തിരുനന്തപുരം: പീഡോഫീലിയ പ്രോത്സാഹിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പേജിനെതിരെ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാതെ തിരുവനന്തപുരംത്തെ സൈബര്‍ പൊലീസും സൈബര്‍ ഡോമും. മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റും ആക്ടിവിസ്റ്റുമായ ജല്‍ജിത് തോട്ടോളില്‍ മെയ് പതിനെട്ടിനാണ് ഫെയ്‌സ്ബുക്കിലെ പീഡോഫീലിയയെ പ്രോത്സാഹിപ്പിക്കുന്ന പേജിനെതിരെ ഈമെയില്‍ വഴി പരാതി നല്‍കിയത്. എന്നാല്‍ നാലു ദിവസം പിന്നിട്ടിട്ടും സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് ജല്‍ജിത് ഐ ഇ മലയാളത്തോട് പറഞ്ഞു.

ജൽജിത് അയച്ച പരാതിയുടെ കോപ്പി

‘ഇടപ്പാളിലെ തിയേറ്ററില്‍ നടന്ന സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞിരുന്നതിനാല്‍ പരാതിയുടെ കോപ്പി ബിസിസി ആയി രണ്ടു മാധ്യമപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ക്കും അയച്ചിരുന്നു. അതിലൊരാള്‍ മെയ് 21ന് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ അത്തരത്തില്‍ ഒരു പരാതി കിട്ടിയില്ല എന്നായിരുന്നു പ്രതികരണം. കോപ്പി വച്ചവര്‍ക്ക് കിട്ടിയിട്ടും, പരാതി അയച്ച സര്‍ക്കാര്‍ സംവിധാനത്തിന് ലഭിച്ചില്ല എന്നാണ് പറയുന്നത്. പരാതി അയച്ച് ഇത്രയും നാള്‍ കഴിഞ്ഞിട്ടും ഒരു ഓട്ടോമാറ്റഡ് മറുപടി പോലും എനിക്ക് കിട്ടിയിട്ടില്ല,’ ജല്‍ജിത് പറയുന്നു.

എന്നാല്‍ തങ്ങള്‍ ജല്‍ജിതിനെ ബന്ധപ്പെട്ടിരുന്നുവെന്നും കേസുമായി മുന്നോട്ടു പോകുകയാണെന്നും പരാതിയായല്ല ജല്‍ജിത് മെയില്‍ അയച്ചതെന്നും തിരുവനന്തപുരം സൈബര്‍ പൊലീസ് ഐഇ മലയാളത്തോടു പറഞ്ഞു. അതേസമയം സംഭവത്തെ കുറിച്ചു സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.

ഇതിനു മുമ്പും സോഷ്യല്‍ മീഡിയയിലെ പീഡോഫീലിയയ്‌ക്കെതിരെ ജല്‍ജിത് പ്രതികരിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിലെ കൊച്ചുസുന്ദരികള്‍ എന്ന പേജും, പൂമ്പാറ്റ എന്ന ടെലിഗ്രാം ഗ്രൂപ്പും നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നത് ജല്‍ജിത്തിന്റെ ശ്രമങ്ങളുടെ ഭാഗമായായിരുന്നു. എന്നാല്‍ പൂമ്പാറ്റ ടെലിഗ്രാം ഗ്രൂപ്പ് ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് സൈബര്‍ പൊലീസിനെ ബന്ധപ്പെട്ടപ്പോള്‍ അന്വേഷണം നടക്കുന്നു, അറിയിക്കാമെന്നല്ലാതെ ഇതുവരെ യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നും ജല്‍ജിത് ആരോപിക്കുന്നു.

Read More: ചൈല്‍ഡ് പോണോഗ്രഫി ഗ്രൂപ്പ്: വാദിയെ പ്രതിയാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ജല്‍ജിത്

അതേസമയം സംഭവം വാർത്തയായതിനു പിന്നാലെ, പരാതി രജിസ്റ്റർ ചെയ്തുവെന്നും, കൂടുതൽ വിവരങ്ങൾക്കായി ഫെയ്സ്ബുക്ക് അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചുകൊണ്ട് സൈബർ പൊലീസിൽ നിന്നും മറുപടി ലഭിച്ചതായി ജൽജിത് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