ന്യൂഡൽഹി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിൽ ദേശീയ വനിതാ കമ്മിഷന് ഇടപെട്ടു. അഞ്ചുദിവസത്തിനകം നടപടിയെടുക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശർമ നിര്‍ദേശം നൽകി.
ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കണമെന്ന് കമ്മിഷന് അധ്യക്ഷ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കെതിരെ സെെബർ ആക്രമണം നടത്തിയവരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് വനിത കമ്മിഷനും ഇടപെടുന്നത്.
മുഖ്യമന്ത്രിയുടെ വെെകുന്നേരങ്ങളിലെ പതിവ് വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച ചില മാധ്യമപ്രവർത്തകർക്കും മറ്റ് അവതാരകർക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ ആക്രമണം നടന്നിരുന്നു. മാധ്യമപ്രവർത്തകർ തന്നെ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിനാണ് സെെബർ ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കുന്നത്. സെെബർ ആക്രമണങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കുന്നവയും ഉണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാൽ, പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇതുവരെ നടപടിയെടുക്കാത്തതിൽ മാധ്യമപ്രവർത്തകർ അടക്കം വിമർശനമുന്നയിച്ചിരുന്നു.