തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകൾ കസ്റ്റംസ് അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച ശിവശങ്കർ നൽകിയ മൊഴി പരിശോധിക്കുന്നതിന് വേണ്ടിയാണ് ചാർട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തത്.
വര്‍ഷങ്ങളായി ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ നോക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയാണ് തിരുവനന്തപുരം കസ്റ്റംസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാത്രിയാണ് ചോദ്യം ചെയ്തത്.
Also Read: ചെന്നിത്തല കോണ്‍ഗ്രസിലെ ആര്‍എസ്എസിന്റെ സര്‍സംഘചാലക്: കോടിയേരി
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. കൊച്ചിയിലെ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.
സ്വർണക്കടത്തിൽ ശിവശങ്കറിനു നേരിട്ടു ബന്ധമുണ്ടെന്ന തരത്തിൽ അന്വേഷണസംഘത്തിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഗൂഢാലോചന നടത്താൻ ഏതെങ്കിലും തരത്തിൽ ശിവശങ്കർ സഹായിച്ചിട്ടുണ്ടോ എന്ന് എൻഐഎ ഇപ്പോൾ അന്വേഷിക്കുന്നത്. കേസിൽ ശിവശങ്കറിനെ സാക്ഷിയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തെ യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെടാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. സ്വർണക്കടത്ത് പിടികൂടിയ ശേഷം ജൂലൈ ഒന്നു മുതൽ നാലു വരെ പല തവണ ജയഘോഷ് സ്വപ്നയെയും സരിത്തിനെയും ഫോണിൽ വിളിച്ചിരുന്നു. ഇരുവരെയും കോൺസുലേറ്റിൽ നിന്ന് ഒഴിവാക്കി എന്നറിയാവുന്ന ജയഘോഷ് പിന്നീടും ഇവരെ എന്തിന് വിളിച്ചു എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.