scorecardresearch

Cyclone Burevi: ഓഖിയുടെ ഓർമനാളുകളിൽ ബുറെവി എത്തുമ്പോൾ

അസാധാരണ ചുഴലിക്കാറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ച ബുറൈവി കേരളത്തിന്റെ തെക്കൻ മേഖലകളിൽ ആശങ്കയുണർത്തുകയാണ്

Cyclone Burevi: ഓഖിയുടെ ഓർമനാളുകളിൽ ബുറെവി എത്തുമ്പോൾ

Cyclone Burevi: തമിഴ്നാട്ടിൽ വലിയ നാശം വിതച്ച നിവാറിന് പിറകേ ബുറെവി ചുഴലിക്കാറ്റ് എത്തുമ്പോൾ തെക്കൻ കേരളം ആശങ്കയിലാണ്. ബുറെവി ഇന്ന് കേരളത്തില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം. കേരളത്തിലെത്തുമ്പോള്‍ കാറ്റിന് വേഗത കുറയുമെന്നാണ് വിവരം. കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് കേരളത്തിലേക്ക് കടക്കുക.

’ബുറെവി’ ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബുറെവി ഇന്ന് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ പാമ്പന്‍ തീരത്തെത്തുമെന്ന് പ്രവചനം. വൈകുന്നേരത്തോടെ ശക്തി കുറയുന്ന ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദമായിട്ടായിരിക്കും കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ട്രിങ്കോമാലിക്കും മുല്ലൈത്തീവിനും ഇടയില്‍ 90 കിലോമീറ്റര്‍ വേഗതയിൽ ശ്രീലങ്കന്‍ തീരം തൊട്ട ബുറെവി അവിടെ വൻ നാശമാണ് വിതച്ചിരിക്കുന്നത്. ജാഫ്ന, മുല്ലൈത്തീവ്, കിള്ളിനോച്ചി മേഖലയിൽ കനത്ത പേമാരിയും കാറ്റും തുടരുകയാണ്. നിരവധി വീടുകൾ തകർന്നതായും മരങ്ങൾ കടപുഴകിയതായുമാണ് റിപ്പോർട്ടുകൾ. അതേസമയം, തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ മഴ ശക്തമാണ്.

ബുറെവി ആറ്റിങ്ങല്‍- വര്‍ക്കല തീരം വഴി അറബിക്കടലില്‍ പ്രവേശിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കനത്ത മഴയിലെ ജലപ്രവാഹം കണക്കിലെടുത്ത് അണക്കെട്ടുകൾ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. തെക്കൻ ജില്ലകളിൽ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ മൂന്നാം വർഷത്തിലാണ് ആശങ്കയുടെ കാറും കോളുമായി ബുറൈവി എത്തുന്നത്.

ബുറെവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് തിരുവനന്തപുരം ശംഖുമുഖം കടൽത്തീരത്ത് കയറ്റിയിട്ടിരിക്കുന്ന മീൻപിടിത്ത വള്ളങ്ങൾ. ഫൊട്ടോ: മഹീൻ ഹസൻ

2017ൽ വീശിയടിച്ച ഓഖിയാണ് സമീപകാലത്ത് കേരളത്തെ സാരമായി ബാധിച്ച ചുഴലിക്കാറ്റ്. തമിഴ്നാടിനെ സംബന്ധിച്ച് ഇത് നിവാർ ചുഴലിക്കാറ്റിന് പിറകെ വീശുന്ന ചുഴലിക്കാറ്റാണ്. നിവാർ സംസ്ഥാനത്തിന്റെ കിഴക്കൻ തീരമേഖലകൾ കടന്നാണ് വീശിയതെങ്കിൽ ബുറൈവി സംസ്ഥാനത്തിന്റെ തെക്കേ അറ്റം വഴിയാണ് കടന്നുപോവുന്നത്. 

