തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇത്തരം സന്ദേശങ്ങൾക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മതത്തിന്റെ പേരില്‍ ഐ.ജി.മനോജ് എബ്രഹാമിനെതിരേയും വിശ്വാസത്തിന്റെ പേരില്‍ ഐ.ജി. എസ് ശ്രീജിത്തിനെതിരേയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാനാകാത്തതാണ് എന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് മതമോ വിശ്വാസമോ ഒരിക്കലും തടസ്സമല്ലയെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
മതത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനാകുകയില്ല. നിയമപരമായും കൃത്യമായും ചുമതലകള്‍ നിര്‍വ്വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിര്‍വ്വീര്യരാക്കുന്ന ഇത്തരം പ്രവൃത്തികളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു.