കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി അരുണ്‍ വിദ്യാധരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കാസര്‍ഗോഡ് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മേയ് രണ്ടാം തീയതിയാണ് അരുണ്‍ ഹോട്ടലില്‍ മുറിയെടുത്തത്.
രാകേഷ് കുമാര്‍ എന്ന പേരിലായിരുന്നു അരുണ്‍ ഹോട്ടലില്‍ മുറിയെടുത്തത്. അരുണ്‍ മുറിയില്‍ തന്നെയാണ് കൂടുതല്‍ സമയവും ഉണ്ടായിരുന്നതെന്നും ഭക്ഷണം കഴിക്കാന്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നതെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. മുറി തുറക്കാത്ത സ്ഥിതിയിലേക്ക് എത്തിയതോടെയാണ് ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചത്.
ഇതോടെയാണ് പൊലീസ് എത്തി മുറി തുറക്കുകയും അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയതും. വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ് എന്നിവ പരിശോധിച്ചപ്പോഴാണ് അരുണ്‍ ആണെന്ന് തിരിച്ചറിഞ്ഞത്. നാല് ദിവസമായി പൊലീസ് സംഘം അരുണിനായി തിരിച്ചല്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കോന്നല്ലൂര്‍ സ്വദേശിയായ ആതിരയെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ആതിര ജീവനൊടുക്കിയത്. അരുണിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്കാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കോട്ടയം സ്വദേശിയായ അരുണുമായി ആതിര സൗഹൃദം അവസാനിപ്പിച്ചിരുന്നു. ആതിരയ്ക്ക് വിവാഹ ആലോചനകള്‍ നടന്നു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം ആതിരയുടെ ചിത്രങ്ങളും മറ്റും അരുണ്‍ ഫേസ്ബുക്ക് വാളില്‍ നിരന്തരമായി പങ്കുവെച്ചിരുന്നു. ശനിയാഴ്ചയാണ് പെണ്‍കുട്ടി കടുത്തുരുത്തി പൊലീസില്‍ അരുണിനെതിരെ പരാതി നല്‍കിയത്.
- മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918