Read More: ‘ബുറെവി’യുടെ ഗതി മാറും; നാല് ജില്ലകളിൽ റെഡ് അലർട്ട്

അസാധാരണ ചുഴലിക്കാറ്റായതിനാൽ കാറ്റിന്റെ സഞ്ചാരപഥം ഏറെ നിർണായകമാണെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിൽ ചുഴലിക്കാറ്റ് തീരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗം വഴി മാത്രമാണ് കടന്നുപോവുക എന്നായിരുന്നു ആദ്യ ഘട്ടത്തിലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) ആദ്യ ഘട്ട കാലാവസ്ഥാ മുന്നറിയിപ്പ്. എന്നാൽ സംസ്ഥാനത്തെ കൂടുതൽ ജില്ലകളിലൂടെ ‘ബുറെവി’ കടന്നുപോയേക്കും എന്ന് ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് വ്യക്തമാകുന്നു. ചുഴലിക്കാറ്റ് കൊല്ലം ജില്ലയുടെ അതിർത്തിയിൽ പ്രവേശിക്കാൻ സാധ്യത വർധിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കനത്ത കാറ്റിനും മഴയ്ക്കുമുള്ള മുന്നറിയിപ്പും ജാഗ്രതാ നിർദേശവും ഐഎംഡി പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെയാണ് ഈ പ്രകൃതിക്ഷോഭം കടന്നുവരുന്നത്. തദ്ദേശഭരണ സമിതികൾ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് പിരിച്ചുവിട്ട സാഹചര്യത്തിൽ താഴേത്തട്ടിൽ അടിയന്തരര സാഹചര്യം നേരിടുന്നതിനുള്ള ഏകോപന പ്രവർത്തനങ്ങൾക്കായി പ്രാദേശിക ജനപ്രതിനിധികളില്ല. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാവും താഴേത്തട്ടിലുള്ള ഏകോപന പ്രവർത്തനങ്ങൾ.

ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ വിവിധ സർക്കാർ വകുപ്പുകൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒപ്പം ജനങ്ങൾക്കുള്ള മുൻ കരുതൽ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് രോഗവ്യാപന സാഹചര്യങ്ങൾകൂടി കണക്കിലെടുത്ത് കനത്ത ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിക്കുന്നു.

ബുറൈവി ചുഴലിക്കാറ്റിന്റെ പാത

​തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് കിഴക്കുനിന്നു സഞ്ചരിച്ച് തമിഴ്നാട്ടിലെ തെക്കൻ മേഖലകൾ വഴിയാണ് സംസ്ഥാനത്തെത്തുക. ശ്രീലങ്കയിൽ തീരം പതിച്ച ശേഷം കാറ്റ് തെക്കന്‍ തമിഴ്നാടിൽ പാമ്പനും കന്യാകുമാരിക്കുമിടയിൽ തീരം കടക്കുമെന്നാണ് പ്രവചനം.ഏറ്റവും ഒടുവിലത്തെ വിവരപ്രകാരം കന്യാകുമാരിയില്‍നിന്ന് ഏതാണ്ട് 320 കിമീ അകലത്തിലാണ് ബുറെവിയുടെ സ്ഥാനം. 

Read More: അസാധാരണ ചുഴലിക്കാറ്റെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിയോട് സംസാരിച്ചു

കേരളത്തിൽ എത്തുന്നതെപ്പോൾ

ബുധനാഴ്ച അർധരാത്രിയോടെ ശ്രീലങ്കൻ തീരത്ത് എത്തിയ ​ബുറെവി വ്യാഴാഴ്ച രാത്രിയോടെയോ വെള്ളിയാഴ്ച രാവിലെയോടെയോ പാമ്പനും കന്യാകുമാരിക്കുമിടയിൽ തമിഴ്‌നാട് തീരത്ത് പ്രവേശിക്കാനാണ് സാധ്യത. വെള്ളിയാഴ്ച ഉച്ചയോടുകൂടി തന്നെ ചുഴലിക്കാറ്റ് കേരളത്തിലേക്കും പ്രവേശിക്കാനിടയുണ്ട്.

