scorecardresearch
Latest News

പിഞ്ചുകുഞ്ഞിനെ വില്‍പ്പന നടത്തിയതായി സംശയം; അന്വേഷണത്തിന് ഉത്തരവ്

ഒപ്പം താമസിക്കുന്ന സ്ത്രീയുടെ ആദ്യ വിവാഹത്തിലുണ്ടായ നാലുവയസുള്ള മകന്റെ കൈ ഇതേ ആൾ തല്ലിയൊടിച്ച സംഭവത്തിലും അന്വേഷണം നടത്താന്‍ സി ഡബ്ല്യു സി ഉത്തരവിട്ടു

പിഞ്ചുകുഞ്ഞിനെ വില്‍പ്പന നടത്തിയതായി സംശയം; അന്വേഷണത്തിന് ഉത്തരവ്

പത്തനംതിട്ട: രണ്ടാനച്ഛന്‍ നാലു വയസുകാരനെ മര്‍ദിച്ച് കൈയൊടിച്ചതായും മാസങ്ങള്‍ പ്രായമായ മറ്റൊരു കുട്ടിയെ വില്‍പ്പന നടത്തിയതായും സംശയം. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി ഡബ്ല്യു സി) അന്വഷണത്തിന് ഉത്തരവിട്ടു .

നിയമപരമായി വിവാഹം കഴിച്ച ഭര്‍ത്താവില്‍നിന്ന് വേര്‍പെട്ട് മറ്റൊരാളുമായി താമസിക്കുന്ന അടൂര്‍ക്കാരിക്കു രണ്ടാമതു ജനിച്ച മാസങ്ങള്‍ മാത്രം പ്രായമായ കുട്ടിയെ വില്‍പ്പന നടത്തിയെന്നാണു സംശയം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അടൂര്‍ പൊലീസ് എസ് എച്ച് ഒയോട് സി ഡബ്ല്യു സി പത്തനംതിട്ട ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു.

സ്ത്രീയുടെ ആദ്യ വിവാഹത്തിലുണ്ടായ നാലുവയസുള്ള മകന്റെ കൈ ഇതേയാൾ തല്ലിയൊടിച്ച സംഭവത്തിലും അന്വേഷണം നടത്താന്‍ സി ഡബ്ല്യു സി ഉത്തരവിട്ടു. ഈ കുട്ടിയെ രണ്ടാനച്ഛന്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് കൈയൊടിഞ്ഞതായി സി ഡബ്ല്യു സിക്കു വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇളയ കുട്ടിയെ വളര്‍ത്താനായി കൊല്ലത്തുള്ള സഹോദരിയെ ഏല്‍പ്പിച്ചിരിക്കുകയാണെന്നാണു സ്ത്രീക്കൊപ്പം താമസിക്കുന്ന മറുപടി നല്‍കിയത്. നിയമപരമായി വിവാഹിതരാണോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രണ്ടുപേരോടും പ്രത്യേകമായി ചോദിച്ചപ്പോള്‍ വ്യത്യസ്ത മറുപടികളാണു സി ഡബ്ല്യു സിക്കു ലഭിച്ചത്.

ഇവരെക്കുറിച്ച് താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ് അംഗത്തില്‍നിന്നു വാടകയ്ക്ക് വീട് നല്കിയ ആളില്‍നിന്നും കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സി ഡബ്ല്യു സിക്കു കഴിഞ്ഞില്ല. പരുക്കേറ്റ കുട്ടി കഴിഞ്ഞത് വൃത്തിഹീനവും മതിയായ ഭക്ഷണം കിട്ടാത്തതുമായ സാഹചര്യത്തിലായിരുന്നു.

ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ അടൂര്‍ പൊലീസിനോട് നിര്‍ദേശിച്ചത്. കുട്ടിയെ ഏറ്റെടുത്ത് സ്ഥാപനത്തിലെത്തിക്കാന്‍ ചൈല്‍ഡ് ലൈനിനു നിര്‍ദേശം നല്‍കിയതായും സി ഡബ്ല്യു സി ചെയര്‍മാന്‍ അഡ്വ. എന്‍ രാജീവ് അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cwc orders probe on suspected sale of baby