സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തെ സംബന്ധിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സംവിധായകനുമായ ഡോ.ബിജുവിനും നടിയും അധ്യാപികയും എഴുത്തുകാരിയുമായ സജിത മഠത്തിലിനുമെതിരെ സൈബർ ലോകത്തും അല്ലാതെയും നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി സാംസ്കാരികലോകം.

സച്ചിദാനന്ദൻ, കെ.ജി.ശങ്കരപ്പിളള, ടി.വി.ചന്ദ്രൻ, കെ.പി.കുമാരൻ തുടങ്ങി സമൂഹത്തിന്റെ വിവിധ മേകളകളിൽ നിന്നുളള 158 പേരാണ് പ്രസ്താവനയിൽ ഒപ്പിട്ടിട്ടുളളത്.

പ്രസ്താവനയുടെ പൂർണരൂപം:

പ്രശസ്ത ചലച്ചിത്രകാരനും 2017 കേരള സർക്കാർ ചലച്ചിത്ര അവാർഡ് ജൂറി അംഗവും ആയ ഡോ.ബിജുവിനെതിരെയും പ്രശസ്ത നടിയും എഴുത്തുകാരിയും അധ്യാപികയുമായ സജിത മഠത്തിലിനെതിരെയും, സൂപ്പർ താരങ്ങളുടെ ഫാൻസ് അസോസിയേഷൻകാരും പെയ്ഡ് പിആർ ഏജൻസിക്കാരും ആണധികാരപ്രമത്തരും സൈബർ ലോകത്തും അല്ലാതെയും ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കുകയാണ്. അസാമാന്യമായ സർഗാത്മക പ്രതിഭ കൊണ്ടും നിർഭയത്വം കൊണ്ടുമാണ് ഡോ.ബിജു നമുക്കിടയിൽ ഒരാളായിരിക്കെ തന്നെ ശ്രദ്ധേയനുമാകുന്നത്. തന്റെ സിനിമകൾക്കെല്ലാം തന്നെ നിരവധി അന്താരാഷ്ട്ര ദേശീയ പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അനവധി ലോക മേളകളിൽ അദ്ദേഹത്തിന്റെ സിനിമകൾ പ്രദർശിപ്പിക്കുകയും മിക്കതിലും അദ്ദേഹം ക്ഷണിതാവായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെയും മലയാള സിനിമയുടെയും അഭിമാനഭാജനമായ ഡോ.ബിജുവിനെതിരെ വംശീയമായ അധിക്ഷേപങ്ങൾ കോരിച്ചൊരിയപ്പെട്ടതിനെ തുടർന്ന് തന്റെ ഫെയ്സ്‌ബുക്ക് പേജ് തന്നെ അദ്ദേഹത്തിന് അടച്ചിടേണ്ടി വന്നു.

സമാനമായ അനുഭവമാണ് സജിതക്കുമുണ്ടായത്. താര രാജാക്കന്മാരുടെ സ്വകാര്യ വെർച്വൽ പട്ടാളമാണ് അവരുടെ പേജിൽ തെറി കൊണ്ടും അധിക്ഷേപങ്ങൾ കൊണ്ടും ഭീഷണി കൊണ്ടും അക്രമോത്സുകതയും ഭീതിയുടെ അന്തരീക്ഷവും നിറക്കുന്നത്. ഈ പ്രവണതയെ സർവ്വശക്തിയും ഉപയോഗിച്ച് ഞങ്ങൾ അപലപിക്കുന്നു.

നമുക്കിഷ്ടപ്പെട്ടതോ അല്ലാത്തതോ ആവട്ടെ, ഡോ.ബിജുവിനും സജിതക്കും മറ്റുള്ളവർക്കും സ്വന്തം അഭിപ്രായങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ സാധിക്കുന്ന വിധത്തിൽ പക്വതയും പരസ്പര ബഹുമാനവും ഉള്ള ഒരു സമൂഹമായി കേരളത്തെ മാറ്റിയെടുക്കേണ്ടതുണ്ടെന്നാണ് ഞങ്ങളുടെ സുവ്യക്തമായ അഭിപ്രായം.

കെ ജി ശങ്കരപ്പിള്ള, കെ സച്ചിദാനന്ദൻ, എന്‍ എസ് മാധവന്‍, ആനന്ദ്, കുരീപ്പുഴ ശ്രീകുമാർ,എം എന്‍ കാരശ്ശേരി,കെ പി കുമാരൻ ,ടി വി ചന്ദ്രൻ, സിവിക് ചന്ദ്രൻ, സി വി ബാലകൃഷ്ണൻ ,സുനിൽ പി ഇളയിടം ,എസ് ശാരദക്കുട്ടി,ബി എം സുഹറ,ജി പി രാമചന്ദ്രൻ, സണ്ണീ ജോസഫ്, ഗൗരിദാസൻ നായർ.വി കെ ജോസഫ് , സനൽകുമാർ ശശിധരൻ, സുദേവൻ, ദീദി ദാമോദരൻ,വിധു വിൻസന്റ്,ജോളി ചിറയത്ത്, പ്രതാപ് ജോസഫ്,മധുപാൽ ശ്രീബാല കെ മേനോൻ ,അഭിജ ശിവകല, കെ ജി ജയൻ,സഞ്ജു സുരേന്ദ്രൻ, ഡോ മീന പിള്ള സുജ സൂസൻ ജോർജ്ജ്,അൻവർ അലി പി എൻ ഗോപീകൃഷ്ണൻ,ദീപന്‍ ശിവരാമന്‍, എം എ റഹ്മാന്‍,ദീപേഷ് ടി,ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്,പ്രിയനന്ദനന്‍ എം ജെ രാധാകൃഷ്ണന്‍, ഷാഹിന നഫീസ വെങ്കിടേഷ് രാമകൃഷ്ണന്‍, സജിന്‍ ബാബു ,പുരവ് ഗോസ്വാമി,അമുദൻ ഖദീജ മുംതാസ്, സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍, അനീസ് കെ മാപ്പിള ,ശിവജി പണിക്കർ ,ശ്രീകൃഷ്ണൻ കെ പി,എം വി നാരായണൻ സി എസ് വെങ്കിടേശ്വരൻ പ്രകാശ് ബാരെ തുടങ്ങി 158 പേരാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