ഡിസംബർ മൂന്നു മുതൽ അഞ്ചു വരെ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

കാറ്റിനും മഴയ്ക്കും സാധ്യത

​തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മൂന്നിന് മഴയുടെ തീവ്രത അതിശക്തമാകുമെന്ന് ഐഎംഡിയുടെ മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.

Read More: ‘ബുറെവി’ ചുഴലിക്കാറ്റ് എന്തുകൊണ്ട് ‘നിവാർ’ പോലെ ശക്തമാകില്ല?

ഈ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഇടുക്കി ജില്ലയിൽ ചില ഭാഗങ്ങളിലും മണിക്കൂറില്‍ 60 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. എറണാകുളത്തും ഇടുക്കിയിലെ മറ്റ് ഭാഗങ്ങളിലും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

റെഡ്,ഓറഞ്ച്, യെല്ലോ അലർട്ടുകൾ

​സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ മൂന്നിനും അഞ്ചിനും ഇടയിലുള്ള ദിവസങ്ങളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബര്‍ മൂന്ന്:

 • ​റെഡ് അലർട്ട്- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍.
 • ഓറഞ്ച് അലര്‍ട്ട്-കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍.
 • യെല്ലോ അലര്‍ട്ട്- തൃശൂര്‍, പാലക്കാട് ജില്ലകളില്‍.

നാല്:

 • ​ഓറഞ്ച് അലർട്ട്- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍.
 • യെല്ലോ അലര്‍ട്ട്- തൃശൂര്‍, പാലക്കാട് ജില്ലകളില്‍.

പൊതു മുന്നറിയിപ്പുകൾ

 • അതിതീവ്ര മഴ ലഭിക്കുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ട്.
 • മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
 • ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം.
 • വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, കടൽ, ജലപ്രവാഹം തുടങ്ങിയവ ശ്രദ്ധിക്കണം.
 • ശക്തമായ കാറ്റുമൂലം മരങ്ങള്‍ കടപുഴകി വീണും മരച്ചില്ലകള്‍, പോസ്റ്റുകള്‍, വൈദ്യുത ലൈനുകള്‍ തുടങ്ങിയവ പൊട്ടിവീണുമുള്ള അപകടങ്ങളെയും പ്രതീക്ഷിക്കണം.
 • മരച്ചുവട്ടില്‍ നില്‍ക്കുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കണം.
 • സഹായത്തിനായി കണ്‍ട്രോള്‍ റൂമിലെ 1077 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കും.
 • മൂന്നു മുതൽ അഞ്ചു വരെ തീയതികളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
 • ജാഗ്രത പാലിച്ചുകൊണ്ട് തദ്ദേശഭരണ തെരഞ്ഞെടുപ്പിനാവശ്യമായ സജ്ജീകരണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതാണ്.

