തിരുവനന്തപുരം: ന്യൂനമര്‍ദ്ദം തിരുവനന്തപുരത്തു നിന്നും 300 മീറ്റര്‍ അകലെ എത്തിയെന്ന് സ്ഥിരീകരണം. ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്നും കാലാവസ്ഥ പ്രവചനം. അതേസമയം, നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദം കേരളത്തിന്റെ തീരത്തെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നേരത്തെ കന്യാകുമാരിക്ക് തെക്കും ശ്രീലങ്കയ്ക്ക് തെക്കു പടിഞ്ഞാറും രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദം കേരളത്തെ നേരിട്ടു ബാധിക്കുമെന്ന് ഇപ്പോള്‍ പ്രവചനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അപകടസാധ്യത കൂടുതലായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പതിനഞ്ചാം തിയതി വരെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനമര്‍ദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, 45 അംഗ ദേശീയ ദുരന്ത നിവാരണ സേന നാളെ രാവിലെ തൃശ്ശൂരിലെത്തും. ദുരന്ത നിവാരണ സേനയെ സഹായിക്കേണ്ട എല്ലാ കേന്ദ്രസേനകള്‍ക്കും ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളതീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ ആരും മാര്‍ച്ച് 15 വരെ കടലില്‍ പോകരുതെന്ന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

എല്ലാ തീരദേശ ഷെല്‍ട്ടറുകളും തയ്യാറാക്കി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. റിലീഫ് ഷെല്‍ട്ടറുകളുടെ താക്കോല്‍ തഹസില്‍ദാര്‍മാര്‍ കയ്യില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