തൃശൂർ: കസബ സിനിമയ്ക്കെതിരായ പരാമർശത്തിന്‍റെ പേരിൽ നടി പാർവ്വതിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ നടപടി കൈക്കൊണ്ട് പൊലീസ്. നവമാധ്യമങ്ങളിലൂടെ പാർവ്വതിയെ അപമാനിച്ച തൃശൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി പ്രിന്രോയെയാണ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിലൂടെ നടിക്കെതിരെ പരാമർശം നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. ഇയാളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

സൈബർ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നടിക്കെതിരെ വധഭീഷണി മുഴക്കുക, സ്ത്രീത്വത്തെ അപമാനിക്കുക, വ്യക്തിഹത്യ പോസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിക്കുക, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പാർവ്വതി തനിക്ക് എതിരെ നടന്ന സൈബർ ആക്രമണത്തിനെതിരെ ഡിജിപിക്കും എറണാകുളം റെയ്ഞ്ച് ഐജിക്കും പരാതി നൽകിയത്.

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടന്ന മുഖാമുഖത്തിലാണ് പാർവ്വതി മമ്മൂട്ടി ചിത്രമായ ‘കസബ’ യെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചത്. ചിത്രത്തിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ തന്നെ വേദനിപ്പിച്ചെന്നും, ഇത്തരം നായകത്വം നമുക്ക് വേണ്ടെന്നുമാണ് പാർവ്വതി പറഞ്ഞത്. ഈ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സംഘടിതമായ ആക്രണമാണ് സോഷ്യല്‍ മീഡിയയില്‍ പാർവ്വതിക്ക് നേരിടേണ്ടി വന്നത്.

പാർവ്വതി സംസാരിച്ച ഓപ്പണ്‍ ഫോറത്തിലെ ഭാഗം

പാർവ്വതി മമ്മൂട്ടിയെ ലക്ഷ്യം വച്ചും അപമാനിച്ചുമാണ് സംസാരിച്ചതെന്ന പേരില്‍ അവരെ കൂട്ടമായി സോഷ്യല്‍ മീഡിയയില്‍ ആക്രമിച്ചിരുന്നു. ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തില്‍ എരിവു ചേര്‍ത്ത് അത് ഇന്ത്യയിലെ ഏറ്റവും മികവുറ്റ നടന്മാരില്‍ ഒരാള്‍ക്കെതിരായ വിമര്‍ശനമാക്കി മാറ്റിയതിനും ആടിനെ പട്ടിയാക്കുന്ന ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ചതിനും ആരാധകരോടും നന്ദിയുണ്ടെന്ന് പറഞ്ഞ് പാർവ്വതി തന്നെ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.