ശ്രദ്ധിക്കേണ്ട മറ്റു  കാര്യങ്ങൾ

 • വീടുകളിലും കെട്ടിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഷീറ്റുകള്‍ ബലപ്പെടുത്തണം
 • വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകൾ കൊളുത്തിട്ട് സുരക്ഷിതമാക്കണം. വാതിലുകളും ഷട്ടറുകളും അടയ്ക്കണം. മരങ്ങൾ ഒടിഞ്ഞു വീഴാതിരിക്കാൻ കോതി ഒതുക്കണം
 • തീവ്രമായ മഴ, കാറ്റ്, വെള്ളപ്പൊക്കം എന്നിവയുടെ സാഹചര്യത്തിൽ വളർത്തുമൃഗങ്ങളെ കെട്ടിയിടുകയോ കൂട്ടിൽ അടച്ചിടുകയോ ചെയ്യരുത്.
 • അതാതു സമയത്തെ നിർദേശങ്ങൾ അറിയുന്നതിന് വാർത്താ മാധ്യമങ്ങൾ ശ്രദ്ധിക്കണം
 • കുട്ടികൾ, വയോധികർ, കിടപ്പുരോഗികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ഭിന്നശേഷിക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്തുക
 • മൊബൈൽ ഫോൺ, ലാപ്ടോപ്, യു.പി.എസ്., ഇൻവെർട്ടർ എന്നിവയിൽ ആവശ്യമായ ചാർജ് ഉണ്ടെന്ന് ഉറപ്പാക്കണം
 • മെഴുകുതിരി, തീപ്പെട്ടി, സാധ്യമെങ്കില്‍ റേഡിയോ, ചാര്‍ജ്ജ് ചെയ്ത മൊബൈലുകള്‍, മരുന്ന്, അത്യാവശ്യ ആഹാര സാധനങ്ങള്‍ എന്നിവ കരുതണം
 • വിലപ്പെട്ട രേഖകളും മറ്റുള്ളവയും പ്രത്യേകം സൂക്ഷിക്കണം

എമർജൻസി കിറ്റ് തയാറാക്കണം

​പ്രകൃതിക്ഷോഭ സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ആവശ്യമായ മുന്നൊരുക്കങ്ങൾ കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

എമർജൻസി കിറ്റിൽ ഉൾപ്പെടുത്തേണ്ടവ:

 • ​ഒരു ദിവസത്തേക്ക് ഒരാൾക്ക് ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളം
 • ബിസ്കറ്റ്, റസ്ക്, ഉണക്കമുന്തിരി, നിലക്കടല പോലുള്ള ലഘുഭക്ഷണ പദാർത്ഥങ്ങൾ
 • ഫസ്റ്റ് എയ്ഡ് കിറ്റ്, അതിൽ പ്രമേഹം, രക്തസമ്മർദം, ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്കുള്ള ദിവസേന കഴിക്കുന്ന മരുന്നുകൾ ക്ലോറിൻ ടാബ്ലറ്റുകൾ എന്നിവ.
 • ആധാരം, ലൈസൻസ്, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ തുടങ്ങി വിലയേറിയ രേഖകൾ, അത്യാവശ്യത്തിനുള്ള പണം
 • ദുരന്തസമയത്ത് അപ്പപ്പോൾ നൽകുന്ന മുന്നറിയിപ്പുകൾ കേൾക്കാൻ റേഡിയോ
 • വ്യക്തിശുചിത്വ വസ്തുക്കളായ ടൂത്ത് പേസ്റ്റ്, ടൂത്ത്ബ്രഷ്, റേഡിയോ, സാനിറ്ററി പാഡ്, ടിഷ്യു പേപ്പർ എന്നിവ
 • ഒരു ജോഡി വസ്ത്രം
 • ഭിന്നശേഷിക്കാരാണെങ്കിൽ അവർ ഉപയോഗിക്കുന്ന സഹായ ഉപകരണങ്ങൾ
 • വെളിച്ചത്തിനായി മെഴുകുതിരിയും തീപ്പെട്ടിയും പ്രവർത്തനസജ്ജമായ ടോർച്ചും ബാറ്ററിയും
 • രക്ഷാ പ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കുന്നതിനുള്ള വിസിൽ
 • അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ കത്തിയോ ബ്ലേഡോ
 • മൊബൈൽ ഫോൺ, ചാർജർ, പവർബാങ്ക്
 • സാനിറ്റൈസറും സോപ്പും
 • മാസ്ക്

മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകൾ

 • മീൻപിടിത്തത്തിന് ഡിസംബർ അഞ്ചുവരെ വിലക്ക്
 • ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലില്‍ പോകുന്നത് പൂര്‍ണമായി നിരോധിച്ചു. വിലക്ക് എല്ലാതരം മീൻപിടിത്ത യാനങ്ങള്‍ക്കും ബാധകം
 • നിലവില്‍ മീൻപിടിത്തത്തിൽ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും വേഗം ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു
 • ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമാക്കണം.

​സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ അധികൃതർ പ്രചരിപ്പിച്ചിരുന്നു. കടലിൽ പോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള നടപടികളും തുടരുന്നുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോവുന്നത് തടയണമെന്ന് സംസ്ഥാന പൊലീസ് മേധാവി പൊലീസ് സ്റ്റേഷനുകൾക്കും കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം നമ്പറുകൾ

​എല്ലാ ജില്ലകളിൽ നിന്നും കണ്‍ട്രോള്‍ റൂമിലെ 1077 എന്ന നമ്പറില്‍ ബന്ധപ്പെടാം. 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംഭവിച്ചേക്കാവുന്ന വൈദ്യുതി സംബന്ധമായ തകരാറുകള്‍ അറിയിക്കുന്നതിന് വിവിധ പ്രദേശങ്ങളിൽ കെഎസ്ഇബി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0471-2441399, 9446008756 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Burevi, ബുറെവി, Cyclone Burevi, ബുറെവി ചുഴലിക്കാറ്റ്, Cyclone Burevi live updates, ബുറെവി ചുഴലിക്കാറ്റ് തത്സമയ വാർത്തകൾ, Cyclone Burevi alert, ബുറെവി ചുഴലിക്കാറ്റ് ജാഗ്രതാനിർദേശം,burevi cyclon kerala, ബുറെവി ചുഴലിക്കാറ്റ് കേരളം, Cyclone Burevi rain kerala, ബുറെവി ചുഴലിക്കാറ്റ് മഴ, Cyclone Burevi rain alert in kerala, ബുറെവി ചുഴലിക്കാറ്റ് കേരളത്തിലെ മഴ മുന്നറിയിപ്പ് iemalayalam, ഐഇ മലയാളം
ബുറെവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് തിരുവനന്തപുരം ശംഖുമുഖം കടൽത്തീരത്ത് എത്തിയ ദുരന്തനിവാരണ സേന. ഫൊട്ടോ: മഹീൻ ഹസൻ

പ്രതിരോധ സേനകളുടെ സഹായം

​ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുള്ള പ്രതിരോധത്തിനായി എന്‍ഡിആര്‍എഫിന്‍റെ എട്ട് ടീമുകള്‍ എത്തിച്ചേര്‍ന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ സുലൂര്‍ എയര്‍ഫോഴ്സ് ബേസ് വഴി എയര്‍ഫോഴ്സിന്‍റെ സേവനങ്ങളും ലഭ്യമാക്കും.

എല്ലാ ജില്ലകളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്നുകഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നിട്ടുണ്ട്.

ഏത് സാഹചര്യവും നേരിടാനുള്ള തയാറെടുപ്പുകളാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. തിരുവനന്തപുരം ജില്ലയയിൽ എന്‍ഡിആര്‍എഫിന്റെ 20 അംഗ സംഘം എത്തിയിട്ടുണ്ട്. മലയോര മേഖലകള്‍, അപകടസാധ്യതാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.

മുൻകരുതൽ നടപടികൾ

​ചുഴലിക്കാറ്റിന്റെ ആഘാതം നേരിടുന്നതിന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ ക്രമീകരിക്കുന്നതടക്കമുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

