കൊച്ചി: സാഹിത്യകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ സാറ ജോസഫിനെതിരെ സൈബർ ആക്രമണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിൽ കുറിച്ച കുറിപ്പിന് താഴെയാണ് നൂറ് കണക്കിന് പേർ അധിക്ഷേപം ചൊരിയുന്നത്.

അയ്യപ്പൻ എന്ന പേര് സവർണ്ണ ജാതി വിഭാഗങ്ങളിൽ പെട്ട എമ്പ്രാന്തിരി, പിഷാരടി, നമ്പൂരി, വാരിയർ തുടങ്ങിയവർ ഉപയോഗിക്കാറില്ലെന്ന അർത്ഥത്തിലുളളതാണ് കുറിപ്പ്. മുൻപ് സ്വാമി സന്ദീപാനന്ദഗിരിയും സമാനമായ പ്രസ്താവന നടത്തിയിട്ടുണ്ട്.

സാറ ജോസഫിന്റെ പോസ്റ്റ്

അയ്യപ്പൻ നമ്പൂതിരി ഉണ്ടോ?
അയ്യപ്പ വാരിയർ?
അയ്യപ്പപ്പിഷാരൊടി?
അയ്യപ്പൻ എമ്പ്രാന്തിരി?
അയ്യപ്പ വർമ്മ ?
അയ്യപ്പൻ മൂസ്സ് ?
അയ്യപ്പനേറാടി?
അയ്യപ്പൻ നമ്പ്യാര്?

കന്യാസ്ത്രീ പീഡനക്കേസിൽ എന്ത് നിലപാട് ആണ് സ്വീകരിച്ചത് എന്നതടക്കമുളള ചോദ്യങ്ങളുയർത്തിയാണ് ആക്രമണം. അസഭ്യ വാക്കുകൾക്ക് പുറമെ ഭീഷണികളും കമന്റ് ബോക്സിലുണ്ട്.

കേരളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ സംഘടനയായ “മാനുഷി”യുടെ സ്ഥാപകയാണ് സാറ ജോസഫ്. ഇവർ കൊച്ചിയിൽ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് നേരിട്ടെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ വ്യക്തമായി നിലപാടെടുക്കുകയും മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്നയാളുമാണ് സാറ ജോസഫ്.  എന്നാൽ ഇതെല്ലാം അവഗണിച്ച് നിറത്തെയും പിതൃത്വത്തെയും അടക്കം ചോദ്യം ചെയ്ത് കൊണ്ടാണ് തീവ്ര ഹൈന്ദവ നിലപാടുകാർ സൈബർ ആക്രമണം നടത്തുന്നത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.