമ്പതോളം വളന്റിയർമാർ കഴിഞ്ഞ ദിവസങ്ങളിൽ സാധനങ്ങൾ കയറ്റി അയക്കുന്നതിനും മറ്റും അവിടെയുണ്ടായിരുന്നു.” അൻപോട് കൊച്ചി എന്ന സന്നദ്ധ സംഘടനയുടെ പ്രതിനിധി ബിമൽ വാസു പറഞ്ഞു.

ശനിയാഴ്ച പകൽ 11.30 യോടെ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ പ്രതിനിധികൾ എത്തിയപ്പോൾ ഇവിടെ ആരുമുണ്ടായിരുന്നില്ല. സാധനങ്ങൾ സൂക്ഷിക്കുന്ന മുറി അടച്ചിട്ട നിലയിലായിരുന്നു. വാതിലിൽ ഗജ ചുഴലിക്കാറ്റ് ദുരിതാശ്വാസ സഹായ സ്വീകരണ കേന്ദ്രം എന്നെഴുതിയ പോസ്റ്ററുണ്ട്. സമാനമായ പോസ്റ്റർ ഒട്ടിച്ച രണ്ട് കസേരകൾ മുറിക്ക് പുറത്തുണ്ടായിരുന്നു. സമീപത്തൊന്നും ആരുമുണ്ടായിരുന്നില്ല.

“സഹായങ്ങൾ വരുന്നത് കുറവാണ്. പക്ഷെ അത് മാത്രമല്ല ജില്ല ഭരണകൂടം ചെയ്തത്. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുളള 14 ഡോക്ടർമാരുടെ സംഘത്തെ നാഗപട്ടണത്തും വേളാങ്കണി ഭാഗത്തുമായി നിയോഗിച്ചിട്ടുണ്ട്. ഗജ ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടത്തെ കുറിച്ച് ജനങ്ങളെ അറിയിക്കാൻ സോഷ്യൽ മീഡിയയിലും ഇടപെടുന്നുണ്ട്,” ജില്ല കളക്ടർ വിശദീകരിച്ചു.

എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുളള ഡോക്ടർ നാഗപട്ടണത്ത് ചികിത്സ നൽകുന്നു

ഇന്നും നാളെയുമായി രണ്ട് ലോഡ് സാധനങ്ങൾ കൂടി തമിഴ് നാട്ടിലേക്ക് അയക്കുമെന്ന് കളക്ടർ പറഞ്ഞു. അതേസമയം ടാർപോളിൻ, എണ്ണ, തുടങ്ങിയ സാധനങ്ങളാണ് ഇനിയും കയറ്റി അയക്കാനുളളത്. ഇവ വ്യാപാരികളിൽ നിന്നും മറ്റും ശേഖരിക്കുന്നതാണ്. വ്യക്തികൾ സ്വമേധയാ നൽകുന്ന സഹായങ്ങൾ കുറവാണ്.

No automatic alt text available.

പ്രളയം ലോകത്തെ പഠിപ്പിച്ച മനുഷ്യത്വത്തിന്റെ പേരാണ് മലയാളി. കേരളപ്പെരുമ ലോകമാകെ പ്രചരിച്ച് ദിവസങ്ങൾക്കകം ആപത്തിൽ പെട്ടവനെ മലയാളി മറന്നുപോകുന്നുവെന്ന ദു:ഖം മറച്ചുവയ്ക്കുന്നില്ല ആരും. പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നാണ് മുഹമ്മദ് സഫീറുളള പറഞ്ഞത്. കളക്ഷൻ പോയിന്റുകൾ വരുന്ന ദിവസങ്ങളിലും പ്രവർത്തിക്കും. കൂടുതൽ പേർ സഹായവുമായി എത്തുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.