 • ​ദുര്‍ബലമായ മേല്‍ക്കൂരയുള്ളതും അപകടകരമായ അവസ്ഥയിലുള്ളതുമായ വീടുകളെ കണ്ടെത്തി താമസക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിപാര്‍പ്പിക്കും.
 • അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും നീക്കം ചെയ്യും. നിയമാനുസൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും.
 • അപകടകരമായ രീതിയിലുള്ള ഇലക്ട്രിക് പോസ്റ്റുകള്‍, ലൈനുകള്‍ എന്നിവ ബലപ്പെടുത്തുന്നതിനായി വൈദ്യുതി ബോര്‍ഡിന്റെയും ദ്രുതകര്‍മ സേനയുടെയും സഹായം സ്വീകരിക്കും.
 • അടിയന്തര പ്രതികരണ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ദുരന്തനിവാരണ പദ്ധതി പ്രകാരമുള്ള സന്നദ്ധ സേവകരെ സജ്ജമാക്കുകയും ചെയ്യും.
 • കടലില്‍പോയ മത്സ്യതൊഴിലാളികളുടെ വിവരങ്ങള്‍ അടിയ ന്തരമായി ശേഖരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റികളെ അറിയിക്കും.
 • തിരുവനന്തപുരം ജില്ലയിൽ എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളും ജില്ലാ-താലൂക്ക് ആശുപത്രികളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

2849 ക്യാമ്പുകള്‍ കണ്ടെത്തി

​ചുഴലിക്കാറ്റ് കാരണം മാറ്റി പാര്‍പ്പിക്കേണ്ടിവരുന്നവര്‍ക്കായി സംസ്ഥാനത്ത് 2849 ക്യാമ്പുകള്‍ ഇതിനകം കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 217 ക്യാമ്പുകൾ തുറന്നു. 15,480 പേരെ ക്യാമ്പുകളിലേക്കു മാറ്റി.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് ആകെ 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

പോലീസ് സ്റ്റേഷനുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

​സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതു അടിയന്തിര സാഹചര്യവും നേരിടാന്‍ പോലീസ് സേന സുസജ്ജമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ആള്‍ക്കാരെ ഒഴിപ്പിക്കുന്നതിനും മറ്റു ദുരിതാശ്വാസ നടപടികള്‍ക്കുമായി പോലീസ് വാഹനം ഉപയോഗിക്കാം. റവന്യൂ, ദുരിന്തനിവാരണ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ ആവശ്യമെങ്കിൽ തീരപ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.

 • ​ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേകം കണ്‍ട്രോള്‍ റൂം തുറക്കണം.
 • ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിക്കാനും അടിയന്തിര സാഹചര്യങ്ങളിൽ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കണം.
 • മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയണം. ഇതിനായി കോസ്റ്റൽ വാര്‍ഡന്‍മാരുടെ സേവനം വിനിയോഗിക്കാം. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തണം.

തിരുവനന്തപുരം വിമാനത്താവളം അടയ്ക്കും

ബുറേവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ നിർത്തിവയ്ക്കും.

അണക്കെട്ടുകളിൽ നിയന്ത്രണം

​ചുഴലിക്കാറ്റിനോടനുബന്ധിച്ചുള്ള മഴക്കെടുതിയുടെ സാധ്യത പരിഗണിച്ച് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകൾ തുറന്നുവിടാനും സംഭരണ ശേഷി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിതീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടേണ്ട സാഹചര്യം ഉണ്ടായേക്കുമെന്ന് സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 • ​നെയ്യാര്‍, കല്ലട, കക്കി അണക്കെട്ടുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും.
 • നിലവില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, അരുവിക്കര, കൊല്ലം ജില്ലയിലെ കല്ലട, ഇടുക്കി ജില്ലയിലെ മലങ്കര, കുണ്ടള, പാലക്കാട് ജില്ലയിലെ ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാര്‍, പോത്തുണ്ടി, വയനാട് ജില്ലയിലെ കാരാപ്പുഴ എന്നീ അണക്കെട്ടുകള്‍ തുറന്നുവിട്ടിട്ടുണ്ട്.

ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം

​പത്തനംതിട്ട ജില്ലയിൽ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പുള്ളതിനാല്‍ ചുഴലിക്കാറ്റ് കടന്നുപോകുന്നത് വരെ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് സർക്കാർ അറിച്ചു. ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സർക്കാർ നിര്‍ദേശം നല്‍കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cyclone burevi details precations updates