തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ചതിന്റെ പശ്ചാത്തലത്തിൽ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങ് സര്‍ക്കാര്‍ ഒഴിവാക്കി. നിശാഗന്ധിയില്‍ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കും. ദുരന്തത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളും മരണങ്ങളും കണക്കിലെടുത്താണ് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി അറിയിച്ചു.

ഉദ്ഘാടന ദിവസത്തിനു പുറമെ ടാഗോർ തിയേറ്ററിൽ എല്ലാ ദിവസവും നടത്താൻ നിശ്ചയിച്ചിരുന്ന സാംസ്കാരിക പരിപാടികളും വേണ്ടെന്നു വച്ചിട്ടുണ്ട്. ഇന്ന് ആയിരം ഡെലിഗേറ്റ് പാസുകൾ കൂടി വിതരണം ചെയ്യേണ്ടതായിരുന്നു. എന്നാൽ ഓഖി വിതച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതും മാറ്റിവച്ചു.

മേളയുടെ ഡെലിഗേറ്റ് സെല്‍ നാളെ രാവിലെ മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യുമെന്നും അറിയിപ്പുണ്ടായിരുന്നു. അതും മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍, ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡിസംബർ 8ന് ആണ് കേരള രാജ്യാന്തര ചലച്ചിത്രമേള ആരംഭിക്കുന്നത്.

ഓഖി ചുഴലിക്കാറ്റിൽ ഇതുവരെ 30ഓളം പേരാണ് ഇതുവരെ മരിച്ചത്. ഇനിയും 90ഓളം പേരെ രക്ഷപ്പെടുത്താനുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരമാൻ ദുരിത ബാധിത മേഖല സന്ദര്‍ശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