തിരുവനന്തപുരം: സൈബര്‍ അധിക്ഷേപങ്ങളെ നേരിടാൻ സംസ്ഥാന സർക്കാർ നിയമനിർമാണത്തിനു ഒരുങ്ങുന്നു. സൈബര്‍ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി കേരള പൊലീസ് ആക്‌ടിൽ ഭേദഗതി വരുത്തണമെന്ന് ഡിജിപി സർക്കാരിനു ശുപാർശ നൽകി.

ലൈംഗിക അധിക്ഷേപത്തിനൊപ്പം തെറ്റായ ആക്ഷേപങ്ങളിലൂടെയുള്ള വ്യക്തിഹത്യയും കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമനിർമാണത്തിനാണ് ശുപാർശ. പൊലീസ് ആക്‌ടിൽ സൈബര്‍ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു വകുപ്പ് പോലുമില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് കേരള പൊലീസ് ആക്‌ടിൽ ഭേദഗതി കൊണ്ടുവരാൻ ആലോചിക്കുന്നത്.

Read Also: വിജയ്. പി. നായരുടെ വിവാദ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു

വാക്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചുള്ള ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കും. കൂടാതെ തെറ്റായ കാര്യങ്ങൾ പറഞ്ഞു എഴുതിയും അധിക്ഷേപിക്കുന്നതും സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതും ശിക്ഷാർഹമാക്കിയേക്കും.

സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ ചെയ്‌ത യുട്യൂബർ വിജയ് പി.നായർക്കെതിരെ നേരത്തെ പ്രതിഷേധം നടന്നിരുന്നു. ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറക്കൽ തുടങ്ങിയവരാണ് വിജയ് പി.നായർക്കെതിരെ പരസ്യമായി പ്രതിഷേധിച്ചത്. സംസ്ഥാനത്തെ സെെബർ നിയമങ്ങൾ തങ്ങൾക്ക് സുരക്ഷ നൽകുന്നില്ലെന്നും ഗതികേടുകൊണ്ടാണ് ഇങ്ങനെയൊരു വഴി പ്രയാേഗിച്ചതെന്നും ഭാഗ്യലക്ഷ്‌മി അടക്കമുള്ളവർ ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.