കൊച്ചി:കസ്റ്റംസ് ചോദ്യം ചെയ്യലിനു ശേഷം മന്ത്രി കെ.ടി.ജലീൽ മടങ്ങി. യുഎഇ കോൺസുലേറ്റ് വഴി എത്തിച്ച ഖുർആൻ കേരളത്തിൽ വിതരണം ചെയ്ത കേസിലാണ് കസ്റ്റംസ് മന്ത്രിയെ ചോദ്യം ചെയ്തത്. ഖുർആൻ വിതരണത്തിൽ പ്രോട്ടോകോൾ ലംഘനമുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. നികുതിവെട്ടിച്ച് നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്തതിലും വിതരണം ചെയ്തതിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇന്ന് ഉച്ചയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകീട്ടാണ് പൂര്‍ത്തിയായത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. കസ്റ്റംസ് ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ജലീൽ മലപ്പുറത്തേക്ക് തന്നെ മടങ്ങി. ചോദ്യം ചെയ്യലിനു പിന്നാലെ മന്ത്രി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഔദ്യോഗികമായി കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിയെന്ന് പറഞ്ഞ മന്ത്രി താൻ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ആവർത്തിച്ചു. തന്റെ കഴുത്തിൽ കുരുക്ക് മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട.
മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാൻ വിളിച്ചത് കോൺഫിഡൻഷ്യലായതിനാൽ കോൺഫിഡൻഷ്യലായാണ് പോയത്.
ഒരിക്കൽകൂടി ഞാൻ ആവർത്തിക്കുന്നു; ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വർണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയർ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിൻ്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ല. സത്യമേവ ജയതേ. ഈ ഉറപ്പാണ്, എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവർത്തകൻ്റെ എക്കാലത്തുമുള്ള ആത്മബലം.
എൻ്റെ കഴുത്തിൽ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണ്.
ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്. നികുതി ഇളവിലൂടെ കൊണ്ടുവന്ന ഖുർആൻ വിതരണം ചെയ്തത് ചട്ടലംഘനമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ജലീലിനെതിരെ അന്വേഷണം ആരംഭിച്ചത്.
നേരത്തെ എൻഐഎയും ഇഡിയും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് മന്ത്രിയെ അന്വേഷണ ഏജൻസി വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് കൊച്ചിയിൽ കസ്റ്റംസ് ചോദ്യം ചെയ്യൽ .
കോണ്‍സുലേറ്റിന്റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടു. നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാര്‍ നേരിട്ട് ബന്ധപ്പെടാന്‍ പാടില്ലെന്നാണ് ചട്ടം. വിദേശകാര്യമന്ത്രാലയം വഴിയേ ആശയവിനിമയം പാടുള്ളൂ. കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണം. ഇതെല്ലാം ലംഘിക്കപ്പെട്ടു. വിദേശ സംഭാവന നിയന്ത്രണചട്ടങ്ങളുടെ ലംഘനവുമുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നതിന് കൊച്ചിയില്‍ ഹാജരാകാന്‍ ജലീലിന് കസ്റ്റംസ് നോട്ടീസ് നല്‍കിയത്.
Read More: 117 നോട്ട്ഔട്ട്; കമറുദ്ദീൻ അറസ്റ്റിലായ ശേഷവും കേസുകളുടെ എണ്ണം വർധിക്കുന്നു
അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ജലീലിന്റെ നിലപാട്. ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുളളതുകൊണ്ടാണ് ആരെയും കൂസാതെ മുന്നോട്ടുപോകാന്‍ കഴിയുന്നതെന്ന് ജലീൽ നേരത്തെ പറഞ്ഞിരുന്നു. സിപിഎമ്മും ഇടതുമുന്നണിയും ജലീലിനെ പിന്തുണയ്ക്കുന്നു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധങ്ങൾ നടത്തിയെങ്കിലും ജലീൽ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി അടക്കമുള്ളവരുടെ നിലപാട്.